ADVERTISEMENT

ഉഴവൂർ ∙ തരിശു ഭൂമിയിൽ വനിതാ കൂട്ടായ്മയുടെ കൃഷി വൻവിജയം. ഉഴവൂർ മൂന്നാം വാർഡിലെ ധനലക്ഷ്മി കൂട്ടായ്മ വിശ്രമമില്ലാത്ത അധ്വാനത്തിലൂടെ സൃഷ്ടിച്ചത് നല്ല മാതൃക. മരച്ചീനിയും ഏത്തവാഴക്കുലകളും വിറ്റപ്പോൾ ഇവരുടെ അക്കൗണ്ടിലേക്കു എത്തിയത് രണ്ടര ലക്ഷം രൂപ. ഇതിൽ 95 ശതമാനത്തിലധികവും മരച്ചീനിയുടെ വില. ഏതാനും മാസം മുൻപ് പാട്ടത്തിനെടുത്ത 3 ഏക്കർ പുരയിടത്തിൽ നട്ട 5,000 മൂട് മരച്ചീനിയിൽ 3000 ചുവട് വിളവെടുത്തപ്പോഴാണ് കൂട്ടായ്മ അക്ഷരാർഥത്തിൽ ധനലക്ഷ്മിയായത്.

പഞ്ചായത്തംഗം ആനീസ് മാത്യുവിന്റെ നേതൃത്വത്തിൽ സതി വിജയൻ, ബെൻസി ബിജു, സുജാത സുരേന്ദ്രൻ, ബെൻസി സണ്ണി, ഗീത ഷാജി, ഗീത രഘുനാഥ്, പെണ്ണമ്മ ബേബി, മിനി തങ്കച്ചൻ, ഷൈലജ നാരായണൻ എന്നിവരാണ് ധനലക്ഷ്മി കൂട്ടായ്മയിലെ അംഗങ്ങൾ. പാണാത്ത് ഗിരിജയുടെ പുരയിടം പാട്ടത്തിനെടുത്താണ് കൃഷിയുടെ തുടക്കം. കാടു പിടിച്ചു കിടന്ന സ്ഥലം വൃത്തിയാക്കി. ചേന, 300 ഏത്തവാഴ, കാച്ചിൽ, ചേമ്പ്, ചെറുകിഴങ്ങ്, മത്തൻ, ചീനിക്കിഴങ്ങ്, കൂർക്ക കൃഷികളും നടത്തി. ഇതിലും നല്ല വിളവു കിട്ടി. 

മരച്ചീനി വിളവെടുപ്പ് അൽപം കഠിനമായതിനാൽ കുടുംബാംഗങ്ങളും സഹായത്തിന് എത്തി. ഇത്തവണ 3 ഏക്കർ സ്ഥലം കൂടി പാട്ടത്തിനെടുത്തു. വല്ലംബ്രോസൻ സഭയുടേതാണ് സ്ഥലം. ഇവിടെ 2,000 ചുവട് കപ്പയാണു നട്ടത്.ബാക്കി സ്ഥലത്തു പച്ചക്കറിക്കൃഷി തുടങ്ങി. ദിവസവും എട്ടിനു ജോലി തുടങ്ങും. കൂടുതൽ മേഖലകളിൽ കൃഷി നടത്താനാണു തീരുമാനമെന്നു പഞ്ചായത്തംഗം ആനീസ് മാത്യു പറഞ്ഞു. വിളവെടുപ്പ് ഉത്സവം പഞ്ചായത്തംഗം ഡോ.സിന്ധുമോൾ ജേക്കബ് ഉദ്ഘാടനം ചെയ്തു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com