ADVERTISEMENT

ഏതു കോവിഡായാലും ജനപ്രതിനിധികൾക്കും പൊതുപ്രവർത്തകർക്കും പുറത്തിറങ്ങാതെ കഴിയില്ല. ജനങ്ങൾക്കൊപ്പമാണ് അവരെല്ലാം, പലപ്പോഴും ജനക്കൂട്ടങ്ങൾക്കൊപ്പവും. ഓടിവന്നു നേതാവിനെ കെട്ടിപ്പിടിച്ച ശേഷം കഴിഞ്ഞ ദിവസം ഒരു പ്രവർത്തകൻ ഇങ്ങനെ പറഞ്ഞു– കൈ തരുന്നില്ല കോവിഡ് കാലമല്ലേ !!!.

മുൻപു നിറഞ്ഞ പുഞ്ചിരിയുമായി ആൾക്കൂട്ടത്തിലേക്കിറങ്ങിയ നേതാക്കളൊക്കെ ഇപ്പോൾ അകലം പാലിച്ചു പ്രവർത്തിക്കാൻ ശീലിച്ചു. പുഞ്ചിരിയാവട്ടെ, മാസ്ക്കിനുള്ളിൽ ഒളിപ്പിക്കാതെ നിവൃത്തിയില്ല. ചിരി ‘പുറത്തെടുത്താൽ’ കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കലാവുമല്ലോ. ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുമ്പോൾ എടുക്കുന്ന കരുതലുകൾ പങ്കുവയ്ക്കുകയാണു ജില്ലയിലെ ചില ജനപ്രതിനിധികളും നേതാക്കളും.

ഉമ്മൻ ചാണ്ടിക്ക് കരുതൽ മെയിൻ

oomenpc

പുതുപ്പള്ളിയിൽ തിരക്കൊഴിവാക്കാൻ ക്രമീകരണം നടത്തിയാണു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രവർത്തനം. മാസ്ക് പതിവായി ഉപയോഗിക്കും. പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോൾ സാനിറ്റൈസർ എപ്പോഴും കരുതും.

വീട്ടിലും മാസ്ക് വച്ച് എൻ.ജയരാജ്

രണ്ടു മാസം മുൻപു ഒരു പാർട്ടി പ്രവർത്തകന്റെ വിവാഹത്തിനു പോയി. വരനും വരന്റെ അച്ഛനും കോവിഡ് പോസിറ്റീവായി. ഇതോടെ 14 ദിവസം വീട്ടിൽ ക്വാറന്റീനിൽ കഴിയേണ്ടി വന്നു. ഇപ്പോൾ വിവാഹ ചടങ്ങുകൾ‍ക്കു പോകുന്നില്ല. വീട്ടിലെ ആൾക്കൂട്ടം കുറയ്ക്കാൻ ഓഫിസ് മുറി വരാന്തയിലാക്കി. കാണാൻ വരുന്നവരോടു കഴിയുന്നതും ഫോണിൽ വിളിച്ചു കാര്യം പറയാൻ പറയും.

vasavan

കുളിച്ചു കുളിച്ച് മോൻസ്, വാസവൻ

മോൻസ് ജോസഫ് എംഎൽഎ ഓഫിസ്  പുനഃക്രമീകരിച്ചു.. ഒരുമിച്ചു കാണുന്നത് നാലു പേരേ മാത്രം. മാസ്ക് ഉപയോഗിക്കും.  ഇടയ്ക്കിടെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകുകയും സാനിറ്റൈസർ ഉപയോഗിക്കുകയും ചെയ്യും. പൊതുപരിപാടിയിൽ പങ്കെടുത്തു വന്നാൽ ഉടൻ കുളിച്ചു വസ്ത്രവും മാറും. നാലു നേരം വരെ കുളിച്ച ദിവസങ്ങൾ ഉണ്ടെന്നു മോൻസ് പറയുന്നു.

രാത്രി എത്ര വൈകിയെത്തിയാലും കുളിച്ചതിനു  ശേഷമേ വീട്ടിൽ കയറുകയുള്ളൂവെന്നു സിപിഎം  ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ. വസ്ത്രങ്ങളുടെ ശുചിത്വം ശ്രദ്ധിക്കും. വണ്ടിയിൽ സാനിറ്റൈസർ കരുതും. മാസ്ക് ഉപയോഗിക്കും.

pc

കലക്കിയെടുത്ത് ആന്റോ ആന്റണി, പി.സി.ജോർജ്, മാണി സി.കാപ്പൻ

ദിവസവും രാവിലെ ഉപ്പിട്ടു തിളപ്പിച്ച വെള്ളത്തിൽ ശുദ്ധമായ മഞ്ഞൾ പൊടിയിട്ടു കവിൾക്കൊള്ളുന്നതു മാണി സി.കാപ്പൻ എംഎൽഎയുടെ ശീലമാണ്. ഹോമിയോ ഗുളിക 2 തവണ കഴിച്ചു. ദിവസവും 3 നേരം കുളിക്കും. ഇടയ്ക്കിടെ കൈയും മുഖവും സോപ്പിട്ടു കഴുകും. മാസ്ക് വയ്ക്കും. പുറത്തു നിന്നു ഭക്ഷണം കഴിക്കുന്നത് അപൂർവം. കൊറോണക്കാലത്തും പതിവു പരിപാടികളൊന്നും മാറ്റാൻ പി.സി.ജോർജ് എംഎൽഎ തയാറല്ല. കെട്ടിപ്പിടിക്കാനും കൈകൊടുക്കാനും മടിയില്ല. എന്നാലും ഒരു കരുതലില്ലാതില്ല. 

സ്പ്രേ ചെയ്യാവുന്ന സാനിറ്റൈസർ കയ്യിലുണ്ട്. മാസ്ക് നിർബന്ധം. ഇടയ്ക്കു നാരങ്ങ വെള്ളം കുടിക്കും. ഇതു ദിവസം പലതവണ ആവർത്തിക്കും. പുറത്തിറങ്ങി തിരികെയെത്തിയാൽ കുളി കഴിഞ്ഞു മാത്രമേ വീട്ടിൽ കയറൂ. രാവിലെ ചായ കുടിക്കുന്ന ശീലത്തിനു പകരം ആന്റോ ആന്റണി എംപി ഇഞ്ചി, മഞ്ഞൾ, കരിഞ്ചീരകം എന്നിവ ചേർത്തുള്ള ജ്യൂസിലേക്കു മാറി. കയ്യിൽ സാനിറ്റൈസറും മാസ്ക്കും കരുതും.  പുറത്തുപോയി തിരികെ വീട്ടിലെത്തിയാൽ ആദ്യം കുളി. കൈകൊടുക്കുന്നതിനു പകരം കൈ കൂപ്പുന്ന രീതിയാണു കൂടുതൽ സന്തോഷം തരുന്നതെന്ന അഭിപ്രായവും അദ്ദേഹത്തിനുണ്ട്.

ചിരി ആരു കാണാൻ;സുരേഷ് കുറുപ്പിനു സങ്കടം

പൊതുപരിപാടികളിൽ പങ്കെടുക്കാൻ പോകുമ്പോൾ മാസ്ക്, ഷീൽഡ് എന്നിവ ധരിച്ചാണു കെ.സുരേഷ് കുറുപ്പ് എംഎൽഎ കോവിഡിനെ പ്രതിരോധിക്കുന്നത്. പുഞ്ചിരിയും കൈ കൊടുക്കലുമായിരുന്നു സുരേഷ് കുറുപ്പിന്റെ മുഖമുദ്ര. എന്നാൽ ഇപ്പോൾ കൈകൊടുക്കൽ നിർത്തി. പുഞ്ചിരിക്കാമെന്നു കരുതിയാൽ ആരും കാണുന്നുമില്ലല്ലോ എന്നു സങ്കടം.

∙ ‘അകലാതെ’ വഴിയില്ല

മാസ്ക് മാറ്റുന്നതു വിശ്രമ സമയങ്ങളിൽ മാത്രമെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.െജ.തോമസ്. കരുതലുകൾ കൂടുതലാണ്. വിവാഹ ചടങ്ങുകൾ ഒഴിവാക്കിയാലും മരണ വീടുകൾ ഒഴിവാക്കാനാകില്ല. അകലം കൃത്യമായി പാലിക്കും. സാനിറ്റൈസർ എപ്പോഴും കൂടെയുണ്ട്. രോഗ വ്യാപനം കൂടുതലുള്ള മേഖലകളിൽ കഴിവതും സന്ദർശനങ്ങൾ പരിമിതപ്പെടുത്തും. മാസ്ക്കും സാനിറ്റൈസറും വിട്ടൊരു കളിയില്ല സിപിഐ സംസ്ഥാന കൗൺസിൽ അംഗം വി.ബി.ബിനുവിന്. യാത്രകളിലും ഇവ കൊണ്ടു നടക്കും. അകലം പാലിക്കുന്നതിലും വീഴ്ചയില്ല.

∙ സാരി കഴുകി, കഴുകി...

വീട്ടിലെത്തിയാൽ പ്രധാന ജോലി സാരി കഴുകലാണെനന്നു ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ജയ ശ്രീധർ. പുറത്തു പോയി വന്നാൽ വസ്ത്രങ്ങൾ കഴുകി കുളിച്ചു കഴിഞ്ഞാണു വീട്ടിൽ കയറുന്നത്.  പൊതുപരിപാടികളിൽ അകലം  പാലിക്കാൻ ശ്രദ്ധിക്കും. സാനിറ്റൈസർ ബാഗിൽ കയറിക്കൂടി എന്നതാണു പ്രധാന മാറ്റമെന്നും ജയ.

∙ കൂപ്പുകൈ മാത്രം

ദിവസം മൂന്നും നാലും കുളിയാണു ഇപ്പോഴെന്നു കുറവിലങ്ങാട് പഞ്ചായത്തംഗം ഷൈജു പാവുത്തിയേൽ. മുണ്ടുടുത്താൽ മടിയിൽ ഒരു സാനിറ്റൈസർ കരുതും. രോഗബാധയുണ്ടായ സ്ഥലങ്ങളിൽ പോയാൽ  2 മാസ്ക് ധരിക്കും. വാഹനത്തിലും സാനിറ്റൈസറുണ്ട്. പരിചയക്കാരെ കണ്ടാൽ കൈ കൊടുക്കുന്ന പതിവും തെറ്റി. കൂപ്പുകൈ മാത്രമാണിപ്പോൾ– ഷൈജു പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com