ADVERTISEMENT

താഴത്തങ്ങാടി ∙ പാറപ്പാടം കൊലപാതകത്തിൽ ആദ്യ തെളിവിനായി പൊലീസ് ആശ്രയിക്കുന്നത് സാലിയുടെ കാർ. 2007 മോഡൽ വാഗൺആർ കാറാണ് പ്രതി ഓടിച്ചു കൊണ്ടുപോയത്. ഈ കാർ എവിടെയെങ്കിലും ഉപേക്ഷിച്ചോ, അതോ ദൂരേക്കു കടത്തിയോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. കാർ പോയ വഴികളിലെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചു.

വൈക്കം വരെ എത്തുന്നതായി ദൃശ്യങ്ങളിൽ വ്യക്തമാണ്. പിന്നീട് എവിടേക്കു പോയി എന്നതു സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല.കാറുമായി എറണാകുളം ഭാഗത്തേക്കു പോകാനോ വാഹനം ജലാശയത്തിലോ മറ്റോ ഉപേക്ഷിച്ച ശേഷം പ്രതി കടന്നതാകാനോ സാധ്യത. ടോൾ ബൂത്തുകൾ, ചെക്പോസ്റ്റുകൾ എന്നിവിടങ്ങളിലും പൊലീസ് നിരീക്ഷണം ആരംഭിച്ചു.

കാറിന്റെ നമ്പർ അക്രമികൾ മാറ്റിയിട്ടുണ്ടാകാമെന്നും പൊലീസ് സംശയിക്കുന്നു. സാലിയുടെയും ഷീലയുടെയും ഏകമകൾ ഷാനിയുടെ വിവാഹവേളയിലാണ് (2007) കാർ വാങ്ങിയത്. 5 വർഷം മുൻപു വരെ സാലി ഈ കാർ ഓടിക്കുമായിരുന്നു. ഒരു ശസ്ത്രക്രിയയെത്തുടർന്ന് ഡ്രൈവ് ചെയ്യാറില്ല.  ബന്ധുക്കളിൽ ആരെങ്കിലുമാണ് ഓടിച്ചിരുന്നത്. 

പൊലീസിന്റെ സംശയങ്ങൾ 

∙മുൻകൂട്ടി പദ്ധതിയിട്ട് തയാറാക്കിയ കൊലപാതകമെന്നു സംശയം
∙അക്രമം നടത്തിയത് ഒരാൾ തനിച്ചാകാൻ സാധ്യത.
∙ഒന്നിലധികം ആളുകൾ ഉണ്ടാവാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.
∙ അക്രമിയെ ദമ്പതികൾക്ക് പരിചയമുണ്ടാകാം.
∙ദമ്പതികൾ വാതിൽ തുറന്നുകൊടുത്തത് അതുകൊണ്ടാവാം.
∙കൊലപാതകത്തിനു ശേഷം കാറുമായി പുറത്തുപോകുന്ന സിസിടിവി ദൃശ്യത്തിൽ ഒരാൾ മാത്രം.
∙സാമ്പത്തികത്തർക്കം കാരണമെന്നും സംശയം. ദമ്പതികളുടെ ബന്ധുക്കളിൽ നിന്നു വിശദമായി മൊഴിയെടുക്കുന്നു. ദമ്പതികളുടെ പണമിടപാടും പരിശോധിക്കുന്നു.

∙ഇവരുടെ വീട്ടുപരിസരം കേന്ദ്രീകരിച്ച് സ്ഥലമിടപാടു നടത്തുന്നവരെയും പലിശയ്ക്കു പണം കടം നൽകുന്ന ആളുകളെയും ചോദ്യം ചെയ്തു. വീടിനു സമീപം അടിച്ചു പൂട്ടിയിട്ടിരുന്ന മറ്റൊരു വീടും പൊലീസ് തുറന്നു പരിശോധിച്ചു.
∙ദമ്പതികളെ ആക്രമിക്കാൻ പ്രതി ആയുധം ഉപയോഗിച്ചതായി തെളിവില്ല.
∙പ്രതിയുടേതെന്നു കരുതുന്ന കയ്യുറ കിട്ടി. ഇതിന്റെ ഗന്ധം പിന്തുടർന്ന പൊലീസ് നായ ഒരു കിലോമീറ്റർ ഓടി.
∙കൊല്ലപ്പെട്ട ഷീബയുടെ കൈകൾ ഇരുമ്പുകമ്പി കൊണ്ടു ബന്ധിച്ച ശേഷം ഷോക്കടിപ്പിക്കാൻ ശ്രമിച്ചതും അടുക്കളയിൽ നിന്നു പാചകവാതക സിലിണ്ടർ, ഹാളിൽ എത്തിച്ച് ഗ്യാസ് തുറന്നുവിട്ടതും അന്വേഷണം വഴിതെറ്റിക്കാനെന്ന് പൊലീസ് കരുതുന്നു
∙ധാരാളം വീടുകളുള്ള പാറപ്പാടം ഭാഗത്തുനിന്നു സുരക്ഷിതമായി കടന്നുകളയാനാകാം പ്രതി ദമ്പതികളുടെ കാർ തന്നെ തട്ടിയെടുത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com