ADVERTISEMENT

ഈരാറ്റുപേട്ട ∙ കാഞ്ഞിരപ്പള്ളി റൂട്ടിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ അപകടം. 2 വിദ്യാർഥിനികൾക്കു പരുക്കേറ്റു.  അരുവിത്തുറ സെന്റ് ജോർജ് കോളജിലെ ഡിഗ്രി വിദ്യാർഥിനികളായ പൊൻകുന്നം സ്വദേശി ജീന മേരി ജോൺ, കാഞ്ഞിരപ്പള്ളി സ്വദേശി അഫ്‌സാന അൻഷാദ് എന്നിവർക്കാണ് പരുക്ക്. ഒരു ഉടമസ്ഥന്റെ തന്നെ 2 ബസുകൾ തമ്മിലുള്ള മ‌ത്സരയോട്ടത്തിനിടെയാണു സംഭവം. അശ്രദ്ധമായി  വാഹനമോടിച്ചതിനും  അപകടം വരുത്തിയതിനും പൊലീസ് കേസെടുത്തു.

2 ബസുകളും കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ 9.20നാണ് അപകടം. കാഞ്ഞിരപ്പള്ളിയിൽ നിന്ന്  ഈരാറ്റുപേട്ടയിലേക്കു വരികയായിരുന്നു ബസുകൾ. വെയിൽകാണാപാറയിൽ നിന്ന് ഇറക്കം ഇറങ്ങുന്നതിനിടെ പിന്നാലെയെത്തിയ ബസ് മുന്നിൽ കയറാനുള്ള ശ്രമത്തിനിടെയാണ് അപകടം.  വിദ്യാർഥിനികൾ ബസിനുള്ളിൽ തെറിച്ചുവീണു. പെട്ടെന്നു ബ്രേക്ക് ചെയ്തതാണ് അപകടകാരണം. ജീനയുടെ കൈയ്ക്ക് പൊട്ടലുണ്ട്. 5 മിനിറ്റ് വ്യത്യാസത്തിലാണ് ഈ റൂട്ടിൽ ബസുകൾ സര‍വീസ് നടത്തുന്നത്.  സ്വകാര്യ ബസുകളുടെ കുത്തകയായ ഈരാറ്റുപേട്ട –കാഞ്ഞിരപ്പള്ളി റൂട്ടിൽ മസരയോട്ടവും അപകടങ്ങളും പുതിയ സംഭവമല്ല.

ഇല്ല, കെഎസ്ആർടിസി  പൊടി പോലുമില്ല!

ഈരാറ്റുപേട്ട ∙ എരുമേലിയിലും പൊൻകുന്നത്തും ഈരാറ്റുപേട്ടയിലും കെഎസ്ആർടിസി ഡിപ്പോകളുണ്ടെങ്കിലും കാഞ്ഞിരപ്പള്ളി  റൂട്ടിൽ ഓടിക്കാൻ ബസുകളില്ല. നേരത്തേ പാലാ –കാഞ്ഞിരപ്പള്ളി റൂട്ടിൽ കെഎസ്ആർടിസി ചെയിൻ സർവീസ് തുടങ്ങിയെങ്കിലും സ്വകാര്യ ബസുടമകളുടെ സമ്മർദം കാരണം തു നിർത്തലാക്കി. പിന്നീടു പല പ്രാവശ്യം സർവീസ് തുടങ്ങുമെന്ന് അധികൃതർ പ്രഖ്യാപനം നടത്തിയെങ്കിലും നടപടിയായില്ല.  തൊടുപുഴ –ഈരാറ്റുപേട്ട– മുണ്ടക്കയം റൂട്ടിൽ ചെയിൻ സർവീസ് തുടങ്ങാൻ ബസുകൾ എത്തിയെന്നു വരെ അധികൃതർ പ്രഖ്യാപനം നടത്തിയ കാലമുണ്ട്. എന്നാൽ അതെല്ലാം പാഴ് വാക്കുകളായി മാറി.  ജീവൻ പണയം വച്ച് മത്സരയോട്ടം നടത്തുന്ന സ്വകാര്യ ബസുകളെ ആശ്രയിക്കേണ്ട അവസ്ഥതുടരുകയാണ് യാത്രക്കാർക്ക്. 

സമയം അനുവദിക്കുന്നതിൽ അപാകത

ഈരാറ്റുപേട്ട ∙ ബസുകൾക്ക് സമയം അനുവദിക്കുന്നതിലെ അപാകതയും മത്സരയോട്ടത്തിനു കാരണം.  3 മുതൽ 5 മിനിറ്റു വരെ വ്യത്യാസത്തിലാണ് പെർമിറ്റ് നൽകുന്നത്. ഗതാഗതക്കുരുക്ക് ഉണ്ടാവുകയോ കൂടുതൽ സമയം സ്റ്റോപ്പിൽ നിർത്തിയിടുകയോ ചെയ്താൽ ഈ സമയ വ്യത്യാസം കുറയും. പിന്നെ മത്സരയോട്ടം മാത്രമാണ് മാർഗം.  യാത്രക്കാർക്കോ മറ്റു വാഹനങ്ങൾക്കോ എന്തു സംഭവിച്ചാലും വേണ്ടില്ലെന്ന രീതിയിലാണ് പിന്നെ ഓട്ടം.  മത്സരയോട്ടം മൂലം അപകടം പതിവായപ്പോൾ തിടനാട് പൊലീസ് സ്റ്റേഷനിൽ പഞ്ചിങ് ഏർപ്പെടുത്തിയിരുന്നു. എന്നാൽ എന്നാൽ ആ പരിഷ്കാരത്തിനും അധികം ആയുസ്സുണ്ടായില്ല.

ജീന മേരി ജോൺ, അപകടത്തിൽപെട്ട വിദ്യാർഥി

"തിടനാട് മുതൽ 2 ബസുകളും മത്സരിച്ചാണ് ഓടിയത്. മുൻ സീറ്റിൽ ഞങ്ങൾ ഭയന്നാണിരുന്നത്. പല പ്രാവശ്യം അപകടം ഉണ്ടാകുമെന്നു തോന്നി. ബസ് പെട്ടെന്നു ബ്രേക്ക് ചെയ്തപ്പോൾ ഞങ്ങൾ തെറിച്ചു വീഴുകയായിരുന്നു. ജീവനക്കാർ ഇതു  കാര്യമാക്കിയില്ല. . കൂട്ടുകാരെ വിളിച്ചു വിവരം പറഞ്ഞു. ബസ് ഈരാറ്റുപേട്ട സ്റ്റാൻഡിൽ എത്തിയപ്പോഴേക്കും കൈക്ക് വേദന കലശലായി. തുടർ‌ന്ന് ആശുപത്രിയിൽ പോകുകയായിരുന്നു.  കയ്യിൽ  പൊട്ടലുണ്ടെന്നു കണ്ടെത്തി. മത്സരയോട്ടം  അവസാനിപ്പിക്കുന്നതിനു കർശന നടപടിയാണു വേണ്ടത്."

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com