ADVERTISEMENT

ഓർമ വച്ച നാൾ മുതൽ പുതുപ്പള്ളി പെരുന്നാളിൽ പങ്കെടുക്കാതിരുന്നിട്ടില്ല. മതമൈത്രിയുടെ കൂടി ആഘോഷമാണ് പുതുപ്പള്ളി പെരുന്നാൾ. ദേശത്തെ ബന്ധുമിത്രാദികളെല്ലാം ഈ ദിവസങ്ങളിൽ പുതുപ്പള്ളിയിൽ എത്തുമെന്നതു തന്നെ എത്ര മനോഹരമായ കാര്യമാണ്. പഴയ ആളുകളെയെല്ലാം കാണാൻ പറ്റുന്നത് പെരുന്നാളിനാണ്. കുട്ടിക്കാലത്ത് സ്കൂൾ അവധി കൂടി ആയതിനാൽ പെരുന്നാൾ കാലത്ത് മുഴുവൻ സമയവും ഞങ്ങൾ പള്ളിപ്പറമ്പിൽ ഉണ്ടാകുമായിരുന്നു. താൽക്കാലിക കടകൾ കെട്ടിയ കച്ചവടക്കാരും കാർഷിക ഉൽപന്നങ്ങളുടെ വ്യാപാരികളും ഒക്കെ അന്നത്തെ കാഴ്ച ആയിരുന്നു.  

പെരുന്നാൾക്കാലത്തെ സൈക്കിൾ ചവിട്ടൽ പ്രധാന വിനോദമായിരുന്നു. ബന്ധുക്കളായ കുട്ടികളെല്ലാം വീട്ടിലെത്തും. എന്റെ വീട്ടിലും ഒരു സൈക്കിൾ ഉണ്ടായിരുന്നു.  ഈ സൈക്കിളിൽ ഞങ്ങളെല്ലാം പള്ളിപ്പറമ്പിൽ ചുറ്റിക്കറങ്ങും. ഒരു തവണ ഉച്ചയ്ക്ക് കൂട്ടുകാരെയും കൂട്ടി സൈക്കിളിൽ കയറാൻ എത്തുമ്പോൾ ടയറിൽ കാറ്റില്ല. വീട്ടിലുള്ള പമ്പ് ഉപയോഗിച്ചു കാറ്റു നിറയ്ക്കാൻ ശ്രമം തുടങ്ങി.

ശക്തമായി വലിച്ചപ്പോൾ സൈക്കിൾ പമ്പിന്റെ മുകൾ ഭാഗം ഊരിപ്പോയി. ഇതു ശ്രദ്ധിക്കാതെ ധൃതിയിൽ വീണ്ടും പമ്പ് പ്രവർത്തിക്കാൻ ശ്രമിച്ചതോടെ ഒരു വിരലിലെ നഖം സഹിതം പമ്പിന്റെ അകത്തായി. അന്നത്തെ എന്റെ കരച്ചിൽ കേട്ടു ബന്ധുക്കളെല്ലാം ഓടിയെത്തി. ആശുപത്രിയിൽ പോയി മുറിവു തുന്നിക്കെട്ടി.  അന്നു മുതൽ ആ വിരലിലെ നഖം ചതഞ്ഞ് പ്രത്യേക രീതിയിലാണ് ഇപ്പോഴും വളരുന്നത്. 

ഇതൊക്കെ എന്റെ ഓർമകൾ. ഇതുപോലെ നൂറായിരം ഓർമകളാണ് ഓരോ പുതുപ്പള്ളിക്കാരനും പുതുപ്പള്ളി പെരുന്നാളിനെക്കുറിച്ച് ഉണ്ടാവുക.പുതുപ്പള്ളി പെരുന്നാൾ എന്നാൽ കാത്തിരിപ്പിന്റെ ഒരു പ്രത്യേക സുഖം കൂടിയാണ്. ലോകനന്മയ്ക്കായി പ്രാർഥിച്ച് അടുത്ത പെരുന്നാൾ കാലത്തിനായി കാത്തിരിക്കാം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com