ADVERTISEMENT

കോട്ടയം ∙ പുതുപ്പള്ളിയിൽ ആരെങ്കിലും മരിച്ചാൽ ആ വിവരം മക്കളെ അറിയിച്ചു കഴിഞ്ഞാൽ അടുത്ത ചോദ്യം ഇതാണ്: ഉമ്മൻ ചാണ്ടിയെ അറിയിച്ചോ? അറിയിച്ചില്ലെങ്കിലും ഏറ്റവും അടുത്ത ദിവസം ഉമ്മൻ ചാണ്ടി അവിടെ എത്തും. പുതുപ്പള്ളിയെയും ഉമ്മൻ ചാണ്ടിയെയും ബന്ധപ്പെടുത്തി കേൾക്കുന്ന ഇത്തരം പല തമാശകളിലും ട്രോളുകളിലും വാസ്തവമുണ്ട്. ഒരിക്കൽ പുതുപ്പള്ളി പള്ളിക്കു മുന്നിലെ യാചകരെ മാറ്റിപ്പാർപ്പിക്കാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. 

പള്ളിയിൽ വന്നു മടങ്ങുമ്പോൾ പ്രസിഡന്റ് നെബു ജോൺ നേരിട്ട് ഇക്കാര്യം യാചകരെ അറിയിച്ചു. അധികം വൈകാതെ നെബുവിന് ഉമ്മൻ ചാണ്ടിയുടെ ഫോൺ. പെട്ടെന്ന് ഇറക്കി വിടുന്നത് അവർക്കു ബുദ്ധിമുട്ടുണ്ടാക്കും. ഒന്നുകൂടി ആലോചിക്കണം. യാചകരിൽ ഒരാൾ ഉമ്മൻ ചാണ്ടിയെ നേരിട്ടു വിളിച്ചു പരാതിപ്പട്ടതാണ്. ജനപ്രതിനിധിയായി അരനൂറ്റാണ്ടു പിന്നിട്ട പുതുപ്പള്ളിക്കോട്ടയുടെ ആണിക്കല്ല് ഈ ബന്ധമാണ്.പുതുപ്പള്ളിയിൽ നിന്നു കണ്ടെടുത്ത ജനസമ്പർക്കമാണു സംസ്ഥാനമൊട്ടാകെ ജനസമ്പർക്ക പരിപാടിയായി ഉമ്മൻ ചാണ്ടി നടപ്പാക്കിയത്.

ഏതു പരാതി ലഭിച്ചാലും പരാതിക്കാരുടെ ഭാഗത്തു നിന്നാണ് ഉമ്മൻ ചാണ്ടി ചിന്തിക്കുന്നതെന്നു മുൻ പ്രൈവറ്റ് സെക്രട്ടറി സുരേന്ദ്രൻ പറഞ്ഞു. മിനിമം മാർക്കില്ലാത്ത ഒരാൾ പ്ലസ് വൺ പ്രവേശനത്തിനു ശുപാർശക്കത്തു തേടി വന്നാൽ പുനർമൂല്യനിർണയം നടത്തി യോഗ്യത നേടാൻ വല്ല വഴിയുമുണ്ടോ എന്നാണു ഉമ്മൻ ചാണ്ടി നോക്കുക. അതിനുള്ള വഴിയും പറഞ്ഞു കൊടുക്കും.ദിവസവും ശരാശരി 60 ശുപാർശക്കത്തുകളാണ് ഉമ്മൻ ചാണ്ടിയുടെ ഓഫിസ് സംഘം എഴുതുക. ജനങ്ങളുടെ പരാതി, ശുപാർശ എന്നിവ വാങ്ങി, ബന്ധപ്പെട്ടവർക്ക് അയയ്ക്കുക, കാര്യം നടന്നോ എന്നു വീണ്ടും വീണ്ടും തിരക്കുക, അക്കാര്യം പരാതിക്കാരനെ അറിയിക്കുക എന്നിവയ്ക്കു കൃത്യമായ ക്രമീകരണമുണ്ട്.

പുതുപ്പള്ളിയിലെ ജനസമ്പർക്കം

പുതുപ്പള്ളിയിൽ സ്കൂൾ തുടങ്ങിയത് ഉമ്മൻ ചാണ്ടിയുടെ മുത്തച്ഛൻ വി.ജെ.ഉമ്മനാണ്. അദ്ദേഹം ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായിരുന്നു. ഇപ്പോഴത് വി.ജെ.ഉമ്മൻ സ്മാരക സ്കൂളാണ്. എംഎൽഎ ആയതോടെ രാഷ്ട്രീയത്തിൽ പുതിയ ‘സിലബസിൽ’ പുതുപ്പള്ളിക്കൂടം ഉമ്മൻ ചാണ്ടിയും തുടങ്ങി. ആർക്കും എപ്പോഴും സമീപിക്കാമെന്നതാണ് ഈ സിലബസെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറയും.

പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ വീടിന്റെ മുറ്റവും വാതിൽപ്പടിയും തമ്മിലുള്ള ദൂരം 10 മീറ്ററേയുള്ളൂ. ഞായറാഴ്ച രാവിലെ 7ന് മുറ്റത്തു വന്നു കാറിലിറങ്ങുന്ന ഉമ്മൻ ചാണ്ടിക്ക് വാതിൽക്കൽ വരെ നടന്നെത്താൻ പറ്റുന്നത് പലപ്പോഴും 9 മണിക്കാണെന്നു സഹോദരൻ അനിയൻ എന്ന അലക്സ് പറഞ്ഞു. അതാണു പുതുപ്പള്ളിയിലെ ജനസമ്പർക്ക പരിപാടി ! ഞായറാഴ്ചകളിൽ പലപ്പോഴും ആയിരത്തോളം പേരാണു വീട്ടിൽ വരിക.

ആ ബോർഡ് ഇവിടെ വേണ്ട

‘ഉമ്മൻ ചാണ്ടി എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നു നിർമിച്ച കെട്ടിടം’. ഇങ്ങനെയൊരു ബോർഡ് പുതുപ്പള്ളിയിൽ കാണില്ല. അത്തരം ബോർഡ് വയ്ക്കരുതെന്ന് ഉമ്മൻ ചാണ്ടി കലക്ടർക്ക് എഴുതിക്കൊടുത്തിട്ടുണ്ട്.മണ്ഡലത്തിലെ അടിസ്ഥാന പ്രശ്നങ്ങൾ നേരിട്ട് അറിയാനും നടപടി എടുക്കാനും ഉമ്മൻ ചാണ്ടിക്കു നന്നായി അറിയാമെന്നു വി.ഡി.സതീശൻ എംഎൽഎ പറഞ്ഞു. വോട്ടർമാരുമായി ഇടനിലക്കാരില്ലാതെ നേരിട്ടാണ് ഉമ്മൻ ചാണ്ടി ഇടപെടുന്നത്. രാഷ്ട്രീയത്തിനപ്പുറമാണ് ഈ ബന്ധം– എംജി സർവകലാശാല പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷനൽ റിലേഷൻസ് വകുപ്പ് മുൻ മേധാവി ഡോ. കെ.എം.സീതി പറയുന്നു.

പുതുപ്പള്ളിയുടെ കടുപ്പം എൽഡിഎഫിന് അറിയാം. തിരഞ്ഞെടുപ്പുകളിൽ യുവാക്കളെയാണു സിപിഎം നിയോഗിക്കുക. രാഷ്ട്രീയ എതിരാളികൾക്കു തിരഞ്ഞെടുപ്പിൽ ഹരിശ്രീ കുറിക്കാൻ പുതുപ്പള്ളി സഹായിച്ചു. ഉമ്മൻ ചാണ്ടിയുടെ എതിരാളി എന്ന പേരുപോലും പേരായി.സണ്ണി എന്നായിരുന്നു ആദ്യം ഉമ്മൻ ചാണ്ടിയുടെ പേര്. നാട്ടുകാർ അതു കുഞ്ഞൂഞ്ഞ് എന്നാക്കി. പിന്നീടത് ഉമ്മൻ ചാണ്ടിയെന്നായി. അടുത്ത കാലത്തു പലരും ഉമ്മൻ ചാണ്ടി സാർ എന്നാക്കി വിളി. സാർ എന്നു വിളിക്കുമ്പോഴും ഇതു നമ്മുടെ കുഞ്ഞൂഞ്ഞാണ് എന്നു പുതുപ്പള്ളിക്ക് അറിയാം. അതാണ് ഉമ്മൻ ചാണ്ടിയുടെ ധൈര്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com