ADVERTISEMENT

ഏറ്റുമാനൂർ ∙ നഗരസഭയെ പൂർണമായി കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതോടെ നഗരം നിശ്ചലമായി. 35 വാർഡുകളിലും നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ വളരെക്കുറച്ച് ആളുകൾ മാത്രമാണു പുറത്തിറങ്ങിയത്. ‌വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ച നഗരസഭാ കൗൺസിലർ എത്തിയ പാലാ റോഡിലെ സ്വകാര്യ സൂപ്പർ മാർക്കറ്റ് പൊലീസ് അടപ്പിച്ചു. മാർക്കറ്റ് ജീവനക്കാരുടെ നേതൃത്വത്തിൽ‍ അണുനശീകരണം നടത്തി. കൂടാതെ ഇന്നലെ തുറന്നു പ്രവർത്തിച്ച എല്ലാ ബേക്കറികളും പൊലീസ് അടപ്പിച്ചു. പൂർണ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതോടെ നഗരത്തിലൂടെയുള്ള വാഹന ഗതാഗതത്തിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അനാവശ്യമായി പുറത്തിറങ്ങി നടന്ന 3 പേർക്കെതിരെ ഏറ്റുമാനൂർ‍ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. 

തിരക്കൊഴിഞ്ഞ്ഏറ്റുമാനൂർ

∙ മത്സ്യമാർക്കറ്റ്, മാർക്കറ്റ് എന്നിവ പൂർണമായി അടഞ്ഞു കിടക്കുകയാണ്. ഭക്ഷ്യവസ്തുക്കളും അവശ്യവസ്തുക്കളും വിൽക്കുന്ന സ്ഥാപനങ്ങൾ, റേഷൻ കടകൾ, പച്ചക്കറി, പലചരക്കു കടകൾ, മത്സ്യം, പാൽ, ഇറച്ചി, കാലിത്തീറ്റ, കോഴിത്തീറ്റ, വെറ്ററിനറി മരുന്നുകൾ തുടങ്ങിയവ വിൽക്കുന്ന സ്ഥാപനങ്ങൾ എന്നിവ മാത്രമാണു പ്രവർത്തിച്ചത്.ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഉച്ചയ്ക്ക് 12 വരെ പാഴ്സൽ സൗകര്യം മാത്രം ഉണ്ടായിരുന്നുള്ളൂ. രാവിലെ 11 മുതൽ രാത്രി 8 വരെ ഹോം ഡെലിവറി സൗകര്യങ്ങൾ ഒരുക്കിയെങ്കിലും കച്ചവടം കുറവായിരുന്നുവെന്നു ഹോട്ടൽ ഉടമകൾ പറഞ്ഞു.

ഗതാഗത നിയന്ത്രണം

∙ പട്ടിത്താനം - മണർകാട് ബൈപാസ് റോഡിന്റെ പാലാ റോഡിൽ നിന്നു പ്രവേശിക്കുന്ന ഭാഗവും പൂവത്തുംമൂടിലേക്കു പ്രവേശിക്കുന്ന ഭാഗവും പൊലീസ് ഷീറ്റ് ഉപയോഗിച്ചു അടച്ചു. പാലാ ഭാഗത്തു നിന്നു മണർകാട് ഭാഗത്തേക്കു പോകേണ്ടവർ എംസി റോഡ് വഴി സംക്രാന്തി ജംക്‌ഷനിൽ എത്തി ഇടത്തോട്ടു തിരിഞ്ഞു പൂവത്തുംമൂട് എത്തി വേണം ബൈപാസിലേക്കു പ്രവേശിക്കാൻ.  മണർകാട് ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ പൂവത്തുംമൂട് പാലം കടന്ന് ഇടത്തോട്ടു തിരിഞ്ഞ് സംക്രാന്തിയിലെത്തി എംസി റോഡ് വഴി പാലാ ഭാഗത്തേക്കു പോകണം.

കൂടാതെ എംസി റോഡിൽ അടിച്ചിറ, തവളക്കുഴി, നീണ്ടൂർ റോഡിൽ നാൽപതേക്കർ, അതിരമ്പുഴ റോഡിൽ മനയ്ക്കപ്പാടം, ഏറ്റുമാനൂർ - പാലാ റോഡിൽ കട്ടച്ചിറ, ഓൾഡ് എംസി റോഡിൽ തെള്ളകം സ്വകാര്യ ആശുപത്രിക്കു സമീപം എന്നിവിടങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.  അവശ്യ സർവീസുകളുമായി എത്തുന്ന വാഹനങ്ങൾ മാത്രമേ നഗരത്തിൽ‍ പ്രവേശിപ്പിക്കുകയുള്ളൂ.

നഗരസഭയിലെ കോവിഡ് വ്യാപന തീവ്രതയുള്ള സ്ഥലങ്ങളിലും കണ്ടെയ്ൻമെന്റ് സോണുകളിലും സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ നീക്കം ചെയ്ത ശേഷം ഇവിടങ്ങളിൽ ഇരുമ്പു ഷീറ്റുകൾ സ്ഥാപിച്ചു പൂർണമായി ഗതാഗതം നിരോധിച്ചു.  തവളക്കുഴി - വള്ളിക്കാട് റോഡ്, പേരൂർ കവല - ചെറുവാണ്ടൂർ റോഡ്, സെൻട്രൽ ജംക്‌ഷൻ - എസ്എഫ്എസ് റോഡ് എന്നിവിടങ്ങളും പൂർണമായി അടച്ചു. നീണ്ടൂർ റോഡിൽ കോട്ടമുറി ജംക്‌ഷനിൽ ഷീറ്റുകൾ സ്ഥാപിച്ചു ഗതാഗതം നിരോധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com