ADVERTISEMENT

കോട്ടയം ∙ ‘ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുമ്പോഴാണ് ഒരാഴ്ച ക്വാറന്റീനിൽ പോകാൻ നിർദേശിച്ചുകൊണ്ടു മേലുദ്യോഗസ്ഥന്റെ ഫോൺ കോൾ എത്തിയത്. വിവരം അറിഞ്ഞു ഞെട്ടിപ്പോയി. രണ്ടു ദിവസങ്ങൾക്കു മുൻപു ജനപ്രതിനിധികളുടെ ഒരു യോഗത്തിൽ പങ്കെടുത്തിരുന്നു. യോഗത്തിനെത്തിയ ഒരാൾ കോവിഡ് പോസിറ്റീവ് ആയതോടെയാണു നിരീക്ഷണത്തിൽ കഴിയേണ്ടിവന്നത്. 

പ്രായമായ അമ്മയെ സഹോദരന്റെ വീട്ടിലേക്കു മാറ്റിയതിനുശേഷമാണു വീട്ടിലേക്കു പോയത്. ഭാര്യയ്ക്കും 2 മക്കൾക്കുമൊപ്പം ഒരാഴ്ച വീട്ടിൽത്തന്നെ നിരീക്ഷണത്തിൽ കഴിഞ്ഞു. ആന്റിജൻ പരിശോധനാ ഫലം നെഗറ്റീവ് ആയതോടെയാണ് ആശ്വാസമായത്’   കണ്ടെയ്ൻമെന്റ് സോണുകളിൽ ഉൾപ്പെടെ ജോലി ചെയ്യുന്നതിനിടെ ക്വാറന്റീനിലാകേണ്ടിവന്ന ഒരു പൊലീസുകാരന്റെ വാക്കുകളാണിത്. പൊലീസുകാർക്ക് ആവശ്യമായ മാസ്ക്, ഫെയ്സ് ഷീൽഡ്, കയ്യുറ എന്നിവ ജില്ലാ ക്രൈം റെക്കോ‍ഡ് ബ്യൂറോയിൽനിന്ന് എത്തിച്ചു നൽകുന്നുണ്ട്. ഇതോടെ തീരുന്നു പൊലീസുകാരന്റെ സുരക്ഷാ കവചം. 

ജോലിയേറെ

റോഡ് മുതൽ സമര വേദി വരെ നീളും ജോലി. ക്വാറന്റീൻ കേന്ദ്രത്തിൽ നിന്ന് ആരെങ്കിലും ഓടിപ്പോയാലും പിടിക്കേണ്ടതും പൊലീസുകാരൻ തന്നെ. അകലം പാലിച്ചു ആരെയെങ്കിലും പിടിക്കാൻ പറ്റുമോ!

ഹൈ റിസ്ക്

പൊതുജനങ്ങളുമായി ഏറ്റവും അധികം ഇടപെടുന്ന പൊലീസുകാരും ആശുപത്രികളിലെ സെക്യൂരിറ്റി ഗാർഡുമാരും കോവിഡ് ‘ഹൈ റിസ്ക്’ വിഭാഗത്താലാണെന്നു ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. ജില്ലയിൽനിന്ന് ഒരു പൊലീസുകാരനു മാത്രമേ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളൂ എന്നതാണ് ഏറ്റവും വലിയ ആശ്വാസം. രോഗം സ്ഥിരീകരിച്ച കോട്ടയം എആർ ക്യാംപിലെ പൊലീസുകാരന്റെ സമ്പർക്കപ്പട്ടികയിലുള്ള പൊലീസുകാരുടെ പരിശോധനാഫലം നെഗറ്റീവാണ്. 

258 പേർക്കാണ് പരിശോധന. സാംപിൾ നൽകിയതിനുശേഷം പരിശോധനാഫലം ലഭിക്കുന്നതുവരെ പൊലീസുകാർക്കു ക്വാറന്റീനിൽ കഴിയാനും പ്രത്യേക കേന്ദ്രം സജ്ജമാക്കിയിട്ടുണ്ട്.   ഇവിടെ 13 പൊലീസുകാർ നിരീക്ഷണത്തിൽ കഴിയുന്നുണ്ടെന്ന് അഡീഷനൽ എസ്പി ഡോ. എ. നസീം പറഞ്ഞു. വീട്ടിൽ ക്വാറന്റീൻ സൗകര്യം ഇല്ലാത്ത പൊലീസുകാർക്കായി എല്ലാ സബ് ഡിവിഷനുകൾക്കു കീഴിലും പ്രത്യേക മുറികൾ ഏറ്റെടുത്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com