ADVERTISEMENT

കോട്ടയം ∙ മണർകാട് ക്രൗൺ ക്ലബ്ബിൽ റെയ്ഡ് സമയത്ത് ഉണ്ടായിരുന്ന ചീട്ടുകളി ഇടനിലക്കാരനെ ചോദ്യം ചെയ്യും. മറ്റക്കര സ്വദേശിയായ ഇടനിലക്കാരൻ ക്ലബ്ബിൽ ഉണ്ടായിരുന്നതായി റെയ്ഡ് നടത്തിയ  പൊലീസ് ഉദ്യോഗസ്ഥർ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ. സന്തോഷ് കുമാറിനു മൊഴി കൊടുത്തിരുന്നു. ക്ലബ് സെക്രട്ടറി മാലം സുരേഷിന്റെ സുഹൃത്തായ ഈ വ്യക്തിയും ക്ലബ്ബിന്റെ നടത്തിപ്പിൽ പണം മുടക്കിയിട്ടുണ്ടെന്നാണ് പൊലീസിനു ലഭിച്ച വിവരം. 

പ്രമുഖരുടെ ബെനാമി

ചീട്ടുകളി നടക്കുന്ന സമയത്ത് ഇടനിലക്കാരന്റെ സാന്നിധ്യം ഉണ്ടാകും.  പല പ്രമുഖരുടെയും ബെനാമിയായി പ്രവർത്തിക്കുന്നയാളാണ് ഈ ഇടനിലക്കാരനെന്നും സൂചനയുണ്ട്. റെയ്ഡിനൊടുവിൽ ചീട്ടുകളിച്ചവർ പിടിയിലായെങ്കിലും ഇടനിലക്കാരൻ കടന്നു കളഞ്ഞു. ചില പൊലീസ് ഉദ്യോഗസ്ഥർ ഇതിന് അവസരം നൽകിയെന്നാണ് ആരോപണം. ഇടനിലക്കാരനൊപ്പം ചീട്ടുകളിയും പണം ഇടപാടും സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ റജിസ്റ്ററും കാണാതായി. ഈ റജിസ്റ്റർ കണ്ടെത്താൻ കൂടിയാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. 

കൂടുതൽ പരാതികൾ

മാലം സുരേഷിനെതിരെ കൂടുതൽ പരാതികൾ അന്വേഷണ സംഘത്തിനു ലഭിച്ചു. ചീട്ടുകളിക്കാൻ ക്ലബ്ബിൽ നിന്നു തന്നെ പണം വായ്പ വാങ്ങിയതിന് ഈടായി  വാഹനങ്ങൾ നഷ്ടപ്പെട്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചത് എട്ടുപേരാണ്. ഇവർ രേഖാമൂലം പരാതി നൽകിയിട്ടില്ല.ക്ലബ് പ്രസിഡന്റ് സന്തോഷും സെക്രട്ടറി മാലം സുരേഷും നൽകിയ മുൻകൂർ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും.

മാലം സുരേഷിനെതിരെയുള്ള കേസുകളുടെ വിവരം കഴിഞ്ഞ ദിവസം പൊലീസ് ഗവ. പ്ലീഡർക്കു കൈമാറി.ചീട്ടുകളിക്ക് ഒത്താശ നൽകിയെന്ന ആരോപണത്തെത്തുടർന്ന് സസ്പെൻഷനിലായ ഇൻസ്പെക്ടർ (മുൻ എസ്എച്ച്ഒ മണർകാട്) ആർ. രതീഷ് കുമാറിനെതിരെയുള്ള വകുപ്പു തല അന്വേഷണം ചേർത്തല ഡിവൈഎസ്പി കെ. സുഭാഷിനു നൽകി. ബിഷപ് ഫ്രാങ്കോയ്ക്കെതിരായ കേസ് അന്വേഷണത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് സുഭാഷ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com