ADVERTISEMENT

കോട്ടയം ∙ ബിനോയിയുടെ മൊബൈൽ ഫോൺ സ്ക്രീനിൽ കൊച്ചുമക്കളെ കണ്ടപ്പോൾ ഏലിയാമ്മയ്ക്ക് ആശ്വാസം. എല്ലാവർക്കും സുഖമാണോ എന്ന ചോദ്യത്തിനൊപ്പം ജോർദാനെന്തിയേയെന്ന് ഏലിയാമ്മ. ബിനോയിയുടെ മൂന്നാമത്തെ മകനാണ് ഒന്നര വയസ്സുകാരൻ ജോർദാൻ. നീണ്ടൂർ കോട്ടൂരിലെ വീടാണിത്. ഏലിയാമ്മയുടെ മകൻ ബിനോയിയും ഭാര്യ സിനിയും മക്കളും ഇറ്റലിയിലെ റോമിലാണ്. ദിവസവും രാവിലെയും വൈകിട്ടും ബിനോയിയുടെ സഹോദരൻ ബിജുവിന്റെ മൊബൈലിലൂടെ വിഡിയോ കോൾ വഴി കുടുംബാംഗങ്ങൾ കാണും, സംസാരിക്കും, സുരക്ഷിതരെന്ന് ഉറപ്പു വരുത്തും.

3 ലക്ഷത്തോളം പ്രവാസികളുള്ള ജില്ലയിലെ മിക്ക വീടുകളിലെയും സ്ഥിതി ഇതാണ്. കോവിഡ് ലോകമാകെ പടരുമ്പോൾ കോട്ടയത്തുകാരുടെ മനസ്സിൽ തീയാണ്. ചില കുടുംബങ്ങളിൽ മക്കളെല്ലാം വിദേശത്താണ്. മറ്റു ചില വീടുകളിൽ മാതാപിതാക്കൾ വിദേശത്തും മക്കൾ നാട്ടിലും. 17 വിദേശ രാജ്യങ്ങളിലായി കാൽ ലക്ഷത്തോളം വിദ്യാർഥികൾ പഠിക്കുന്നു. ഇറ്റലി, യുഎസ്, കാനഡ, യുകെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ കോട്ടയത്തുകാർ ഏറെയുണ്ട്. പ്രവാസികളിൽ ഭൂരിപക്ഷവും ആരോഗ്യ മേഖലയിലാണ് ജോലി ചെയ്യുന്നത്. ഗൾഫിലും ഒരു വിഭാഗം പ്രവാസികളുണ്ട്. കാനഡ, യൂറോപ്പ്, ഉക്രൈൻ, അസർബൈജാൻ രാജ്യങ്ങളിലാണ് വിദ്യാർഥികൾ.

വിദേശത്തു നിന്നെന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോകൾ ആരുടെയും ആധി കൂട്ടുന്നതാണ്. പല രാജ്യങ്ങളിലും മലയാളികൾക്ക് ആശുപത്രി ചികിത്സ ലഭിക്കുന്നില്ല. പല കുടുംബങ്ങളും മാനസിക സമ്മർദ്ദത്തിലാണെന്നു കോട്ടയം അതിരൂപത വികാരി ജനറൽ ഫാ. മൈക്കിൾ വെട്ടിക്കാട്ട് . അതിരൂപതയുടെ കീഴിലെ ഇടവകകൾ വഴി വിദേശ രാജ്യങ്ങളിലുളളവരുടെ വീടുകളിൽ കൗൺസലിങ് നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 33 ദിവസമായി വീട്ടിൽ ഒറ്റയ്ക്കാണെന്ന് ഇറ്റലിയിലുള്ള, കൈപ്പുഴ സ്വദേശി കെ.ടി. ജേക്കബ്. ഭാര്യ ജോലി സ്ഥലത്താണ്. അവിടെ നിന്നു പുറത്തിറങ്ങാനാവില്ല. മക്കൾ നാട്ടിലാണ്. ഭക്ഷണവും മരുന്നും കിട്ടും. പുറത്തിറങ്ങിയാൽ കർശന നടപടിയാണെന്നും ജേക്കബ് പറഞ്ഞു.

രോഗം പടരുന്നതിൽ ഭീതിയുണ്ട്, എന്നാൽ അമേരിക്ക ഈ പ്രതിസന്ധി മറികടക്കുമെന്ന് ഷിക്കാഗോയിലുള്ള ജോസ് കണിയാലി. ഭക്ഷണത്തിനും ചികിത്സയ്ക്കും ബുദ്ധിമുട്ടില്ല. നാട്ടിലേക്ക് വരാൻ ഒരുങ്ങുമ്പോഴാണ് കോവിഡ്. ഇവിടെ വിവാഹ സമയമാണ്. ഒന്നര വർഷത്തെ ഒരുക്കം നടത്തിയാണ് വിവാഹം നടത്തുക– ജോസ് പറഞ്ഞു. ഏറ്റുമാനൂർ സ്വദേശി ജോസ് വർഷങ്ങളായി ഷിക്കാഗോയിലാണ്. യുകെയിലെ മലയാളികൾ ആശങ്കയിലാണെന്നു ഷൈമോൻ തോട്ടുങ്കൽ. കൂടുതൽ പേരും ആരോഗ്യ രംഗത്താണ് പ്രവർത്തിക്കുന്നതെന്നതും ആശങ്ക കൂട്ടുന്നു. ലോക് ഡൗണിൽ കുടുങ്ങിയത് വിദ്യാർഥികളാണെന്നു വിദേശ വിദ്യാഭ്യാസ രംഗത്തു പ്രവർത്തിക്കുന്ന സാന്റ മോണിക്ക സ്റ്റഡി എബ്രോഡ് മാനേജിങ് ഡയറക്ടർ ഡെന്നി വട്ടക്കുന്നേൽ പറഞ്ഞു. പാർട് ടൈം ജോലി ചെയ്താണ് പലരും ജീവിച്ചിരുന്നത്. ലോക് ഡൗൺ മൂലം അതും മുടങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com