ADVERTISEMENT

പൊൻകുന്നം ∙ ഒരു രാത്രി മുഴുവൻ കാണാമറയത്ത് നിന്ന കൊമ്പനെ 16 മണിക്കൂറിനു ശേഷം തളച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ ഇളമ്പള്ളി നെയ്യാട്ടുശേരിയിൽ നിന്ന് ഇടഞ്ഞോടിയ വാഴൂർ ശിവസുന്ദർ എന്ന ആനയെ അർധരാത്രിയിൽ കണ്ടെത്തിയെങ്കിലും തളയ്ക്കാനായത് ഇന്നലെ രാവിലെ ഏഴിന്. ഇളങ്ങുളം വയലുങ്കൽപ്പടിയിൽ തോട്ടത്തിൽ തളച്ച ആനയെ ഉടമയെത്തി വീട്ടിലേക്കു ലോറിയിൽ കൊണ്ടു പോയി. ‌

  ഇടഞ്ഞ ആന നശിപ്പിച്ച കപ്പത്തോട്ടത്തിൽ  എം.സി ജോസഫ്.
ഇടഞ്ഞ ആന നശിപ്പിച്ച കപ്പത്തോട്ടത്തിൽ എം.സി ജോസഫ്.

15 ദിവസം നിരീക്ഷണത്തിൽ വയ്ക്കണമെന്നും ഇതിനുശേഷം പരിശോധന നടത്തിയ ശേഷമേ ആനയെ പുറത്തു കൊണ്ടുപോകാവെന്നും നിർദേശിച്ചതായി ജില്ലാ എലിഫന്റ് സ്ക്വാഡിലെ വെറ്ററിനറി സർജൻ ഡോ.ബിനു ഗോപിനാഥ് പറഞ്ഞു. പൊൻകുന്നം സ്റ്റേഷൻ ഹൗസ് ഓഫിസർ എം.എസ്.രാജീവ്, ഗ്രേഡ് എസ്ഐമാരായ റെജി ലാൽ. രവീന്ദ്രൻ ആചാരി, സിപിഒമാരായ അരുൺ റെജി, ബിനു ഏബ്രഹാം തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു നടപടി.

നാടു വിരണ്ട മണിക്കൂറുകൾ

ഇടഞ്ഞോടിയ ആനയെ പിന്തുടർന്ന പൊലീസ് സംഘാംഗം പൊൻകുന്നം സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ കെ.എം.പ്രസന്നൻ പറയുന്നു

ആന ഇടഞ്ഞ വിവരം തിങ്കളാഴ്ച വൈകിട്ട് അഞ്ചിനാണ് ഞങ്ങൾ അറിഞ്ഞത്. എസ്എച്ച്ഒ നേതൃത്വത്തിൽ 10 അംഗ പൊലീസ് സംഘം സ്ഥലത്ത് എത്തി.പാപ്പാൻമാരുടെ നിർദേശം വകവയ്ക്കാതെ നിൽക്കുകയായിരുന്നു ആന. മയക്കുവെടി ഏൽക്കാതെ വന്നതോടെ ആന റോഡിലേക്കിറങ്ങി. വൈദ്യുത പോസ്റ്റ് മറിച്ചതല്ല, ആനയുടെ പിൻഭാഗം തട്ടി ഒടിഞ്ഞുവീണതാണ്. തീപ്പൊരി ചിതറി, കറന്റു പോയി. വിരണ്ട ആന വഴിയരികിലെ ഓട്ടോ തട്ടിത്തെറിപ്പിച്ചു.സംഭവമറിഞ്ഞ് ആളുകൾ കൂടാൻ തുടങ്ങി. ഇവരെ നിയന്ത്രിക്കാനായിരുന്നു ബുദ്ധിമുട്ട്. രാത്രിയാതോടെ ഇരുട്ടത്ത് ആനയെ തിരയുന്നതു ശരിക്കും പാടായി.

പല വീടുകളുടെയും പരിസരം വഴി‌ മരച്ചില്ലകൾ ഒടിച്ച് നീങ്ങുന്നതായി ആളുകൾ അറിയിക്കാൻ തുടങ്ങി. തിരച്ചിൽ സംഘം പല വഴിക്കു തിരിഞ്ഞു. മയക്കുവെടി വയ്ക്കാനായി എത്തിയ വെറ്ററിനറി സർജൻ ഡോ.ബിനു ഗോപിനാഥും പല സ്ഥലങ്ങളിൽ നിന്നു കൊണ്ടു വന്ന 25 പാപ്പാന്മാരും ഉണ്ടായിരുന്നു.ഒടുവിൽ ആന റബർ തോട്ടത്തിൽ ഉണ്ടെന്നു മനസ്സിലായി.

പൊലീസ് ജീപ്പിന്റെ ഹെഡ്‍ലൈറ്റും ജനറേറ്ററുമൊക്കെ ഉപയോഗിച്ച് ലൈറ്റ് തെളിച്ചെങ്കിലും കാടുപിടിച്ച തോട്ടത്തിൽ ഒന്നും കണ്ടെത്താൻ പറ്റിയില്ല.രാത്രി പത്തരയോടെ കറന്റ് വന്നു. പിന്നാലെ ഫോറസ്റ്റ് ഉദ്യോഗസ്ഥരുമെത്തി. അർധരാത്രിയിൽ ആനയെ കണ്ടെത്തി.ഒടുവിൽ ഇന്നലെ രാവിലെ റബർ തോട്ടത്തിൽ നിന്ന ആനയുടെ പിന്നിലൂടെ പാപ്പാന്മാർ എത്തി ഒരു കാലിൽ കയറിട്ടു കെട്ടി, തളച്ചു.

   ആന മറിച്ചിട്ട ഓട്ടോയ്ക്ക് സമീപം ബിപിനേഷ് ബാബു.
ആന മറിച്ചിട്ട ഓട്ടോയ്ക്ക് സമീപം ബിപിനേഷ് ബാബു.

ആന പാഞ്ഞുവരുന്നു. ഓട്ടോയിൽ യാത്രക്കാരുണ്ട്.. എന്ത് ചെയ്യും ?

"ഒരു നിമിഷം പകച്ചു. പിന്നെ ഓട്ടോ നിർത്തിയിട്ടിട്ട് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. യാത്രക്കാരും കൂടെയോടി. ഓട്ടത്തിനിടെ വീണ് കാലുപൊട്ടി. ആന ഓട്ടോറിക്ഷയ്ക്ക് അടുത്തെത്തി, ആന ഒറ്റത്തട്ടു തട്ടി. തലകീഴായി ഓട്ടോറിക്ഷ റോഡിന്റെ വശത്ത് പോയി വീണു. നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ. ഒന്നാം മൈലിൽ നിന്ന് ഓട്ടം വന്നതാണ്. സ്ഥലത്ത് ആന ഇടഞ്ഞതായി അറിഞ്ഞിരുന്നു. റബർ തോട്ടത്തിലാണ് നിൽക്കുന്നതെന്നാണ് എല്ലാവരും പറഞ്ഞത്. പെട്ടെന്ന് ഓട്ടോയുടെ മുന്നിലേക്ക് ആന ഓടിവരികയായിരുന്നു."–ബിപിനേഷ് ബാബു, ആന തകർത്ത ഓട്ടോറിക്ഷയുടെ ഡ്രൈവറും ഉടമയും

"ആന പിണങ്ങി എന്റെ വീടിന് പിന്നിൽ നിൽക്കുന്നതും പാപ്പാന്മാർ അടുത്തു നിൽക്കുന്നതും കണ്ടിരുന്നു. പറമ്പിൽ നിന്നു കപ്പ പറിച്ച് പാപ്പാന്മാർ എറിഞ്ഞു കൊടുത്തു. തോട്ടിൽ നിന്ന് കയറിയ ആന എന്റെ പറമ്പിൽത്തന്നെ നിൽപ്പായി. കപ്പയൊക്കെ പറിച്ചെറിഞ്ഞു. മറ്റു കൃഷിയും നശിപ്പിച്ചു. മയക്കുവെടി വച്ചെങ്കിലും കൊണ്ടില്ല. ഇതോടെ റോഡിലേക്ക് ഓടി. ഗേറ്റ് ഉണ്ടായിരുന്നെങ്കിലും അത് തകർക്കാതെ മറുവശത്തു കൂടിയാണ് ഓടിയത്. റോഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഓടി. വൈദ്യുത പോസ്റ്റ് കുത്തിമറിച്ചതോടെ കറന്റ് പോയി. രാത്രി ഇരുട്ടത്ത് എല്ലാവരും ആനയെ തിരഞ്ഞു. അവൻ സ്ഥലംവിട്ട കാര്യം പിന്നീടാണ് മനസ്സിലായത്."–എം.സി.ജോസഫ് (കുട്ടിയച്ചൻ), ആന ഓടിക്കയറി കൃഷി നശിപ്പിച്ച സ്ഥലത്തിന്റെ ഉടമ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com