ADVERTISEMENT

കടുത്തുരുത്തി ∙ കോട്ടയം അതിരൂപതയുടെ തലപ്പള്ളിയായ സെന്റ് മേരീസ് ഫൊറോന പള്ളിയെ (വലിയ പള്ളി) മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയമായി ഉയർത്തിയതിന്റെ ആദ്യ വാർഷികം ചൊവ്വാഴ്ച. കഴിഞ്ഞ വർഷം മൂന്നു നോമ്പ് തിരുനാളിന്റെ ഭാഗമായി പുറത്തു നമസ്കാരം നടക്കുന്ന അതിപുരാതനമായ കരിങ്കൽ കുരിശിൻ ചുവട്ടിലെ വേദിയിൽ സിറോ മലബാർ സഭയുടെ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ് പ്രഖ്യാപനം നടത്തിയത്. കോട്ടയം അതിരൂപത മെത്രാപ്പൊലീത്ത മാർ മാത്യു മൂലക്കാട്ട്, സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ, അതിരൂപത വികാരി ജനറൽ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, വികാരി ഫാ. ഏബ്രഹാം പറമ്പേട്ട്, വൈദികർ, സന്യസ്തർ‌ തുടങ്ങിയവർ പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു പ്രഖ്യാപനം. 

പുരാതനമായ ഈ ദേവാലയം 5-ാം ശതകത്തിൽ സ്ഥാപിച്ചു എന്നാണ് കരുതുന്നത്. ആദ്യത്തെ ദേവാലയത്തിനു ‘ചതുരപ്പള്ളി’  എന്നായിരുന്നു പേര്. തടി കൊണ്ടു സമചതുരാകൃതിയിൽ പണിത് തറയിൽ കരിങ്കൽ പാളികൾ പാകി മുകളിൽ പനയോല മേഞ്ഞതിനാലാവണം ഈ പേരു വന്നത്. ആ കാലഘട്ടങ്ങളിൽ സമീപപ്രദേശങ്ങളിൽ മറ്റു പള്ളികൾ ഇല്ലാതിരുന്നതിനാൽ ക്രിസ്തുമതത്തിലെ എല്ലാ വിഭാഗക്കാരും തങ്ങളുടെ ആത്മീയ കാര്യങ്ങൾക്കായി ഉപയോഗിച്ചിരുന്നത് കടുത്തുരുത്തി വലിയ പള്ളിയായിരുന്നു. 

എല്ലാ രൂപതയിലും തീർഥാടക സൗകര്യവും പാരമ്പര്യവുമുള്ള ഒരു ദേവാലയം ആർക്കി എപ്പിസ്കോപ്പൽ ആർച്ച് ഡീക്കൻ ദേവാലയ പദവിയിലേക്ക് ഉയർത്തുന്നതിന് സഭാ സിനഡ് തീരുമാനം എടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോട്ടയം രൂപതയുടെ തലപ്പള്ളിയും തീർഥാടന കേന്ദ്രവുമായ കടുത്തുരുത്തി വലിയ പള്ളിയെ ഈ പദവിയിലേക്ക് ഉയർത്തിയത്.

മൂന്ന് നോമ്പ് കൊടിയേറ്റ് ഇന്ന്

തീർഥാടന കേന്ദ്രമായ കടുത്തുരുത്തി വലിയപള്ളിയിൽ മൂന്ന് നോമ്പാചരണത്തിന് ഇന്നു  കൊടിയേറും. രാവിലെ 7.15നു വികാരി ഫാ. ഏബ്രഹാം പറമ്പേട്ട് കൊടിയേറ്റിന് കാർമികത്വം വഹിക്കും. തുടർന്നു നടക്കുന്ന കുർബാനയ്ക്കു കോട്ടയം അതിരൂപതാ വികാരി ജനറൽ ഫാ. ഫാദർ മൈക്കിൾ വെട്ടിക്കാട്ട് മുഖ്യ കാർമികത്വം വഹിക്കും. നാളെ രാവിലെ 7.15നു കോട്ടയം അതിരൂപതയിലെ നവ വൈദികർ ചേർന്നു കുർബാന. വൈകിട്ട് 6നു ദർശന സമൂഹത്തിന്റെ വാഴ്ച, വേസ്പര, തുടർന്നു മെഴുകുതിരി പ്രദക്ഷിണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com