ADVERTISEMENT

 അച്ചു ഉമ്മൻ പറയുന്നു അപ്പയെക്കുറിച്ച്...

അപ്പയുടെ വക്കീൽ എന്നാണ് എന്നെ ചെറുപ്പത്തിലേ വിളിച്ചിരുന്നത്. രാഷ്ട്രീയക്കാരനല്ലായിരുന്നെങ്കിൽ അപ്പ പുരോഹിതനായേനെ എന്നെനിക്കു തോന്നിയിട്ടുണ്ട്. അദ്ദേഹം ആത്മീയവാദിയാണ്, പക്ഷേ മതവാദിയല്ല. സോളർ വിഷയത്തിൽ ആരോപണങ്ങൾ നേരിട്ടപ്പോഴും അപ്പ എതിരാളികളോടു മാന്യത കാണിച്ചു. അവരുടെ കുടുംബ വിഷയങ്ങൾ ഒന്നു പോലും പരാമർശിക്കില്ലെന്ന നിലപാടായിരുന്നു അപ്പയുടേത്. ഞങ്ങളെല്ലാം സങ്കടപ്പെട്ടപ്പോഴും അപ്പ ആശ്വസിപ്പിച്ചു. ഇത്രയും കാലം സംശുദ്ധമായ പൊതുജീവിതം നയിച്ചയാളെ ചിലരുടെ വാക്കുകളുടെ പേരിൽ ഇത്ര വേട്ടയാടിയതിൽ വല്ലാത്ത വിഷമമുണ്ട്.

ജനസമ്പർക്ക പരിപാടിയിൽ 20 മണിക്കൂർ വരെ ഇടവേള പോലുമെടുക്കാതെ ഒറ്റയ്ക്കു നിന്നു പതിനായിരങ്ങളുടെ പ്രശ്നങ്ങൾ പരിഹരിച്ചതു കണ്ടപ്പോൾ, അതിന് യുഎന്നിന്റെ അംഗീകാരം കിട്ടിയപ്പോൾ എനിക്കുണ്ടായ സന്തോഷത്തിനു കണക്കില്ല. അതിനെ ആക്ഷേപിച്ചവരുമുണ്ട്. എന്നാൽ വർഷങ്ങളായി രാജ്യത്തു നിൽക്കുന്ന രീതി ഒറ്റ ദിവസം കൊണ്ടു മാറ്റാൻ ആർക്കുമാകില്ല. കൊച്ചിയിൽ മെട്രോ ട്രെയിനിന്റെ വരവ് എല്ലാവരും ആഘോഷമാക്കി. എന്നാൽ അതിനു കാരണമായ അപ്പയുടെ ഇച്ഛാശക്തി എങ്ങും പരാമർശിച്ചു കേട്ടില്ല. ഉദ്ഘാടനത്തിനു ക്ഷണിക്കാനുള്ള മര്യാദ പോലും കാണിച്ചില്ല. എങ്കിലും ഒരു പരിഭവവും പറയാതെ അദ്ദേഹം അടുത്ത ദിവസം അതിൽ സാധാരണക്കാർക്കൊപ്പം നടത്തിയ യാത്രയുണ്ടല്ലോ, അതു കണ്ടപ്പോഴും മനസ്സിൽ സ്നേഹം പെരുകിയിട്ടേയുള്ളൂ.  

ദാവോസിലെ ഓർമത്തെറ്റ് ഒരു വേദന

ഇപ്പോഴും വേദനയുള്ള ഓർമ സ്വിറ്റ്സർലൻഡിലെ ദാവോസിലേതാണ്. സ്റ്റാൻഡേഡ് ചാർട്ടേഡ് ബാങ്കിലാണു ഞാനന്ന്. അപ്പ ദാവോസിൽ ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ബാങ്കുമായി ബന്ധപ്പെട്ട ചടങ്ങിനു ഞാനും അവിടെയുണ്ടായിരുന്നു. അപ്പയ്ക്ക് ഉണ്ടായിരുന്നത് മഞ്ഞിൽ ഉപയോഗിക്കാൻ കൊള്ളാത്ത പഴയ ഷൂസായിരുന്നു. ഉച്ചകോടിയുടെ സംഘാടകർ നൽകിയ കിറ്റിൽ മഞ്ഞിലിടാനുള്ള ഷൂസ് ഉണ്ടായിരുന്നു. ഞാനും സെക്രട്ടറിമാരും അതു നോക്കിയില്ല. അപ്പ തെന്നി താഴെ വീണു തുടയെല്ലു പൊട്ടി. ശസ്ത്രക്രിയയിൽ എല്ലിന്റെ കുറച്ചു ഭാഗം നീക്കം ചെയ്തു. അതോടെ ആ കാലിന് അൽപം നീളം കുറഞ്ഞു, ഇപ്പോൾ മുടന്തിയേ നടക്കാനാകൂ.

ഷൂസിന്റെ കാര്യം എന്താണു ശ്രദ്ധിക്കാതിരുന്നതെന്ന് ഇത്രയും കാലമായിട്ടും ഒരിക്കൽ പോലും എന്നോടോ മറ്റുള്ളവരോടോ അപ്പ ചോദിച്ചിട്ടില്ല. കഴിഞ്ഞ വർഷം അപ്പയോടൊത്തു ന്യൂയോർക്കിൽ പോകേണ്ടി വന്നു. അവിടത്തെ മുറിയിലെ പാത്രങ്ങളും ഷെൽഫുമൊന്നും അപ്പയ്ക്കു പ്രവർത്തിപ്പിച്ചു പരിചയമുണ്ടായിരുന്നില്ല. എന്തെങ്കിലും ആവശ്യം വന്നാൽ എന്നെ വിളിക്കണമെന്നു പ്രത്യേകം പറഞ്ഞിരുന്നു. ക്ഷീണം കാരണം ഞാൻ ഉണർന്നതു രാവിലെ ഏഴിന്. കുളിച്ചു വേഷം മാറിയിരിക്കുന്ന അപ്പയെയാണ് അപ്പോൾ കണ്ടത്. അദ്ദേഹം രാത്രി രണ്ടിനു തന്നെ ഉണർന്നിരുന്നു. ഒരു ചായ കുടിക്കണമെന്ന് ആഗ്രഹിച്ചിട്ടും എന്നെ ബുദ്ധിമുട്ടിക്കേണ്ടന്നു കരുതി പുലരും വരെ കാത്തിരുന്നു.

അപ്പയ്ക്ക് എല്ലാവരും ഒരുപോലെ

പണ്ട് മാർ ഇവാനിയോസിൽ കോളജ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചപ്പോൾ അപ്പ തന്ന ഉപദേശവും മറക്കില്ല. അന്നു കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി ആയിരുന്നു എതിർ സ്ഥാനാർഥി. തന്റെ പക്കൽ നിന്നു സഹായം പ്രതീക്ഷിക്കരുതെന്നും തന്റെ മകളാണെന്നു കരുതി ഒരു കാര്യവും വേണമെന്ന് ആഗ്രഹിക്കരുതെന്നും അപ്പ പറഞ്ഞു. അപ്പയ്ക്ക്, ഞങ്ങളും അപ്പയുടെ സഹോദരങ്ങളുടെ മക്കളും തമ്മിൽ ഒരു ഭേദവുമില്ലായിരുന്നു. അപ്പയുടെ ഗുണങ്ങൾ ഏതാണ്ടെല്ലാം അതേ പോലെ കിട്ടിയിട്ടുള്ളതു സഹോദരിയുടെ മകൾ സുമചേച്ചിക്കാണ്. അപ്പ ഏറ്റവുമധികം വേദനിച്ചതു സഹോദരി വൽസമ്മാമ്മയുടെ മകൻ സുമോദിന്റെ മരണത്തിലാണ്.

സാറ്, മരിച്ചു നമ്മൾ രക്ഷപ്പെട്ടു!

നർമമുള്ള കാര്യങ്ങളൊക്കെ ഓർമിച്ചു വയ്ക്കും. ഒരിക്കൽ അപ്പയെ പഠിച്ച സ്കൂളിൽ വാർഷികത്തിനു മുഖ്യാതിഥിയായി ക്ഷണിച്ചു. കോട്ടയത്തെ കോൺഗ്രസ് നേതാവായ ജെ.ജി.പാലയ്ക്കലോടി അടക്കമുള്ളവർ എത്തിയിട്ടുണ്ട്. പരിപാടിക്കു തൊട്ടുമുൻപ് പാലയ്ക്കലോടി അപ്പയോടു സ്കൂളിന്റെ മുൻ പ്രധാനാധ്യാപകൻ മരിച്ചു പോയ വിവരം പറഞ്ഞു. അതോടെ യോഗം മാറ്റി വച്ചതായി അപ്പ പ്രഖ്യാപിച്ചു.

എന്നിട്ടു കാറിൽ കയറാൻ എത്തിയപ്പോൾ പാലയ്ക്കലോടിയെത്തിയിട്ടു പറ‍ഞ്ഞു: പിശകുപറ്റിയതാണ്, ആ പ്രധാനാധ്യാപകൻ മരിച്ചിട്ടില്ല. അപ്പയ്ക്കു വിഷമമായി. മരിക്കാത്ത ആളെക്കുറിച്ചു പറഞ്ഞുപോയല്ലോ. ആളുകളെല്ലാം പോവുകയും ചെയ്തു. പപ്പ തിരികെ കാറിൽ പോകുമ്പോൾ പാലയ്ക്കലോടി വീണ്ടുമെത്തിയിട്ടു പറഞ്ഞു. നമ്മൾ രക്ഷപ്പെട്ടു, സാറ് മരിച്ചു. അപ്പ ഇടയ്ക്കിടെ ഇത്തരം കഥകൾ ഞങ്ങളോടു പറയാറുണ്ട്.

തയാറാക്കിയത്: രാജു മാത്യു 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com