ADVERTISEMENT
കോട്ടയം∙ പൂഞ്ഞാർ മണ്ഡലത്തിൽ ബൂത്തിൽ ഇരിക്കാൻ പോലും ബിഡിജെഎസിന് പ്രവർത്തകർ ഉണ്ടായില്ലെന്ന് ബിജെപി ജില്ലാ കമ്മിറ്റിയിൽ വിമർശനം. ഏറ്റുമാനൂരിൽ ബിഡിജെഎസ് സ്ഥാനാർഥിയെ സിപിഎമ്മാണ് നിർണയിച്ചതെന്നും ആക്ഷേപം. കോട്ടയം മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയെ ജില്ലാ നേതൃത്വത്തെ മറികടന്നാണ് സംസ്ഥാന നേതൃത്വം നിശ്ചയിച്ചതെന്നും പരാതി. ഇന്നലെ ബിജെപി ട്രഷറർ ജെ.ആർ.പത്മകുമാറിന്റെ സാന്നിധ്യത്തിലാണ് തിരഞ്ഞെടുപ്പ് പ്രചാരണം അവലോകനം ചെയ്യാൻ ജില്ലാ കമ്മിറ്റി യോഗം ചേർന്നത്.

അൽഫോൻസ് കണ്ണന്താനം മത്സരിച്ച കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ വിജയിക്കുമെന്ന് വിലയിരുത്തി. 48,000 ൽ ഏറെ വോട്ടുകൾ കാഞ്ഞിരപ്പള്ളിയിൽ ലഭിക്കുമെന്നാണ് കരുതുന്നത്. പാലായിൽ 30,000ൽ ഏറെ വോട്ടുകളും പ്രതീക്ഷിക്കുന്നു. മറ്റു മണ്ഡലങ്ങളിൽ കണക്കെടുപ്പ് പൂർത്തിയായിട്ടില്ല. ബിഡിജെഎസിനു നൽകിയ പൂഞ്ഞാർ, ഏറ്റുമാനൂർ മണ്ഡലങ്ങളിൽ സ്ഥാനാർഥി നിർണയത്തിൽ അപാകതയുണ്ട്.

ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് എം.പി.സെൻ മത്സരിക്കാനിരുന്നത് ആദ്യം ഏറ്റുമാനൂരിലാണ്. എന്നാൽ ആ തീരുമാനം പിന്നീട് മാറി. ബിഡിജെഎസിന്റെ സ്ഥാനാർഥി നിർണയത്തിൽ സംശയങ്ങൾ ഉയർന്നതോടെ ബിജെപി ഏറ്റുമാനൂർ സീറ്റ് ഏറ്റെടുത്തു. എം.പി.സെൻ പൂഞ്ഞാറിൽ മത്സരിച്ചെങ്കിലും ബൂത്തിൽ ഇരിക്കുന്ന പ്രവർത്തകരുടെ പട്ടിക പോലും മുന്നണിക്കു ലഭിച്ചില്ല. ഒടുവിൽ ബിജെപി പ്രവർത്തകരാണ് ബൂത്തിൽ ഇരുന്നത്. പൂഞ്ഞാറിൽ ബിജെപി പ്രവർത്തകർ തനിക്കു വോട്ടു ചെയ്തെന്ന് പി.സി.ജോർജ് തുറന്നു പറഞ്ഞിരുന്നു. 20ന് ബിജെപിയുടെ അന്തിമ അവലോകനം നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com