ADVERTISEMENT

കോട്ടയം ∙ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന ഒരു കോവിഡ് രോഗിക്ക് ആശുപത്രിയിലെ സൗകര്യങ്ങൾക്കു പുറമേ സർക്കാരിനു ചെലവ് വരിക 2 ലക്ഷം രൂപ വരെ. വാർഡിൽ കഴിയുന്ന രോഗിക്ക് ചികിത്സകൾക്കായി ഒരു ലക്ഷം രൂപ വരെയും ചെലവു വരുന്നുണ്ട്. സ്വകാര്യ ആശുപത്രികളിൽ 15 മുതൽ 20 ലക്ഷം വരെ ചെലവു വരുന്ന ചികിത്സകളാണ് സൗജന്യമായി ആരോഗ്യവകുപ്പ് ലഭ്യമാക്കുന്നത്.

രോഗിയുടെ സാംപിൾ പരിശോധന, സുരക്ഷാ വേഷങ്ങൾക്കുള്ള തുക എന്നിവയാണ് ചെലവ് ഉയരാൻ കാരണമാകുന്നത്. രോഗിക്കുള്ള ഭക്ഷണം ഉൾപ്പെടെ സ്റ്റേഷനറി സാധനങ്ങൾ വരെ ആരോഗ്യവകുപ്പാണ് ലഭ്യമാക്കുന്നത്. തീവ്രപരിചരണ വിഭാഗത്തിലും മുറികളിലും ചികിത്സയിൽ കഴിയുന്നവർക്കുള്ള പരിശോധനാ ഉപകരണങ്ങൾ വരെ പ്രത്യേകം വാങ്ങി ഉപയോഗിക്കുകയാണ്.

ഐസിയുവിൽ രോഗിക്ക് വരുന്ന ചെലവുകൾ

∙പരിശോധന– 32,000 രൂപ വരെ (രോഗം സ്ഥിരീകരിക്കുന്ന രക്ത, സ്രവ സാംപിളുകൾ ഒരു പരിശോധനയ്ക്ക് വേണ്ടി വരിക 4000 രൂപയാണ്. ഒരു രോഗിക്ക് 8 പരിശോധന വരെ ആവശ്യമായി വരുന്നു.)
∙പഴ്സനൽ പ്രൊട്ടക്‌ഷൻ എക്വിപ്മെന്റ് (പിപിഇ)– 1,20,000. (രോഗിയെ ചികിത്സിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഡോക്ടർമാരും നഴ്സുമാരും ശുചീകരണ ജീവനക്കാരും ശരീരം മുഴുവൻ മൂടുന്ന വ്യക്തിഗത സുരക്ഷാ കവചമാണ് (പിപിഇ) ധരിക്കുന്നത്. 4 മണിക്കൂർ ഡ്യൂട്ടിക്ക് ഒരു പിപിഇ യൂണിറ്റ് വീതം ഉപയോഗിക്കേണ്ടി വരുന്നു. ഒരു ദിവസം 10 പിപിഇ കിറ്റുകൾ വരെയാണ് ഒരു രോഗിക്കു വേണ്ടി ഉപയോഗിക്കേണ്ടി വരുന്നത്. ഇതിന് ഒരെണ്ണത്തിന് 600 രൂപ ശരാശരി വിലയാകുന്നുണ്ട്.)

∙ മരുന്നുകൾ, പരിശോധന– പതിനായിരത്തിലധികം (ആശുപത്രിയിൽ ലഭ്യമല്ലാത്ത മരുന്നുകൾ, പരിശോധനകൾ എന്നിവ നടത്തേണ്ടി വരുന്നതിന്റെ തുക)
∙ ഓരോ രോഗിക്കും ഉപയോഗിക്കേണ്ടി വരുന്ന മെഡിക്കൽ, സ്റ്റേഷനറി സാമഗ്രികൾ – പതിനായിരത്തിലധികം(പിപി അപ്പാരറ്റസ്, സ്റ്റെതസ്കോപ്പ്, പൾസ് ഓക്സോ മീറ്റർ, രോഗിക്ക് ആവശ്യമായ മറ്റു സാധനങ്ങൾ).
∙ഭക്ഷണം – എഴുപതിനായിരത്തിലധികം(തീവപ്രരിചരണവിഭാഗം, ഐസലേഷൻ വാർഡ് തുടങ്ങി ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്ന എല്ലാവർക്കും ആരോഗ്യവകുപ്പിന്റെ ചെലവിലാണ് ഭക്ഷണം ലഭ്യമാക്കുന്നത്).

25 ലക്ഷം ആവശ്യപ്പെട്ട്  കത്ത് നൽകി

കോട്ടയം ∙ കോവിഡ് രോഗത്തെ നേരിടുന്നതിന് ജില്ലാ ആരോഗ്യവകുപ്പ് അടുത്ത 3 മാസത്തേക്കു വേണ്ടി 25 ലക്ഷം രൂപ ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടു കത്ത് നൽകി. പിപിഇ യൂണിറ്റ്, സാനിറ്റൈസർ, ബോധവൽക്കരണ പരിപാടികൾ തുടങ്ങിയവയ്ക്കു  വേണ്ടിയാണ് തുക. ഒരു വർഷത്തേക്ക് ലഭ്യമാക്കിയ മാസ്ക്, സാനിറ്റൈസർ, പിപിഇ യൂണിറ്റ് എന്നിവ തീർന്നു കഴിഞ്ഞു.സാനിറ്റൈസറിന്റെയും മാസ്കുകളുടെയും ലഭ്യത കുറഞ്ഞതോടെ ഇവ രണ്ടും കോട്ടയം ജനറൽ ആശുപത്രിയിൽ നിർമിച്ചു തുടങ്ങിയിട്ടുണ്ടെന്നും ദേശീയ ആരോഗ്യ ദൗത്യം പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ അറിയിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com