ADVERTISEMENT

കോട്ടയം ∙ ഡോക്ടർമാരും നഴ്സുമാരും സാധാരണ അണിയുന്ന വസ്ത്രങ്ങൾക്ക് നല്ല വെൺമയാണ്. പക്ഷേ, കോവിഡ് രോഗികളെ പരിചരിക്കുമ്പോൾ അണിയുന്ന വ്യക്തിഗത സുരക്ഷാ വസ്ത്രങ്ങൾ (പിപിഇ) അത്ര സുന്ദരമല്ല.സുരക്ഷാവസ്ത്രങ്ങൾ ധരിച്ച് വാർഡിൽ എത്തിയാൽ 4 മണിക്കൂറാണ് ഡ്യൂട്ടി. ഈ സമയത്ത് വെള്ളം കുടിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനുമൊന്നും സാധിക്കില്ല.ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഉള്ള ആളുകൾ ഉള്ളതിനാൽ വാർഡിലും മറ്റും എയർ കണ്ടിഷൻ ഉപയോഗിക്കാനാവില്ല.പിപിഇ ധരിച്ചെത്തിയാൽ കടുത്ത ചൂടാണ്. എൻ 95 മാസ്ക് ഏറെ അമർന്ന് ഇരിക്കുന്ന വിധത്തിലായിരിക്കും. ചിലപ്പോഴൊക്കെ ശ്വാസമെടുക്കാൻ പോലും ബുദ്ധിമുട്ട് അനുഭവപ്പെടും. ചൂടു  മൂലം കണ്ണടയിൽ ഈർപ്പം നിറഞ്ഞ് കാഴ്ച മറയും.

ശരീരം മുഴുവൻ മറയ്ക്കുന്ന കവചമാണ് പിപിഇ. പ്രത്യേകം ഒരുക്കിയ മുറിയിൽ വച്ചാണ് ധരിക്കുന്നത്. പിപിഇ ധരിക്കുന്നതും അഴിക്കുന്നതുമെല്ലാം പ്രത്യേക പ്രോട്ടോകോൾ പ്രകാരമാണ്. ഇവ കൃത്യമായി ധരിക്കുന്നതിനു മാത്രം അരമണിക്കൂറിലേറെ വേണം. തിയറ്ററിൽ ഉപയോഗിക്കുന്ന വേഷമാണ് ഏറ്റവും ഉള്ളിൽ ധരിക്കുന്നത്. സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കുന്നതാണ് അടുത്ത നടപടി. തുടർന്ന് ഷൂ കവർ ധരിക്കും. പിന്നീട് കൈകളിൽ ഗ്ലൗസ് ധരിക്കും. ഇതിനു ശേഷം വീണ്ടും കൈകൾ അണുവിമുക്തമാക്കും. ഗൗൺ ധരിക്കുന്നതാണ് അടുത്ത പടി. വീണ്ടും കൈകൾ അണുവിമുക്തമാക്കണം. ഇതിനു ശേഷം എൻ 95 മാസ്ക്, സുരക്ഷാ കണ്ണട എന്നിവ ധരിക്കും. കൈകൾ വീണ്ടും അണുവിമുക്തമാക്കിയ ശേഷം ഒരു ഗ്ലൗസ് കൂടി ധരിക്കും.

സഹപ്രവർത്തകരുടെ സഹായത്തിലും കണ്ണാടിക്കു മുന്നിലുമായി അവസാനഘട്ട പരിശോധന നടത്തും. ഇതിനു ശേഷം മാത്രമാണു വാർഡുകളിൽ ഡ്യൂട്ടിക്ക് പോകുന്നത്. 4 മണിക്കൂർ ഡ്യൂട്ടിക്ക് ശേഷം പിപിഇ അഴിക്കാനും അരമണിക്കൂറിലേറെ സമയം വേണം.അദ്യം ഗ്ലൗസ് അഴിച്ചുമാറ്റും. തുടർന്ന് കൈകളിൽ അണുനശീകരണം നടത്തിയശേഷം കണ്ണട മാറ്റും. തുടർന്ന് ഗൗൺ തലവഴി അഴിച്ചെടുക്കുന്നു. ‌ഗൗണിന്റെ പുറംഭാഗം ശരീരത്തിൽ തട്ടാത്തവിധത്തിൽ പുറത്തേക്കു മടക്കിയാണ് അഴിച്ചെടുക്കേണ്ടത്.ഇതിനുശേഷം ഷൂ കവർ അഴിക്കും. ഇതും കൈ ഉള്ളിലേക്ക് ഇട്ട് സുരക്ഷിതമായാണ് ചെയ്യേണ്ടത്. അഴിച്ച് മാറ്റിയ ശേഷം വീണ്ടും കൈ സാനിറ്റൈസർ ഉപയോഗിക്കും. ഏറ്റവുമൊടുവിലായി ആദ്യം ധരിച്ച ഗ്ലൗസും അഴിക്കും. കൈകൾ ശുചിയാക്കി തിയറ്റർ ഗൗൺ അഴിച്ച് കുളിച്ച ശേഷം മാത്രമാണ് പ്രത്യേകം ക്രമീകരിച്ച മുറിയിൽ നിന്നു പുറത്തിറങ്ങുന്നത്.

അവിടെയും ‌കരുതലും കരുത്തുമായി നാം 

വിദേശത്തെ ആരോഗ്യ പരിചരണത്തിലും കോട്ടയം മുന്നിൽ.ഗൾഫ്, യൂറോപ്യൻ രാജ്യങ്ങളിൽ ജില്ലയിൽനിന്നുള്ള ആരോഗ്യ പ്രവർത്തകർ ധാരാളമുണ്ട്.2,580 ഡോക്ടർമാരും 27,250 നഴ്സുമാരും വിദേശ രാജ്യങ്ങളിൽ ജോലി നോക്കുന്നെന്നാണ് ഔദ്യോഗിക കണക്കുകൾ. ഇന്ത്യയിലെ മറ്റു  സംസ്ഥാനങ്ങളിലും കോട്ടയം സ്വദേശികളായ നഴ്സുമാർ ജോലി ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com