ADVERTISEMENT

കോട്ടയം ∙ മുഹമ്മദ് സാലിയുടെ വീടുമായി ബന്ധപ്പെട്ടവരെയും പൊലീസ് അന്വേഷിക്കുന്നു. വീട്ടിൽ നിന്നു മറ്റെന്തെങ്കിലും മോഷണം പോയോ എന്നു തിട്ടപ്പെടുത്താനായി‌ട്ടില്ല. അന്വേഷണം തുടങ്ങിയപ്പോഴേക്കും രാത്രിയായതിനാൽ പൊലീസ് വീട് സീൽ ചെയ്തു. ഇന്നു സയന്റിഫിക് അധികൃതരും ഫൊറൻസിക് സംഘവും ഡോഗ് സ്ക്വാഡും പരിശോധന നടത്തും.ഡിവൈഎസ്പി ആർ.ശ്രീകുമാർ, കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ എം.ജെ.അരുൺ, എസ്ഐ ടി.ശ്രീജിത് എന്നിവർ അടങ്ങുന്ന സംഘത്തിനാണ് അന്വേഷണ ചുമതല.

മുഹമ്മദ് സാലിയാകാം ആദ്യം ആക്രമിക്കപ്പെട്ടതെന്നു പൊലീസ് സംശയിക്കുന്നു. വീടിന്റെ മുൻവാതിലിനോടു ചേർന്നു തന്നെയാണു ഷീബയുടെ മൃതദേഹം കണ്ടത്. വാതിൽ തുറന്നയുടൻ അക്രമികൾ 2 പേരെയും കീഴ്പ്പെടുത്തിയിരിക്കാമെന്നു പൊലീസ് പറയുന്നു.വീടിനുള്ളിലെ കസേരയും ടീപോയും തകർത്തിരുന്നു. അലമാര കുത്തിത്തുറക്കാൻ ശ്രമം നടത്തി. സാധനങ്ങൾ വലിച്ചു പുറത്തിട്ട നിലയിലാണ്. ഇരുവരുടെയും തലയ്ക്കുള്ള പരുക്ക് ടീപോയ് കൊണ്ട് അടിച്ചതാകാമെന്നാണു പൊലീസ് കരുതുന്നത്.

ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തിട്ടില്ല.ഇവരുടെ കൈയും കാലും കെട്ടിയിരുന്നു. രണ്ടു പേരുടെയും കൈകൾ കൂട്ടിക്കെട്ടിയ നിലയിലാണ്. അടുക്കളയിൽ നിന്നു പാചക വാതക സിലിണ്ടർ എടുത്തു മുറിയിൽ തുറന്നു വച്ചിരുന്നു. ഇവരുടെ വീടിനു പിന്നിലാണു ഷീബയുടെ സഹോദരന്റെ വീട്. ഈ വീട് വാടകയ്ക്ക് എടുക്കാനെത്തിയ യുവാക്കളാണു ഗ്യാസിന്റെ മണം തിരിച്ചറിഞ്ഞത്. സാലിയുടെ മസ്കത്തിലുള്ള മകൾ ഷാനി ഉച്ച മുതൽ വിളിച്ചിട്ടു മാതാപിതാക്കളെ ഫോണിൽ കിട്ടിയിരുന്നില്ല.  സാലിയുടെ സഹോദരൻ ഇക്ബാലിനോട് ഷാനി ഇക്കാര്യം വിളിച്ചു പറഞ്ഞിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com