ഫോളോവേഴ്സ് 10 ലക്ഷം, രാഹുലിനൊപ്പം മീൻ തേടിയിറങ്ങി; ചൂണ്ട മാറ്റിമറിച്ച സെബിന്റെ‌ ജീവിതം

1) സെബിൻ 2) രാഹുൽ ഗാന്ധി സെബിനും മത്സൃ തൊഴിലാളികൾക്കും ഒപ്പം കടൽ യാത്രയിൽ. (ഫയൽ ചിത്രം)
SHARE

കോട്ടയം ∙ കടൽ പരപ്പിലെ പുലർകാല വെളിച്ചത്തിൽ മീൻ തേടി പോയ ബോട്ടിൽ ഇരുന്ന് വ്ലോഗർ സെബിൻ പറഞ്ഞ കടലിന്റെ കൗതുകങ്ങൾ ഓരോന്നും രാഹുൽ ഗാന്ധി ജിജ്ഞാസയോടെ കേട്ടിരുന്നു. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട സംശയങ്ങൾ ചോദിച്ചും കുടുംബ വിശേഷങ്ങൾ തിരക്കിയും മീൻവല പിടിക്കുന്നതിനു ഒപ്പം നിന്ന് കൈ സഹായിച്ചും പിന്നിട്ട മൂന്നു മണിക്കൂർ ജീവിതത്തിലെ അവിസ്മരണീയം ആയെന്നു ആർപ്പൂക്കര, പുളിയ്ക്കൽ, സെബിൻ സിറിയക് (30) പറഞ്ഞു. ചൂണ്ടയിട്ടു മീൻപിടിക്കുന്ന കൗതുക കാഴ്ചകൾ യൂ ട്യൂബ് ചാനലിലൂടെ ലോകത്തിനു പരിചയപ്പെടുത്തിയ സെബിൻ 10 ലക്ഷം ഫോളോവേഴ്സ് ഉള്ള ‘ഫിഷിങ് ഫ്രീക്സ്’ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ്. അപൂർവമായി കൈവന്ന ഭാഗ്യമാണ് രാഹുൽ ഗാന്ധിയ്ക്ക് ഒപ്പമുളള്ള യാത്രയെന്ന് സെബിൻ‍ പറയുന്നു.

അവസരം വന്ന വഴി

4 ദിവസം മുൻപാണ് രാഹുൽ ഗാന്ധിക്കൊപ്പം മത്സ്യ ബന്ധന ബോട്ടിൽ കടലിൽ പോകുന്നതിനു സമ്മതം ചോദിച്ച് വിളി വന്നത്. കടലിൽ പതിവായി പോയി മീൻ പിടുത്തം ഷൂട്ട് ചെയ്യുന്ന വ്ലോഗർ എന്ന നിലയിലും ഇംഗ്ലിഷ് അറിയാവുന്നതിനാൽ ദ്വിഭാഷി എന്ന നിലയിലുമായിരുന്നു തന്നെ ഈ യാത്രയിൽ രാഹുൽ ഗാന്ധിയെ അനുഗമിക്കാൻ അവസരം ലഭിച്ചതെന്ന് സെബിൻ പറയുന്നു. തനിക്ക് രാഹുൽ ഗാന്ധിക്ക് ഒപ്പമുള്ള കടൽ യാത്ര ഷൂട്ട് ചെയ്യുന്നതിനുള്ള അവസരം ഉണ്ടാകുമോ എന്ന സംശയം ആരാഞ്ഞു. അതിന് അനുമതി ലഭിച്ചതോടെയാണ് യാത്രയ്ക്ക് തയാറായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് യാത്ര ഉറപ്പായത്. ബുധനാഴ്ച പുലർച്ചെ കൊല്ലത്ത് വാടിയിൽ എത്താനായിരുന്നു നിർദേശം ലഭിച്ചത്.

8 ക്യാമറകളുമായി യാത്ര

ഹെലിക്യാം അടക്കം എട്ട് ക്യാമറകളുമായി കൊല്ലം വാടിയിൽ നിന്ന് പുലർച്ചെ 5.30 നാണ് കടലിലേക്ക് പുറപ്പെട്ടത്. രാഹുൽ ഗാന്ധിയെ ഇവിടെ വച്ചാണ് ആദ്യമായി കാണുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരും സാഹായി, മത്സ്യതൊഴിലാളികൾ ഉൾപ്പെടെ 25 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. കൂടെ മത്സ്യ ബന്ധനത്തിനു 2 ബോട്ടുകളും ഉണ്ടായിരുന്നു. മുക്കാൽ മണിക്കൂർ കടലിലൂടെ യാത്ര തുടർന്നാണ് മീൻ പിടിക്കാൻ ഉദ്ദേശിച്ച സ്ഥലത്ത് എത്തിയത്.

വിവരങ്ങൾ തിരക്കി യാത്ര

യാത്രയിൽ കടൽ ശാന്തമായിരുന്നു. ഓരോരുത്തരോടും വീട്ടിലെ വിശേഷങ്ങളും കുടുംബാംഗങ്ങളുടെ വിവരങ്ങളും തിരക്കി ആയിരുന്നു യാത്ര. കടലിന്റെ ആഴം , ചാകരയുടെ ലക്ഷണങ്ങൾ, മീനിന്റെ ലഭ്യത, ലഭിക്കുന്ന വില, ഓരോരുത്തർക്കും ലഭിക്കുന്ന വരുമാനം എന്നിവയെല്ലാം വിശദമായി തിരക്കി. നീന്തൽ അറിയുമോ എന്ന അറിയാനുള്ള എന്റെ കൗതുകത്തിന് ‘നന്നായി നീന്താൻ അറിയാം’ എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ മറുപടി. ഒപ്പം ചെറുപ്പത്തിൽ നീന്തലിൽ ഉണ്ടായിരുന്ന താൽപര്യവും നീന്തൽ വൈദഗ്ധ്യവും പങ്കുവച്ചു. മീൻ പിടിക്കാൻ ഉദ്ദേശിച്ച സ്ഥലത്ത് മൂന്നു ബോട്ടുകളും സംഗമിച്ചു, ഒരു ബോട്ട് മീൻ സൂക്ഷിക്കാനും ഒരെണ്ണം വല വലിക്കാനും ഉള്ളതായിരുന്നു.

വല വലിച്ച്, കടലിൽ ചാടിയും യാത്ര

ആഴക്കടൽ ഭാഗത്ത് മത്സ്യബന്ധനത്തിനു ബോട്ടുകൾ സംഗമിച്ചു. മദർ ബോട്ടിനു ചുറ്റും വല വലിക്കുന്ന ബോട്ട് എത്തി. തുടർന്ന് തൊഴിലാളികൾ വല വലിക്കുന്ന ജോലിയിൽ വ്യാപൃതരായി. 15 മിനിറ്റു കൊണ്ട് മദർ ബോട്ടിനു ചുറ്റും കൂടെയുണ്ടായിരുന്ന ബോട്ട് വല വിരിച്ചു. ഈ സമയം ഓരോ തൊഴിലാളികളായി കടലിലേക്ക് ചാടി നീന്തി പൊങ്ങിക്കൊണ്ടിരുന്നു. ഇത് എന്തിനാണെന്നായി അപ്പോൾ രാഹുലിന്റെ സംശയം. ഈ സംശയം ബോട്ടിലെ തൊഴിലാളികളോട് അന്വേഷിച്ചു. മദർ ബോട്ടിനു ചുറ്റുമാണു വല വിരിച്ചിരിക്കുന്നത്. എന്നാൽ ഈ ബോട്ടിന്റെ അടിയിൽ മാത്രം വല വലിക്കാൻ കഴിയില്ല. അതിനാൽ ഇതുവഴി മത്സ്യങ്ങൾ ചാടിപ്പോകും. ഈ വിടവിലൂടെ മത്സ്യങ്ങൾ ചാടിപ്പോകാതെ മത്സ്യങ്ങളെ ഭയപ്പെടുത്തി വലയിൽ കുടുക്കാൻ വേണ്ടിയാണെന്ന് അവരുടെ മറുപടി രാഹുലിനോട് വിശദീകരിച്ചു.

ഈ സമയം താനും വെള്ളത്തിലേക്ക് ചാടിയാൽ കുഴപ്പമുണ്ടോ എന്നായിരുന്നു അടുത്ത ചോദ്യം നന്നായി നീന്തുമെന്നും അതിനാൽ പേടിക്കാനില്ലെന്നും പറഞ്ഞു. ഇതോടെ ആഴമുള്ള കടലിലേക്ക് ചാടി. ഈ സമയം ഒരാൾ ബോട്ടിനു സമീപം നീന്തി തുടിച്ചുണ്ടായിരുന്നു. രണ്ടാമത് ഒരാൾ കൂടി രാഹുലിനൊപ്പം സുരക്ഷയ്ക്കായി ചാടി. ഇത് കണ്ട് ആവേശം മൂത്ത് ചില തൊഴിലാളികളും കടലിൽ ചാടി വിഐപിക്കൊപ്പം നീന്തി തുടിച്ചു. നീന്തലിനു ശേഷം കടലിൽ ഉണ്ടായിരുന്നവരുടെ സഹായത്തോടെയാണ് തിരികെ ബോട്ടിലേക്ക് പ്രവേശിച്ചത്.

മീൻ കറിയും റൊട്ടിയും കഴിച്ച് മടക്ക യാത്ര

മുക്കാൽ മണിക്കൂർ കൊണ്ടാണ് വല വലിച്ചത്. ഈ സമയമത്രയും മീൻ വലിക്കുന്ന രാഹുൽ ഗാന്ധിയും ഒപ്പം കൂടി. വലയിൽ കുടുങ്ങിയ മീനുകളുടെ പേരുകളും ചോദിച്ചു മനസ്സിലാക്കി. മുൻപ് ചൂണ്ടയിട്ട് മീൻ പിടിച്ച കഥകളും രാഹുൽ ഗാന്ധി പങ്കുവച്ചു. രാഹുൽ ഗാന്ധി ചോദിക്കുന്ന സംശയങ്ങൾക്ക് മറുപടി നൽകുന്നതിനൊപ്പം ബോട്ടിലെ തൊഴിലാളികൾ പറയുന്ന കാര്യങ്ങൾ മൊഴിമാറ്റി പറയുകയും ചെയ്തു. ഇതിനിടെ അടുത്ത ബോട്ടിലുണ്ടായിരുന്ന ഒരു മത്സ്യബന്ധന തൊഴിലാളിയായ യുവാവ് എത്തി ഇംഗ്ലിഷിൽ മത്സ്യബന്ധന മേഖല നേരിടുന്ന പ്രതിസന്ധി രാഹുൽ ഗാന്ധിയോട് വിവരിച്ചു. ഈ സമയം പ്രഭാത ഭക്ഷണം തയാറാക്കുന്ന തിരിക്കിലായിരുന്നു ചില തൊഴിലാളികൾ. അപ്പോൾ പിടിച്ച മീൻ തന്നെ കഴുകി വ‍ൃത്തിയാക്കി വെട്ടി കറിവച്ചു. ചൂട് മീൻകറിയും ബ്രഡ്ഡും എല്ലാവരും ചേർന്ന് കഴിച്ചു. മീൻ കറി അതീവ രുചികരമാണ് എന്നു പ്രശംസിക്കാനും രാഹുൽ മറന്നില്ല.

മടക്കയാത്രയിൽ ഹെലിക്യാമിലും കൈവച്ച്

മടക്ക യാത്രയ്ക്കിടെ താൻ ഉപയോഗിക്കുന്ന ക്യാമറകളെ കുറിച്ച് ചോദിച്ചു മനസ്സിലാക്കി. ഹെലിക്യാം ഉപയോഗിക്കുന്നതു കണ്ട് ഇതും സംബന്ധിച്ചും ചോദിച്ചു. തനിക്ക് ഹെലിക്യാം പറത്താൻ അറിയാമെന്നും രാഹുൽ പറഞ്ഞു. ഈ സമയം ഹെലിക്യാം താഴെ ഇറക്കിയിരുന്നു. ബോട്ട് യാത്രയിൽ ആയിരുന്നതിനാൽ ഹെലിക്യാം ഒരുക്കൽ കൂടി ഉയർത്താൻ പറ്റുന്ന സാഹചര്യമില്ലായിരുന്നു. അതിനാൽ രാഹുൽ ഹെലിക്യാം കൈകാര്യം ചെയ്യുന്ന ഒരു അപൂർവ ദൃശ്യം തനിക്ക് ലഭിക്കുമായിരുന്നു എന്നും സെബിൻ പറയുന്നു.

മീൻ ചൂണ്ട മാറ്റി മറിച്ച ജീവിതം

ചൂണ്ടയിട്ട് മീൻ പിടിക്കുന്നത് കൗതുകത്തിന് സ്വന്തം യൂട്യൂബ് ചാനലിൽ ഇട്ടതോടെയാണ് സെബിന്റെ ജീവിതം തന്നെ മാറ്റി മറിച്ച സംരംഭത്തിനു തുടക്കമായത്. എംഎസ്‌സി. ഇലക്ട്രോണിക്സ് പഠനത്തിനുശേഷം കാനഡയിലെ ജോലി കയ്യെത്തും അകലത്തിൽ എത്തി. ഉയർന്ന ശമ്പളവും ജീവിതസൗകര്യങ്ങളും സ്വപ്നം കണ്ടു കഴിയുന്ന സമയത്ത് ഉണ്ടായ ചെറിയ തടസ്സമാണ് സെബിൻ സിറിയക്കിന്റെ എന്ന മുപ്പതുകാരന്റെ ജീവിതത്തിൽ വഴിത്തിരിവായത്. ലക്ഷക്കണക്കിനു രൂപ വരുമാനമാണ് ‘ഫിഷിങ് ഫ്രീക്സ്’ എന്ന യൂട്യൂബ് ചാനലിൽ നിന്ന് സെബിന് ലഭിക്കുന്നത്. കേരളത്തിലും പുറത്തുമുള്ള എല്ലാ ഹാർബറുകളിലും സെബിൻ രാത്രിയും പകലുമില്ലാതെ തന്റെ ചൂണ്ട നീട്ടിയെറിഞ്ഞു.

രത്നഗിരി, മുംബൈ, ഗോവ തുടങ്ങി ഇതരസംസ്ഥാനങ്ങളിലെ ബീച്ചുകളും സെബിന്റെ മീൻപിടുത്തത്തിനു വേദിയായി. മിക്കപ്പോഴും സ്വന്തമായിട്ടാണ് ചൂണ്ടയിടാൻ പോകുന്നതെന്ന് സെബിൻ പറയുന്നു. വിഡിയോ ചിത്രീകരിക്കുന്നതും എഡിറ്റ് ചെയ്യുന്നതുമെല്ലാം സ്വന്തമായിട്ടാണ്. ചിലപ്പോൾ കൂട്ടിനു കുടുംബാഗങ്ങളും കൂട്ടും. ഇതിനോടകം സെബിന്റെ 240 വീഡിയോകളാണ് യൂട്യൂബിലുള്ളത്. 10 മുതൽ 30 വരെ മിനിറ്റാണ് പരമാവധി വിഡിയോകളുടെ പരമാവധി ദൈർഘ്യം. എല്ലാ ആഴ്ചയും ചൊവ്വ, വെള്ളി ദിവസങ്ങളിൽ ഒരോ പുതിയ വിഡിയോ വീതം അപ്‌ലോഡ് ചെയ്യും. രാഹുൽ ഗാന്ധിക്കൊപ്പമുള്ള കടൽ യാത്രയും സെബിൻ തന്റെ യൂട്യൂബ് ചാനലിൽ ഇന്നലെ വൈകിട്ട് അപ്‌ലോഡ് ചെയ്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kottayam
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA