ADVERTISEMENT

താഴത്തങ്ങാടി ∙ പാറപ്പാടത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവിനെ ആക്രമിച്ചവർ കാറിൽ കടന്നുകളയുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. കൊലപാതകം നടന്ന വീട്ടിൽ നിന്നു രക്തം പുരണ്ട കയ്യുറകൾ കണ്ടെത്തി. കുമരകം, വെച്ചൂർ വഴി കാർ കടന്നുപോയ ദൃശ്യങ്ങൾ പലയിടത്തു നിന്നായി ലഭിച്ചെങ്കിലും കാർ കണ്ടെത്താനായിട്ടില്ല. പാറപ്പാടം ഷീബ മൻസിലിൽ എം. എ. അബ്ദുൽ സാലിയുടെ (65) ഭാര്യ ഷീബയാണ് (55) കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ സാലിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. സാലി അപകടനില തരണം ചെയ്തിട്ടില്ല.

kottayam news

തലയ്ക്കേറ്റ അടി മൂലമാണ് ഷീബ മരിച്ചതെന്ന് കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. സാലിയുടെയും ഷീബയുടെയും ശരീരത്തിൽ വൈദ്യുതി ബന്ധമുള്ള വയർ കെട്ടിവച്ച നിലയിലാണ് കണ്ടെത്തിയത്. ഷീബയുടെ മരണകാരണം വൈദ്യുതാഘാതമേറ്റാണെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നില്ല. എങ്കിലും ശരീര ഭാഗങ്ങൾ കൂടുതൽ പരിശോധനയ്ക്ക് തിരുവനന്തപുരത്തെ ഫൊറൻസിക്  ലാബിലേക്ക് അയച്ചു.കവർച്ച, പണമിടപാടു സംബന്ധിച്ച തർക്കം, വ്യക്തിവൈരാഗ്യം എന്നിവയാണ് കൊലയ്ക്കു കാരണമായി പൊലീസ് കരുതുന്നത്.

ഷീബയുടെ ആഭരണങ്ങളും കാറും നഷ്ടപ്പെട്ടതു കവർച്ചയ്ക്ക് സാധ്യത കൂട്ടുന്നു. സാലിയുടെ പണമിടപാടുകൾ സംബന്ധിച്ച് പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ക്രൂരമായ കൊലപാതക രീതിയാണ് വ്യക്തിവൈരാഗ്യം സംശയിക്കാൻ കാരണം. സാലിയുടെ വീടുമായി അടുത്ത് ഇടപഴകുന്ന ഏതാനും പേരുടെ മൊഴി ഇന്നലെ പൊലീസ് ശേഖരിച്ചു.ഒരാൾക്കു തനിയെ വീട്ടിൽ കയറി രണ്ടുപേരെ ആക്രമിക്കാനും കൈകൾ പിന്നിലേക്കു കെട്ടിവയ്ക്കാനും സാധിക്കുമോയെന്നു പൊലീസ് സംശയിക്കുന്നു.

കയ്യുറ മണത്ത പൊലീസ് നായ ഒരു കിലോമീറ്റർ അകലെ കോട്ടയം റോഡിൽ അറുപുഴ പാലത്തിനു സമീപത്തെ കടവിനു സമീപം ഓടി നിന്നു. ഡിവൈഎസ്പി ആർ. ശ്രീകുമാറിന്റെ നേതൃത്വത്തിൽ 13 അംഗ അന്വേഷണ സംഘം രൂപീകരിച്ചു. ഡിഐജി കാളിരാജ് മഹേഷ് കുമാറും ജില്ലാ പൊലീസ് മേധാവി ജി. ജയ്ദേവും അന്വേഷണപുരോഗതി വിലയിരുത്തി.  ഷീബ അണിഞ്ഞിരുന്ന സ്വർണ വളകൾ, മോതിരം,

മാല, കമ്മൽ എന്നിവയും അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും മോഷണം പോയിട്ടുണ്ടെന്നു ബന്ധുക്കൾ പറഞ്ഞു. മോഷണം നടന്നിട്ടുണ്ടെന്ന കാര്യം പൊലീസും സ്ഥിരീകരിച്ചു.ഇന്നലെ വൈകിട്ട് 4.30നു കോട്ടയം താജ് ജുമാ മസ്ജിദിൽ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ ഷീബയുടെ കബറടക്കം നടത്തി. മസ്കത്തിലുള്ള മകൾ ഷാനിയും ഭർത്താവ് സുധീറും ബന്ധുക്കളുടെ വിഡിയോ കോളിലാണ് കബറടക്കച്ചടങ്ങുകൾ കണ്ടത്. 

പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ. 

∙തലയ്ക്ക് ഏറ്റ മാരകമായ അടി മൂലമാണ് ഷീബ മരിച്ചത്.
∙തലയോട്ടി തകർന്നു. രക്തസ്രാവമുണ്ടായി.
∙ശരീരത്തിന്റെ പല ഭാഗത്തും മുറിവുകളുണ്ട്. പലതും സാരമുള്ളതല്ല. മൽപിടിത്തം നടന്നതിന്റെ ലക്ഷണങ്ങളുണ്ട്.

∙ഷീബയുടെ കൈകളിൽ വയർ കെട്ടിവച്ചതിന്റെ പാടുകളുണ്ട്. എന്നാൽ വൈദ്യുതാഘാതമേറ്റതിന്റെ ലക്ഷണങ്ങളില്ല.
∙അതേസമയം വയറുകൾ വൈദ്യുതിയുമായി കണക്ട് ചെയ്തിരുന്നതിനാൽ ഇക്കാര്യം പൂർണമായും ഉദ്യോഗസ്ഥർ തള്ളിക്കളയുന്നുമില്ല.
∙കൂടുതൽ പരിശോധനയ്ക്ക് കൈകളിലെ തൊലി ശേഖരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com