ADVERTISEMENT

കോട്ടയം ∙ ജില്ലയിൽ കോവിഡ് വാക്സീൻ സ്വീകരിച്ചവരുടെ എണ്ണം രണ്ടര ലക്ഷം കടന്നു. ആകെ  ഡോസ് വിതരണം 3 ലക്ഷത്തിന് അടുത്തെത്തി. 2,68,698 പേരാണ് ഇതുവരെ വാക്സീൻ സ്വീകരിച്ചത്. ഇതിൽ 30,653 പേർ രണ്ടാം ഡോസ് സ്വീകരിച്ചു. ജില്ലയിൽ ആകെ 2,99,351 ഡോസ്  വിതരണം നടത്തി. 45 വയസ്സിനു മുകളിൽ ജില്ലയിൽ 3.5 ലക്ഷം പേർക്കും  മുതിർന്നവരിൽ 2.5 ലക്ഷം പേർക്കും  വാക്സീൻ ലഭ്യമാക്കുകയാണ് ആരോഗ്യ വകുപ്പിന്റെ ലക്ഷ്യം.   മുതിർന്നവരിൽ 27 % പേരും ആദ്യ ഡോസ് സ്വീകരിച്ചുവെന്നാണ് കണക്കുകൾ. ആവശ്യാനുസരണം വാക്സീൻ ലഭ്യമാക്കാമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ടെന്നും  ക്ഷാമം ഇല്ലെന്നും ജില്ലാ മെഡിക്കൽ ഓഫിസ് അറിയിച്ചു.

തൊഴിലിടങ്ങളിൽ വാക്സീൻ 12 മുതൽ

വാക്സീൻ എടുക്കാൻ 45 വയസ്സിനു മുകളിലുള്ള 100 പേരുള്ള സ്ഥാപനങ്ങളിലും തൊഴിൽ ശാലകളിലും 12 മുതൽ ക്യാംപുകൾ സംഘടിപ്പിക്കുമെന്നു കലക്ടർ എം അഞ്ജന. സ്ഥാപന അധികാരികൾ ഔദ്യോഗിക ലെറ്റർ ഹെഡിൽ അപേക്ഷ നൽകണം. ക്യാംപ് നടത്താൻ ഉദ്ദേശിക്കുന്ന ദിവസം, സ്വീകരിക്കേണ്ടവരുടെ എണ്ണം എന്നിവ കത്തിൽ  സൂചിപ്പിക്കണം.  ഇമെയിൽ: rchktym2018@gmail.com.

? വാക്സീൻ എടുത്തവർ എന്തൊക്കെ ശ്രദ്ധിക്കണം

∙ വാക്സീൻ സ്വീകരിച്ചാലും കോവിഡ് പോസിറ്റീവാകാനുള്ള സാധ്യതയുണ്ട്. 70 % ആണ് വാക്സീന്റെ ഫലപ്രാപ്തിയെന്നാണ് പഠനങ്ങൾ. എന്നാൽ വാക്സീൻ എടുത്തവർക്ക് കോവിഡ് മൂലം മരണം ഉണ്ടാകുന്നില്ല, നേരിയ ആരോഗ്യ പ്രശ്നങ്ങൾ മാത്രമാണ് ഉണ്ടാകുന്നത്. ഇങ്ങനെയുള്ളവരെ വീടുകളിൽ  കിടത്തി ചികിത്സ നടത്താൻ കഴിയും.

വാക്സീൻ എടുത്തവർ 42 ദിവസം കഴിഞ്ഞുവേണം രണ്ടാം ഡോസ് എടുക്കാൻ.   ഇതിനു ശേഷവും രണ്ട് ആഴ്ച കഴിഞ്ഞ് രോഗ പ്രതിരോധ ശേഷി ലഭിക്കും.  വാക്സീൻ സ്വീകരിച്ചവരും കോവിഡ് പ്രോട്ടോക്കോൾ പാലിക്കണം.വാക്സീൻ എടുത്തവർ മദ്യപിക്കരുത്, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരും മരുന്നുകൾ കഴിക്കുന്നവരും വാക്സീൻ എടുക്കരുത്.

? തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളിലും റാലികളിലും പങ്കെടുത്തവർ എത്ര ദിവസം സ്വയം ശ്രദ്ധിക്കണം, മുൻകരുതൽ എന്ത്

∙ നിർബന്ധമായി 2 ഇൻക്യുബേഷൻ പിരീഡായ 2 ആഴ്ച നിർബന്ധമായും സ്വയം ശ്രദ്ധ വേണം. 2 ആഴ്ച നിരീക്ഷണത്തിനു ശേഷം മാത്രം പരിശോധനയ്ക്ക് വിധേയരാവുക. എന്നാലേ കൃത്യമായ പരിശോധനാ ഫലം ലഭിക്കൂ.     തിരഞ്ഞെടുപ്പ് ജോലി ചെയ്തവരും ശ്രദ്ധ പുലർത്തണം. കൃത്യമായി മാസ്ക് ധരിക്കുകയും സാനിറ്റൈസർ ഉപയോഗിക്കുകയും  അകലം പാലിക്കുകയും വേണം. 

? കോട്ടയത്തെ ആശുപത്രികളും ചികിത്സാ സംവിധാനങ്ങളും

∙മെഡിക്കൽ കോളജ്, കോട്ടയം ജനറൽ ആശുപത്രി ഉൾപ്പെടെ ജനറൽ താലൂക്ക് ആശുപത്രികളിലും ബ്ലോക്ക് സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും കോവി‍ഡ് ചികിത്സാ സൗകര്യങ്ങളുണ്ട്. ജില്ലയിലെ സർക്കാർ സ്വകാര്യ ആശുപത്രികളിൽ ആകെ 150 വെന്റിലേറ്റർ സൗകര്യമാണുള്ളത്. വിവിധ വിഭാഗങ്ങളിലായി 100 ൽ പരം വെന്റിലേറ്ററുകൾ മെഡിക്കൽ കോളജ് ആശുപത്രിയിലുണ്ട്. കോവിഡ് വിഭാഗത്തിൽ മാത്രം 28 പേരാണ് ഇപ്പോൾ വെന്റിലേറ്ററിന്റെ സഹായത്തോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ജീവൻ നിലനിർത്തുന്നത്.

? വ്യാപാരസ്ഥാപനങ്ങൾ ശ്രദ്ധിക്കാൻ

∙ വ്യാപാര സ്ഥാപനങ്ങളിലും കടകളിലും ഹോട്ടലുകളിലും ജനങ്ങൾ തിങ്ങിക്കയറുകയാണ്. കൈകൾ ശുചിയാക്കാനുള്ള വെള്ളവും സാനിറ്റൈസറും മിക്ക സ്ഥാപനങ്ങളിലും ഇല്ല. തെർമൽ സ്കാനർ ഉപയോഗിച്ചിരുന്ന വ്യാപാര സ്ഥാപനങ്ങൾ മിക്കതും ഇതിന്റെ ഉപയോഗം നിർത്തി.

കടയിൽ എത്ര പേർക്ക് വേണമെങ്കിലും പ്രവേശിക്കാനുള്ള സാഹചര്യമാണുളളത്. മാസ്ക് ഉപയോഗിക്കാതെയും താടിയിൽ താങ്ങായി ഇട്ടും ഒട്ടേറെ പേർ കടകളിലും വ്യാപാര സ്ഥാപനങ്ങളിലും പ്രവേശിക്കുന്നുണ്ട്. ഇവരോട് നിർബന്ധപൂർവം ഇതു പറയാൻ കച്ചവടക്കാർ തയാറാകുന്നില്ല.

? ബസുകളിലും പൊതു വാഹനങ്ങളിലും സഞ്ചരിക്കുന്നവർക്കുള്ള നിർദേശങ്ങൾ

∙  പരമാവധി തിരക്കുള്ള വാഹനങ്ങൾ ഒഴിവാക്കണം. യാത്രയിൽ കൈകൾ അണുവിമുക്തമാക്കുന്നതിനു ചെറിയ കുപ്പികളിൽ സാനിറ്റൈസർ കരുതാം. ഇടയ്ക്കിടെ കൈകളിൽ സാനിറ്റൈസർ പുരട്ടുന്നതും ശീലമാക്കാം. സ്വകാര്യ ബസുകളും പൊതു വാഹനങ്ങളും പരമാവധി ദിവസങ്ങളിൽ യാത്രയ്ക്ക് ശേഷം അണുവിമുക്തമാക്കുന്നതു നല്ലതാണ്. യാത്ര കഴിഞ്ഞ് എത്തുന്നവർ ഉപയോഗിച്ച വസ്ത്രം പ്രത്യേകം മാറ്റിയിട്ട് കഴുകി അണുവിമുക്തമാക്കിയ ശേഷം ഉപയോഗിക്കണം.യാത്രയ്ക്ക് ശേഷം സോപ്പ് ഉപയോഗിച്ച് കുളിച്ചശേഷമേ കുടുംബാംഗങ്ങളുടെ അടുത്തു പോകാവൂ.

വിവരങ്ങൾക്ക് ഡോ. വി.ജി. ഹരികൃഷ്ണൻ അസോഷ്യേറ്റ് പ്രഫസർ, പകർച്ചവ്യാധി വിഭാഗംകോട്ടയം മെഡിക്കൽ കോളജ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com