വൈക്കത്തഷ്ടമി: ആന വേണ്ടെന്നു ദേവസ്വം ബോർഡ്, 75 എഴുന്നള്ളിപ്പുകളാണു നടക്കേണ്ടിയിരുന്നത്

HIGHLIGHTS
  • പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി.
kottayam-vaikom-temple
ഫയൽ ചിത്രം
SHARE

വൈക്കം∙ വൈക്കത്തഷ്ടമി ഉത്സവത്തിന് ആന എഴുന്നള്ളത്തു വേണ്ടെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ്. പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി. എഴുന്നള്ളത്തിന് ആചാരപരമായ ചടങ്ങുകൾ മാത്രം മതിയെന്നാണ് ഉത്തരവ്. അഷ്ടമിക്ക് ഒന്നാം ഉത്സവം മുതൽ ആറാട്ട് വരെ വൈക്കം ക്ഷേത്രത്തിൽ 75 എഴുന്നള്ളിപ്പുകളാണു നടക്കേണ്ടത്. ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവത്തിന് 24 എഴുന്നള്ളത്തുകളും നടക്കും. ഇതിലെല്ലാം ആനയെ ഉപയോഗിച്ചിരുന്നു. വൈക്കം ക്ഷേത്രത്തിൽ സന്ധ്യാ വേല, ഉത്സവബലി, കൊടിയേറ്റ് അറിയിപ്പ്, തെക്കുംചേരിയുടെയും വടക്കുംചേരിയുടെയും എഴുന്നള്ളിപ്പ്, ശ്രീബലി, ആറാട്ട്, ഋഷഭ വാഹനം എഴുന്നള്ളിപ്പ് എന്നിവയ്ക്കു പുറമേ അഷ്ടമി വിളക്കിനും ആനയെ എഴുന്നള്ളിച്ചിരുന്നു.

ഉദയനാപുരത്തപ്പൻ വൈക്കം ക്ഷേത്രത്തിലേക്ക് എഴുന്നള്ളുന്നതും ആനപ്പുറത്താണ്. അഷ്ടമി ദർശനത്തിനു ശേഷം പിറ്റേന്നു പുലർച്ചെ വൈക്കത്തപ്പനും ഉദയനാപുരത്തപ്പനും തമ്മിലുള്ള കൂടിപ്പിരിയൽ ചടങ്ങും ആനപ്പുറത്തു തന്നെ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എഴുന്നള്ളിപ്പിനു കുറഞ്ഞത് 2 ആനകളെ അനുവദിക്കണമെന്നാണു ഹിന്ദു ഐക്യവേദിയുടെ ആവശ്യം. ഒരാനയെയെങ്കിലും അനുവദിക്കണമെന്നാവശ്യപ്പെട്ടു ക്ഷേത്രോപദേശക സമിതി ദേവസ്വം ബോർഡിനു കത്ത് നൽകി.

ആനകളെ എഴുന്നള്ളിക്കണമെന്ന ആവശ്യം തിരുവിതാംകൂർ ദേവസ്വം ബോർഡിനെ അറിയിച്ചിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ ഡിസംബർ വരെയുള്ള ഉത്സവത്തിന് ആനകളെ ഒഴിവാക്കണമെന്നാണു ബോർഡിന്റെ തീരുമാനം. അതു നടപ്പാക്കും. -കെ.ആർ.ബിജു,ദേവസ്വം ബോർഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ.

ബോർഡിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ദേവസ്വം അധികൃതർക്കു നിവേദനം നൽകി. കോവിഡ് നിയന്ത്രണം പാലിച്ച് ഒരു ആനയെ എങ്കിലും അനുവദിക്കണം. -ഡി.സോമൻ കടവിൽ, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ്.

ഉത്തരവ് പിൻവലിക്കണം. ഇല്ലെങ്കിൽ പ്രതിഷേധം സംഘടിപ്പിക്കും. ആചാരപരമായ ചടങ്ങുകൾക്ക് ആന അനിവാര്യമാണ്. -കെ.ഡി.സന്തോഷ്, ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kottayam
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA