സീറ്റ് ചോദിച്ചിട്ട് കിട്ടാത്തവർ സ്വതന്ത്രർ ആയി രംഗത്ത്; മുന്നണികളിൽ സൗഹൃദ മത്സരത്തിന് അരങ്ങൊരുങ്ങുന്നു

janakeeyam-1
SHARE

ഈരാറ്റുപേട്ട ∙ നാമ നിർദേശ പിൻവലിക്കാനുള്ള ദിവസം നാളെ അവസാനിക്കാനിരിക്കെ മുന്നണികളിൽ സൗഹൃദ മത്സരം ഉണ്ടായേക്കും. ഈരാറ്റുപേട്ട, തലനാട്, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തുകളിൽ എൽഡിഎഫിൽ ഏതാനും വാർഡുകളിൽ സൗഹൃദ മത്സരത്തിനു സാധ്യതയേറി. ഇന്നും നാളെയുമായി ചർച്ചയിലൂടെ പരിഹരിക്കാമെന്നാണു നേതൃത്വത്തിന്റെ പ്രതീക്ഷ. ഈരാറ്റുപേട്ട നഗരസഭ 3, 19 വാർഡുകളിലാണ് സിപിഎമ്മും സിപിഐയും തമ്മിൽ തർക്കം നിലനിൽക്കുന്നത്.ബ്ലോക്ക് പഞ്ചായത്ത് കളത്തുക്കടവ് ഡിവിഷനിൽ യുഡിഎഫിന്റെ രണ്ട് സ്ഥാനാർ‌ഥികൾ പത്രിക നൽകി. കോൺഗ്രസ് സ്ഥാനാർഥിയായി ബിജു മനയാനിയും കേരള കോൺഗ്രസ് (ജോസഫ്)സ്ഥാനാർഥിയായി ജോയിച്ചൻ കുന്നയ്ക്കാട്ടും ആണ് പത്രിക നൽകിയത്. കേരള കോൺഗ്രസ് എമ്മിലെ ജെറ്റോ ജോസാണ് ഇവിടെ എൽഡിഎഫ് സ്ഥാനാർഥി.

തലനാട് പഞ്ചായത്തിലും സിപിഎമ്മും സിപിഐയും തമ്മിൽ തർക്കം നിലനിൽക്കുകയാണ്. 9ാം വാർഡ് വേണമെന്നതാണ് സിപിഐയുടെ ആവശ്യം. 12 13 വാർഡുകളും ബ്ലോക്ക് ഡിവിഷനും ‌സിപിഐയ്ക്കാണ്. എന്നാൽ ഇവിടെയും സിപിഎം സ്ഥാനാർഥികൾ പത്രിക നൽകിയതാണ് തർക്കം തീരാൻ വൈകുന്നത്.പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് ഒന്നാം വാർഡിൽ എൽഡിഎഫിൽ രണ്ടു സ്ഥാനാർഥികൾ രംഗത്തുണ്ട്. കേരള കോൺഗ്രസ് എമ്മിലെ ദേവസ്യാച്ചൻ വാണിയപ്പുര , സിപിഐയിലെ കുര്യാച്ചൻ പാറയിൽ എന്നിവർ പത്രിക നൽകിയിട്ടുണ്ട്. കോൺഗ്രസിലെ റോജി മുതിരേന്തിക്കലാണു യുഡിഎഫ് സ്ഥാനാർഥി. ജനപക്ഷത്തിലെ സെബാസ്റ്റ്യൻ ഞരളക്കാട്ട്, എൻഡിഎ സ്ഥാനാർഥിയായി കുരൻ മാത്യു താന്നിക്കുഴുപ്പിലും സ്വതന്ത്രനായി കെ.വി ജോമോൻ കരോട്ടുചിറയ്ക്കലും മത്സരിക്കുന്നു.മേലുകാവ് പഞ്ചായത്ത് ഒന്നാം വാർഡിൽ യുഡിഎഫിലെ പി.ജെ. ബഞ്ചമിൻ തടത്തിപ്ലാക്കൽ കോൺഗ്രസ് സ്ഥാനാർഥിയായും ജോൺസൻ തടാമല കേരള കോൺഗ്രസ് (ജോസഫ്) സ്ഥാനാർഥിയായും രംഗത്തുണ്ട്.

മേലുകാവ് പഞ്ചായത്ത് ഏഴാം വാർഡിൽ എൽഡിഎഫിനു 3 സ്ഥാനാർഥികളാണ്. കേരള കോൺഗ്രസിലെ അലക്‌സ് ടി ജോസഫ്, സിപിഐയിലെ ജെസി ബെന്നി, സിപിഎമ്മിലെ ജോഷ് പി. സേവ്യർ എന്നിവരാണ് മത്സര രംഗത്തുള്ളത്. റോണമി സ്കറിയ വാളിപ്ലാക്കലാണ് ഇവിടെ യുഡിഎഫ് സ്ഥാനാർഥി.തലപ്പലം പഞ്ചായത്ത് പ്ലാശനാൽ‌ 9ാം വാർഡിൽ സിപിഐയും കേരള കോൺഗ്രസ് എമ്മും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. ലിനു ജോണി കല്ലോലിക്കൽ സിപിഐ സ്ഥാനാർഥിയായും ജെസി സോണി പേരുക്കുന്നേൽ(കേരള കോൺഗ്രസ് എം സ്ഥാനാർഥിയായും പത്രിക നൽകി. കോൺഗ്രസിലെ അനുപമ വിശ്വനാഥാണു യുഡിഎഫ് സ്ഥാനാർഥി. ബി.ജെപി സ്ഥാനാർഥിയായി എൽസി ജോസഫ് മണ്ഡപത്തിലും മത്സരിക്കുന്നു.

സീറ്റ് ചോദിച്ചിട്ട് കിട്ടാത്തവർ സ്വതന്ത്രർ ആയി രംഗത്ത്

മുന്നണി സ്ഥാനാർഥികൾക്കു നേരിടേണ്ടത് മുന്നണിയിൽ നിന്നുള്ളവരെ. പഞ്ചായത്തിലെ 3 വാർഡുകളിലാണ് ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ സ്വതന്ത്രർ രംഗത്തു വന്നിരിക്കുന്നത്. 2, 10, 14 വാർഡുകളാണു ഇക്കാര്യത്തിൽ മുൻപിൽ നിൽക്കുന്നത്. രണ്ടാം വാർഡിൽ മാർട്ടിൻ വി ഏബ്രഹാം വയമ്പോത്തനാൽ, 10ൽ മിനി ബിനോ മുളങ്ങാശേരി, 14ൽ സ്കറിയാച്ചൻ പൊട്ടനാനി എന്നിവരാണിവർ. സീറ്റ് നൽകാമെന്ന‍ വാഗ്ദാനം പാലിക്കാത്തതിനാലാണ് സ്വതന്ത്രനായി മത്സരിക്കുന്നതെന്ന് മാർട്ടിൻ പറയുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിലും സീറ്റ് നൽകാനെന്നു പറഞ്ഞെങ്കിലും അവസാന നിമിഷം ലഭിച്ചില്ല. തുടർന്ന് സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു ഈ കോൺഗ്രസ് പ്രവർത്തകൻ. കേരള കോൺഗ്രസിലെ സേവ്യർ കണ്ടത്തിൻകരയാണ് ഇവിടെ യുഡിഎഫ് സ്ഥാനാർഥി. ഓമന രമേശ് എൽഡിഎഫ് സ്ഥാനാർഥിയായും ജോമി പഴേട്ട് ജനപക്ഷം സ്ഥാനാർഥിയായും പി.ആർ ജിജിമോൻ പാറപ്പുറത്ത് ബിജെപി സ്ഥാനാർഥിയായും മത്സരിക്കുന്നു.

മുൻ പ്രസിഡന്റിനെതിരെ മുൻ വൈസ് പ്രസിഡന്റിന്റെ ഭാര്യ മത്സരിക്കുന്നുവെന്ന പ്രത്യേകതയാണ് 10ാം വാർഡിലുള്ളത്. മുൻ പ്രസിഡന്റ് സുജ ബാബുവിനെതിരെ മത്സര രംഗത്തുള്ളത് മുൻ വൈസ്പ്രസിഡന്റ് ബിനോ മുളങ്ങാശേരിയുടെ ഭാര്യ മിനി ബിനോയാണ്. കോൺഗ്രസിലെ എ,ഐ ഗ്രൂപ്പ് തർക്കമാണ് മിനി ബിനോയെ മത്സര രംഗത്തെത്തിച്ചത്. സിപിഐയിലെ സന്ധ്യ ബിജു പൊങ്ങൻപാറയിലും ജനപക്ഷം സ്ഥാനാർഥിയായി തങ്കമ്മ ജോസഫ് പുറത്തേലും ബിജെപി സ്ഥാനാർഥിയായി അർച്ചന ആനന്ദൻ ഈന്തുംകാലായിലും രംഗത്തുണ്ട്.14ാം വാർഡിലാണ് മറ്റൊരു സ്വതന്ത്രൻ രംഗത്തുള്ളത്. മുൻ പഞ്ചായത്തംഗം സ്കറിയാച്ചൻ പൊട്ടനാനി ഈ വാർഡിൽ സ്വതന്ത്രനായി മത്സരിക്കുന്നു. കേരള കോൺഗ്രസ് എം പ്രതിനിധിയായിരുന്ന സ്കറിയാച്ചൻ എൽഡിഎഫ് പ്രവേശനത്തോടു വിയോജിച്ചാണു സ്വതന്ത്രനായി മത്സരിക്കുന്നത്. റോയി കുര്യൻ തുരുത്തിയാണ് ഇവിടെ ‌യുഡിഎഫ് സ്ഥാനാർഥി. സിപിഎം സ്ഥാനാർഥിയായി ഷിബു മാർട്ടിൻ എലിപ്പുലിക്കാട്ടിലും കെ.കെ സൈബോ ബിജെപി സ്ഥാനാർഥിയായും മത്സരിക്കുന്നു.

പാലാ നഗരസഭയിലെ കോൺഗ്രസ് സ്ഥാനാർഥികളുടെ ലിസ്റ്റായി

നഗരസഭയിൽ യുഡിഎഫിലെ കോൺഗ്രസ് സ്ഥാനാർഥികളുടെ ലിസ്റ്റായി. ആകെയുള്ള 26 വാർഡുകളിൽ കോൺഗ്രസ് 13 സീറ്റിലാണു മത്സരിക്കുന്നത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗവും13 സീറ്റിൽ മത്സരിക്കും.വാർഡ് 3-സേവി വെള്ളരിങ്ങാട്ട്, 4-തനൂജമ്മ ജോൺസി വരാച്ചേരിൽ, 11-കൊച്ചുത്രേസ്യ ഞള്ളക്കാട്ട്, 13-ബിനോയി ജോൺ കണ്ടത്തിൽ, 15-ലീലാമ്മ ജോസഫ് ഇലവുംകുന്നേൽ, 16-ആനി ബിജോയി തെക്കേൽ, 17-ലിസിക്കുട്ടി കണ്ടത്തിപ്പറമ്പിൽ, 18-പ്രഫ.സതീശ് ചൊള്ളാനി, 19-മായ രാഹുൽ പുളിക്കൽ, 21-വി.സി.പ്രിൻസ് തയ്യിൽ, 22-ആർ.മനോജ് ഓലാടത്തിൽ, 23-വിഷ്ണു ബാബു വരകുകാലായിൽ, 24-ഷുബിൻ ബിജു ഞെട്ടനൊഴുകയിൽ.

സ്വയം ഡിസൈൻ ചെയ്ത പോസ്റ്ററുമായി അനിറ്റ 

കടപ്ലാമറ്റം പഞ്ചായത്ത് അഞ്ചാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി അനിറ്റ റോജിയുടെ പ്രായം 22. ഏറ്റുമാനൂർ സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ ഗ്രാഫിക് ഡിസൈനിങ്, ഫിലിം എഡിറ്റിങ് എന്നിവ പഠിച്ച അനിറ്റ പ്രചാരണത്തിനു ഉപയോഗിക്കുന്നത് സ്വയം ഡിസൈൻ ചെയ്ത പോസ്റ്റർ. ഒപ്പം മുന്നണിയിലെ മറ്റു സ്ഥാനാർഥികൾക്കും പോസ്റ്ററുകൾ മാതൃക ഡിസൈൻ ചെയ്തു നൽകുന്നു. എല്ലാവർക്കും പോസ്റ്റർ ഡിസൈൻ ചെയ്തു നൽകി ജോലിയിൽ തുടരുമ്പോഴാണ് അപ്രതീക്ഷിതമായി മത്സരത്തിനു വഴി തെളിഞ്ഞത്.കടപ്ലാമറ്റം കാരുവേലിൽ റോജി ജോസ്–ജെസി ദമ്പതികളുടെ മകളാണ്.  ആൻസി സഖറിയാസ് ആണ് അഞ്ചാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി.

അന്ന് സെക്രട്ടറി, ഇന്ന് സ്ഥാനാർഥി

പഞ്ചായത്തു സെക്രട്ടറി തന്നെ മത്സരത്തിനിറങ്ങുക, അതും മുൻപ് ജോലി ചെയ്ത സ്വന്തം പഞ്ചായത്തിൽത്തന്നെ. 2 വർഷം മുൻപ് പഞ്ചായത്തിലെത്തിയവർക്കു സെക്രട്ടറിയുടെ കസേരയിലിരുന്ന മേലുകാവ് കയ്യാലയ്ക്കകത്ത് എൽസമ്മ ജോസഫിനെ ഓർമയുണ്ടാകും. മേലുകാവ് പഞ്ചായത്ത് സെക്രട്ടറി സ്ഥാനത്തുനിന്നു 2018ലാണ് എൽസമ്മ വിരമിച്ചത്.പതിമൂന്നാം വാർഡ് കുളത്തികണ്ടത്ത് എൽഡിഎഫ് സ്ഥാനാർഥിയായാണ് കന്നി അങ്കം. കോൺഗ്രസിലെ ബിൻസി ടോമി വെട്ടത്താണ് യുഡിഎഫ് സ്ഥാനാർഥി. ഒഐഒപി സ്ഥാനാർഥി ഷീജ സജി മണ്ഡപത്തിലും മത്സരരംഗത്തുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kottayam
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA