ADVERTISEMENT

അതിരമ്പുഴ ∙ ആഘോഷമായ നഗരപ്രദക്ഷിണവും വെടിക്കെട്ടും ഇല്ലാതെ ചരിത്രത്തിൽ ആദ്യമായി അതിരമ്പുഴ തിരുനാളിലെ രാത്രി പെരുന്നാൾ ഇന്ന്. നഗരപ്രദക്ഷിണത്തിന് പകരമായി തയാറാക്കിയ വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ പ്രതിഷ്ഠിച്ച രഥങ്ങളെ വരവേൽക്കാൻ വിശ്വാസികൾ ഒരുങ്ങിക്കഴിഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള തിരുനാൾ ആയതിനാൽ രഥത്തെ അനുഗമിക്കാൻ വിശ്വാസികൾക്ക് അനുവാദമില്ല.

  അതിരമ്പുഴ ചന്തക്കടവിലെ വൈദ്യുത ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമം അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന വികാരി ഫാ. ഡോ.ജോസഫ് മുണ്ടകത്തിൽ നിർവഹിക്കുന്നു.
അതിരമ്പുഴ ചന്തക്കടവിലെ വൈദ്യുത ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമം അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന വികാരി ഫാ. ഡോ.ജോസഫ് മുണ്ടകത്തിൽ നിർവഹിക്കുന്നു.

ഇന്ന് രാവിലെ 5.15നു ചെറിയപള്ളിയിലും 5.45നും 7.45നും 9.45നും ഉച്ചകഴിഞ്ഞ് 2നും വലിയ പള്ളിയിലും കുർബാന. വൈകുന്നേരം 4.15ന്‌ വലിയപള്ളിയിൽ അതിരമ്പുഴ ഇടവകക്കാരായ വൈദികർ അർപ്പിക്കുന്ന സമൂഹബലി. വൈദ്യുത ലൈറ്റുകൾകൊണ്ടു ദീപാലംകൃതമായ വലിയപള്ളിയിൽ നിന്നു 6ന് പ്രദക്ഷിണം ആരംഭിക്കും. വലിയപള്ളിയുടെയും, ചെറിയപള്ളിയുടെയും മാതൃകയിൽ തയാറാക്കിയിരിക്കുന്ന രഥങ്ങളിൽ ഉണ്ണിയീശോയുടെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ അന്തോണീസിന്റെ തിരുസ്വരൂപങ്ങൾ പ്രതിഷ്ഠിക്കും.

രഥഘോഷയാത്ര ചന്തക്കടവിൽ എത്തുമ്പോഴേക്കും ചന്തക്കടവിലും ടൗൺ കപ്പേളയിലും പരിസരങ്ങളിലും വൈദ്യുത ദീപങ്ങൾ വർണപ്രഭ വിതറും. ടൗൺ കപ്പേളയിലെ പ്രാർഥനയ്ക്കു ശേഷം തുടരുന്ന പ്രദക്ഷിണം ചെറിയപള്ളിയിൽ പ്രവേശിക്കാതെ നേരെ വലിയപള്ളിയിലെത്തി  സമാപിക്കും.പകൽ പെരുന്നാൾ‍ ദിനമായ നാളെ രാവിലെ 7.30ന് ചങ്ങനാശേരി അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിലും വൈകുന്നേരം 4ന് ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടവും കുർബാന അർപ്പിച്ച് സന്ദേശം നൽകും. രാവിലെ 10.30ന് തിരുനാൾ റാസ. വൈകുന്നേരം 5.45ന് തിരുനാൾ പ്രദക്ഷിണം നടക്കും.

 ദേശക്കഴുന്ന് സമാപിച്ചു

സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ച് നടന്നു വന്ന ദേശക്കഴുന്ന് സമാപിച്ചു. 20ന് ആരംഭിച്ച ദേശക്കഴുന്ന് ഇന്നലെ വടക്കുംഭാഗത്തിന്റെ ദേശക്കഴുന്നോടെയാണ് സമാപിച്ചത്.

 ചന്തക്കടവിലെ ദീപാലങ്കാരത്തിന് തുടക്കമായി

സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ച് ചന്തക്കടവിലെ വൈദ്യുത ദീപാലങ്കാരങ്ങൾ മിഴി തുറന്നു. ഇന്നലെ രാത്രി വികാരി ഫാ. ഡോ.ജോസഫ് മുണ്ടകത്തിൽ ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമം നിർവഹിച്ചു.അതിരമ്പുഴ മാർക്കറ്റിലെ തൊഴിലാളികളുടെ നേതൃത്വത്തിലാണ് പതിറ്റാണ്ടുകളായി ചന്തക്കടവിലെ ദീപാലങ്കാരങ്ങൾ നടക്കുന്നത്.

 അതിരമ്പുഴ പള്ളിയിൽ ഇന്ന് 

രാവിലെ 5.15ന് ചെറിയ പള്ളിയിൽ കുർബാന - ഫാ. തോമസ് കന്യേക്കോണിൽ. 5.45ന് സപ്രാ, കുർബാന, സന്ദേശം, മധ്യസ്ഥപ്രാർഥന - തെള്ളകം കപ്പുച്ചിൻ സെമിനാരി റെക്ടർ ഫാ. ജോർജ് നെടുംപറമ്പിൽ. 7.45ന് കുർബാന, സന്ദേശം, മധ്യസ്ഥപ്രാർഥന - ഫാ. ജോബിൻ പെരുമ്പളത്തുശ്ശേരി. 9.45ന് കുർബാന, സന്ദേശം, മധ്യസ്ഥപ്രാർഥന - ഫാ. ജോസ്മോൻ പുത്തൻചിറ. ഉച്ചയ്ക്കു 2ന് കുർബാന, സന്ദേശം, മധ്യസ്ഥപ്രാർഥന - ഫാ. ജോസഫ് വേളങ്ങാട്ടുശ്ശേരി. 4.15ന് അതിരമ്പുഴ ഇടവകക്കാരായ വൈദികർ സമൂഹബലി അർപ്പിക്കും. 6നു - വലിയ പള്ളിയിൽ നിന്നും നഗരം ചുറ്റിയുള്ള പ്രദക്ഷിണം6.45ന് ടൗൺ കപ്പേളയിൽ ലദീഞ്ഞ്. 8.30ന് വലിയ പള്ളിയിൽ സമാപനപ്രാർഥന, ആശീർവാദം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com