ADVERTISEMENT

കിടങ്ങൂർ ∙ വ്യാജ വിലാസത്തിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ സംഘത്തെ പൊലീസ് പിടികൂടി. പൂഞ്ഞാർ കരോട്ടുവീട്ടിൽ മുഹമ്മദ് ഷിജാസ് (20), പൂഞ്ഞാർ വെള്ളാപ്പള്ളിയിൽ മുഹമ്മദ് റാഫി (21), ഇൗരാറ്റുപേട്ട നടയ്ക്കൽ വലിയവീട്ടിൽ മുഹമ്മദ് ഷാഫി (20) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതി തൊടുപുഴയിൽ വാടകയ്ക്കു താമസിക്കുന്ന കൊല്ലം സ്വദേശി ഗോപി(45)ക്കായി പൊലീസ്  അന്വേഷണം നടത്തിവരികയാണ്. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ശ്രദ്ധ തിരിക്കുന്നതിനായി ‘ദൃശ്യം’ സിനിമ സ്റ്റൈലിൽ മുഹമ്മദ് ഷിജാസിന്റെ സിം കാർഡ് മറ്റൊരു മൊബൈലിൽ ഇട്ട് നാഷനൽ പെർമിറ്റ് ലോറിയിൽ തമിഴ്നാട്ടിലേക്ക് കയറ്റിവിട്ടതായി എസ്എച്ച്ഒ സിബി തോമസ് പറഞ്ഞു. 

സ്വർണപ്പണിക്കാർക്കു പോലും തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ മുക്കുപണ്ടം നിർമിച്ച് ഒട്ടേറെ സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളിൽ സംഘം തട്ടിപ്പു നടത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി‍വരികയാണ്.കിടങ്ങൂരിലെ 2 സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിന്ന് കഴിഞ്ഞ‍ 22 നു സ്വർണം പൂശിയ 2 വളകൾ വീതം പണയം വച്ച് പണം വാങ്ങിയിരുന്നു. ഒരിടത്തു നിന്ന് 70,000 രൂപയും മറ്റൊരിടത്തു നിന്ന് 65,000 രൂപയുമാണ് വാങ്ങിയത്. രണ്ടിടത്തും ആധാർ കാർഡ് പകർപ്പ് ഹാജരാക്കിയിരുന്നു. 24നു എരുമേലിയിലെ പണമിടപാട് സ്ഥാപനത്തിലും സമാനരീതിയിൽ ആധാർ കാർഡ് നൽകി 2 വളകൾ വച്ച് 90,000 രൂപ വാങ്ങി. പിന്നീട് സംശയം തോന്നിയ സ്ഥാപന ഉടമ വളകൾ ഉരച്ചുനോക്കിയപ്പോഴാണ് മുക്കുപണ്ടം ആണെന്നറിയുന്നത്. 

ഇതോടെ സ്വകാര്യ പണമിടപാടുകാരുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ സംഭവത്തെക്കുറിച്ച് അറിയിപ്പ് നൽകി. തുടർന്ന് കിടങ്ങൂരിലെ പണമിടപാട് സ്ഥാപന ഉടമകൾ പണയ ഉരുപ്പടി‍ പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടം ആണെന്ന് അറിയുന്നത്.തൊടുപുഴയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലും മുക്കുപണ്ടം വച്ച് 65,000 രൂപ സംഘം വാങ്ങിയിരുന്നു. ഇതേ സ്ഥാപനത്തിന്റെ തൊടുപുഴയിൽ തന്നെയുള്ള മറ്റൊരു ശാഖയിൽ പണയം വയ്ക്കാൻ എത്തിയയാളെ‍, സംശയം തോന്നിയ ജീവനക്കാർ പിടികൂടാൻ ശ്രമിച്ചെങ്കിലും അവരെ തള്ളിമാറ്റി കടന്നുകളയുകയായിരുന്നു. 

എല്ലാ സ്ഥാപനങ്ങളിലും നൽകിയിരുന്ന ആധാർ കാർഡ് കോപ്പിയിലെ ഫോട്ടോ ഒരാളുടേതു തന്നെയായിരുന്നെങ്കിലും പേരും ആധാർ നമ്പറും വിലാസവും വ്യത്യസ്തമായിരുന്നു. ആധാർ കാർഡും വ്യാജമായി നിർമിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്.കാക്കനാട് നിന്നാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഡിവൈഎസ്പി സാജു വർഗീസ്, എസ്എച്ച്ഒ സിബി തോമസ്, എസ്ഐ പി.എസ്.അനീഷ്, എഎസ്ഐ പ്രസാദ്, മഹേഷ് കൃഷ്ണൻ, സീനിയർ സിവിൽ ഓഫിസർ ആന്റണി സെബാസ്റ്റ്യൻ, എം.ജി.സുനിൽ കുമാർ എന്നിവർ ചേർന്ന് പ്രതികളെ പിടികൂടി. ഏറ്റുമാനൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com