ADVERTISEMENT

കോട്ടയം ∙ കെകെ റോഡിൽ ഐരാറ്റുനടയിൽ പാർക്ക് ചെയ്ത ലോറിയിലെ പഴകിയ 7 ടൺ മീൻ നാട്ടുകാരുടെ പരാതിയെത്തുടർന്നു പിടിച്ചെടുത്തു നശിപ്പിച്ചു. ലോറി പാർക്ക് ചെയ്ത സ്ഥലം ആരുടേതെന്നു മണർകാട്, വിജയപുരം പഞ്ചായത്തുകളിൽ തമ്മിൽ തർക്കിച്ചതോടെ 5 മണിക്കൂർ കഴിഞ്ഞാണ് പഴകിയ മീൻ കുഴിച്ചുമൂടിയത്.

 തുടക്കം ഇങ്ങനെ

വെള്ളിയാഴ്ച വൈകിട്ട് മുതൽ കെകെ റോഡിൽ ഐരാറ്റുനട പാലത്തിനു സമീപം നിർത്തിയിട്ട ലോറിയിൽ നിന്നു ദുർഗന്ധം വമിച്ചപ്പോഴാണ് നാട്ടുകാർ ശ്രദ്ധിച്ചത്. വിശാഖപട്ടണത്തു നിന്ന് ഏറ്റുമാനൂർക്കു കൊണ്ടു വന്നതാണ് മീനെന്നു ഡ്രൈവർ തിരൂർ സ്വദേശി പ്രതീഷ് കുമാർ പൊലീസിനോടു പറഞ്ഞു. മാർക്കറ്റ് അടച്ചതിനാൽ തൽക്കാലം മാറ്റി പാർക്ക് ചെയ്യാനും വ്യാപാരി നിർദേശം നൽകിയെന്നു പ്രതീഷ് പറഞ്ഞു. തുറന്ന ലോറിയിൽ മത്സ്യം നിറച്ച പെട്ടികൾ പടുത കൊണ്ടു മൂടിയിട്ടിരുന്നു. 

 പിന്നെ പരിശോധന

ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോൾ പെട്ടിയിലുള്ള കേര മത്സ്യം ഭക്ഷ്യയോഗ്യമല്ലെന്നു കണ്ടെത്തി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ , തെർമോക്കോൾ പെട്ടികളിൽ നിറച്ചു ചുറ്റിനും ടേപ്പ് ഒട്ടിച്ചാണ് ഇവ കൊണ്ടുവന്നത്.  മറ്റു സംസ്ഥാനങ്ങളിൽ നിന്നു ശീതീകരിച്ച വാഹനങ്ങളിൽ വേണം മത്സ്യം കൊണ്ടുവരാൻ.

തെർമോക്കോൾ പെട്ടികളിൽ പ്രാദേശികമായി ഇവ കൊണ്ടുപോകുന്നതിന് തടസ്സമില്ലെങ്കിലും പെട്ടിയിലുള്ള മത്സ്യത്തിന്റെ അത്രയും അളവിൽ ഐസ് നിറച്ചിരിക്കണമെന്നാണ് ചട്ടമെന്നും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. ലോറിയിലെ പെട്ടികളിൽ ആവശ്യത്തിനുള്ള ഐസ് നിറച്ചിരുന്നില്ലെന്നും കണ്ടെത്തി. മത്സ്യം എത്തിച്ചവർക്കെതിരെ കേസ് എടുക്കുമെന്നും അധികൃതർ അറിയിച്ചു. 

 തർക്കം തുടങ്ങുന്നു

മത്സ്യം നശിപ്പിക്കുന്നതിനായി തദ്ദേശ സ്ഥാപനത്തിനു കൈമാറി. ഇതോടെ തർക്കമായി.   വിജയപുരം പഞ്ചായത്തിന്റെയും മണർകാട് പഞ്ചായത്തിന്റെ അതിർത്തിയിലാണ് ലോറി നിർത്തിയിട്ടത്. ഇരു പഞ്ചായത്തുകളും ലോറി കിടന്നിരുന്ന സ്ഥലം അവരുടെ പരിധിയിലല്ലെന്ന് അവകാശപ്പെട്ടു. വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് സിസി ബോബിയും പഞ്ചായത്ത് അംഗങ്ങളും സ്ഥലത്ത് എത്തി. എന്നാൽ മണർകാട് പഞ്ചായത്ത് ഭാരവാഹികളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ ഓഫ് ചെയ്ത നിലയിലായിരുന്നു. 

 ഒടുവിൽ 

വൈകിട്ട് 5ന് വിജയപുരം പഞ്ചായത്ത് അധികൃതർ ഏറ്റെടുത്ത മത്സ്യം ലോറിയിൽ ആനത്താനം എംഒസി മഠത്തിനു സമീപം തോട്ടത്തിൽ കുഴിച്ചു മൂടി. 

 വ്യാപാരി പറയുന്നു

എന്നാൽ കൊണ്ടു വ‌ന്ന മത്സ്യം പഴകിയതല്ലെന്നു ഏറ്റുമാനൂരിലെ വ്യാപാരി ജെയ്സൺ പറഞ്ഞു. തെർമോക്കോൾ പെട്ടിയിൽ ഒരെണ്ണം പൊട്ടിയതാണ് മലിനജലം പുറത്തേക്ക് ഒഴുകിയതിനു കാരണമെന്നും ജയ്സൺ പറഞ്ഞു. 

''സ്ഥലം മണർകാട് പഞ്ചായത്തിന്റേത്

ലോറി കിടന്ന സ്ഥലം മണർകാട് പഞ്ചായത്തിന്റെ പരിധിയിലാണ്. ലോറി കിടന്നതിനു സമീപം പ്ലാസ്റ്റിക് നിക്ഷേപിക്കുന്നതിനുള്ള ഷെഡ് സ്ഥാപിച്ചത് മണർകാട് പഞ്ചായത്താണ്. - സിസി ബോബി, പ്രസിഡന്റ്  വിജയപുരം പഞ്ചായത്ത്

''അല്ല, വിജയപുരം പഞ്ചായത്തിന്റേത്

ഐരാറ്റുനട തോടാണ് രണ്ടു പഞ്ചായത്തുകളെ തമ്മിൽ വേർ‌തിരിക്കുന്നത്. വാഹനം പിടികൂടിയത് വിജയപുരം പഞ്ചായത്ത് അതിർത്തിയിലാണ്. ഇത്രയും മീൻ നശിപ്പിക്കാൻ പഞ്ചായത്തിൽ നിലവിൽ സൗകര്യവുമില്ല -റെജി എം. ഫിലിപ്പോസ്, വൈസ് പ്രസിഡന്റ് മണർകാട് പഞ്ചായത്ത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com