ADVERTISEMENT

കോട്ടയം ∙ ഓൺലൈനിൽ ആദ്യ ബെൽ അടിച്ചു. ഇതുവരെ കാണാത്ത അധ്യയന ലോകത്തേക്കു കുട്ടികളും അധ്യാപകരും രക്ഷിതാക്കളും... പേരു വിളിയും പ്രസന്റ് സാർ കോറസും ഇല്ലാതെ ക്ലാസുകൾക്കു തുടക്കം. ജില്ലയിൽ വിക്ടേഴ്സ് ചാനൽ വഴിയുള്ള ക്ലാസിൽ ആദ്യ ദിനം 80 ശതമാനത്തോളം വിദ്യാർഥികൾ പങ്കെടുത്തെന്നു വിദ്യാഭ്യാസ വകുപ്പ്. 

പ്രസന്റ് സർ 

∙ പലർക്കും രസകരമായിരുന്നു ഓൺലൈൻ ക്ലാസ്. ആട്ടവും പാട്ടും പ്രാർഥനയും വരെ നടന്നു. 

∙ വ്യാപകമായി ഓൺലൈൻ ക്ലാസുകൾ നടന്നു.

∙ ചില സ്കൂളുകൾ സമൂഹ മാധ്യമങ്ങളിൽ ഗ്രൂപ്പുകളിൽ കുട്ടികളെ ചേർത്തു.

∙ പ്രവേശനോത്സവങ്ങൾ നടത്തി. കുട്ടികൾ വന്നില്ല. പ്രധാനാധ്യാപകരുടെ സന്ദേശം വിഡിയോ ആക്കി പല സ്കൂളുകളും വാട്സാപ് വഴി നൽകി.

∙ ഒരിടത്തു പ്രവേശനോത്സവം ഇങ്ങനെ. 5–ാം ക്ലാസിൽ ചേർന്നവർ രാവിലെ മുതൽ ഉച്ച വരെ പാട്ടും നൃത്തവും ഓൺലൈനിൽ. 

∙ പാമ്പാടിയിൽ ഒരു സ്കൂളിൽ സൂം ആപ്ലിക്കേഷൻ ഉപയോഗിച്ചു പ്രിൻ‌സിപ്പലിന്റെ സന്ദേശവും പ്രാർഥനാ ഗീതവും. തുടർന്ന് ഓൺലൈൻ പഠനം.

∙ കോട്ടയത്തു ചില സ്കൂളുകൾ സ്വന്തം യൂട്യൂബ് ചാനൽ വഴി സന്ദേശങ്ങളും പാഠഭാഗങ്ങളും അപ്‌ലോഡ് ചെയ്തു.

∙ തൃക്കൊടിത്താനം വിബി യുപി സ്കൂൾ അധികൃതർ ഒന്നാം ക്ലാസ് വിദ്യാർഥികളുടെ വീടുകളിൽ എത്തി സോപ്പും മാസ്കും നോട്ട് ബുക്കും ബാഗും അടങ്ങിയ സമ്മാനപ്പൊതി നൽകി.

ആബ്സന്റ് സർ

∙ ഇതൊക്കെ ഉഴപ്പൻമാരുടെ കാര്യം. അധികൃതരാണ് ഉഴപ്പിയത്.

∙ ചില സ്ഥലങ്ങളിൽ വിക്ടേഴ്സ് ചാനൽ ലഭിച്ചില്ല.

∙ ഇന്റർനെറ്റും ടിവിയും ഇല്ലാത്ത ഏറെ സ്ഥലങ്ങൾ

∙ വൈദ്യുതി തടസ്സം മൂലം 600ൽ പരം വീടുകളിൽ കുട്ടികൾക്കു ക്ലാസിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. ജില്ലയിലെ 51 സെക്‌ഷൻ ഓഫിസുകളിലെ വീടുകളിലാണു വൈദ്യുതി തടസ്സപ്പെട്ടതായി പരാതി ലഭിച്ചത്.

കുട്ടികൾ പറയുന്നു

∙ ഇനി അമ്മ ടിവി നിർത്തി പോയി പഠിക്കാൻ പറയില്ല. –എസ്.അദ്വൈത് കൃഷ്ണ, മൂന്നാം ക്ലാസ്, മറ്റക്കര ഗവ. എൽപി സ്കൂൾ.

∙ രാവിലെ ഓൺലൈൻ ക്ലാസിനെക്കുറിച്ച് ആശങ്ക ഉണ്ടായിരുന്നു. പക്ഷേ, വിനീത ടീച്ചർ മലയാളം കവിതയുടെ നാലു വരികളുമായി പഠിപ്പിക്കാ‍ൻ തുടങ്ങിയതോടെ ക്ലാസിനോട് ഇഷ്ടം കൂടി. – ദേവിക അനിൽ, ഒൻപതാം ക്ലാസ്, പിവിഎസ് ഗവ. എച്ച്എസ്എസ്, പാമ്പാടി.

∙ വളരെ രസകരമായി തോന്നി ക്ലാസ്. അധ്യാപകർ നോട്ടുകളും സ്ലൈഡുകളും നേരത്തേ അയച്ചു തന്നതിനാൽ ക്ലാസ് എടുക്കുമ്പോൾ കൂടുതൽ മനസ്സിലാക്കി പോകാൻ സാധിക്കുന്നു. –ആശിഷ് വി.അനിൽ, പത്താം ക്ലാസ്, ക്രോസ് റോഡ്സ് എച്ച്എസ്എസ്, പാമ്പാടി.

അധ്യാപിക പറയുന്നു 

∙ അപ്രതീക്ഷിതമല്ല ഇത്തരം അധ്യയന വർഷാരംഭം. ഓൺലൈൻ ക്ലാസുകൾക്കുള്ള ഒരുക്കം നേരത്തേ തുടങ്ങിയിരുന്നു. ആദ്യ ദിനത്തിലെ ക്ലാസ് വിജയമായി. പുതിയ രീതി ആയതു കൊണ്ടു ചെറിയ ആശയക്കുഴപ്പം മാത്രം. കുട്ടികളെ നേരിട്ടു കാണാത്തതിൽ വിഷമം ഉണ്ട്. എന്നാൽ പുതുവഴിയിലൂടെ ജോലിയിൽ സജീവമായി.–എം.സിതാര, അധ്യാപിക, ഗവ. യുപി സ്കൂൾ, മണ്ണയ്ക്കനാട്.

വിപണി സ്മാർട്ടായി 

∙ സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസുകൾ തുടങ്ങിയതോടെ സ്മാർട് ഫോൺ, ലാപ്ടോപ് വിപണിയിൽ ഉണർവ്. മൂന്നിരട്ടി വിൽപനയാണ് ഒരാഴ്ചയ്ക്കിടെ നടന്നതെന്നു പ്രമുഖ വിൽപന ശാലകൾ പറയുന്നു. സ്മാർട് ഫോൺ, ടാബ്‌ലറ്റ് എന്നിവയ്ക്കാണു കൂടുതൽ ആവശ്യക്കാർ. 10,000 രൂപയിൽ താഴെയുള്ള സ്മാർട് ഫോൺ തേടിയാണു കൂടുതൽ പേരും എത്തിയത്. വൈഫൈ റൗട്ടറുകൾക്കും ആവശ്യക്കാരേറെ.

ഇവ ‘ബ്ലാക് സ്പോട്ടുകൾ’

∙ കോവിഡ് വന്നപ്പോൾ പല സ്ഥലവും ഹോട്‌സ്പോട്ടായി. എന്നാൽ വൈദ്യുതിയും ഇന്റർനെറ്റും ടിവിയും ഇല്ലാത്ത ഈ ‘ബ്ലാക് സ്പോട്ടുകൾ’ ആരു ചികിത്സിക്കും?

∙ ഏറ്റുമാനൂർ നഗരസഭ, അതിരമ്പുഴ പഞ്ചായത്ത്, നീണ്ടൂർ പഞ്ചായത്ത് എന്നിവിടങ്ങളിലെ കോളനികൾ.

∙ മാഞ്ഞൂർ പഞ്ചായത്തിലെ ചാമക്കാല കോളനിക്കു സമീപം ചിറയിൽ പാടത്തെ വീടുകൾ.

∙ തീക്കോയി പഞ്ചായത്തിലെ മാവടി, വേലത്തുശേരി പ്രദേശങ്ങൾ.

∙ കോരുത്തോട്, മുണ്ടക്കയം, കൂട്ടിക്കൽ, ഇടുക്കി ജില്ലയിലെ കൊക്കയാർ, പെരുവന്താനം പഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ 19 കുട്ടികൾ. 

∙ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ഉപജില്ലയിലെ 601 വിദ്യാർഥികൾ.

വൈദ്യുതി പോയോ, ഉടൻ വിളിക്കൂ

1912 (ടോൾ ഫ്രീ),  0471 2555544 (പ്രശ്നം ഉടൻ തീർക്കാനാണു കെഎസ്ഇബിക്ക് നിർദേശം).

''ഇന്നു കണക്കെടുപ്പ് കൂടുതൽ കാര്യക്ഷമമാക്കി ക്ലാസുകൾ കാണാൻ സാധിക്കാത്ത എല്ലാ കുട്ടികൾക്കും സൗകര്യം ഒരുക്കും.-വി.ആർ.ഷൈല, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com