ADVERTISEMENT

കോട്ടയം ∙ കോവിഡ് ബാധിതനായി ആശുപത്രിയിലാണ്. ആൾക്കൂട്ടമില്ല. അതു മാത്രമാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് വന്ന മാറ്റം. ആശുപത്രിയിൽ അത്ര വിശ്രമം ഒന്നുമില്ല. തിരഞ്ഞെടുപ്പ് അവലോകനം അടക്കം തിരക്കിൽത്തന്നെയാണ് ഉമ്മൻ ചാണ്ടി.  എട്ടിനാണു കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന്  തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ‘‘എനിക്ക് വിശ്രമിക്കാൻ പ്രത്യേക സമയം ആവശ്യമില്ല. അങ്ങനെ ശീലിച്ചിട്ടുമില്ല. പോസിറ്റീവായ സ്ഥിതിക്ക് നിയന്ത്രണങ്ങൾ പാലിച്ചേ മതിയാകൂ. അതിനാൽ ആശുപത്രിയിൽ കഴിയുന്നു’. ആശുപത്രിയിൽ കഴിയുന്നതിന്റെ ചെറിയ അസ്വസ്ഥത വാക്കുകളിൽ വ്യക്തം. 

ആരോഗ്യ നില പൂർണതൃപ്തികരമെന്നു മകൻ ചാണ്ടി ഉമ്മൻ പറഞ്ഞു.  ലക്ഷണങ്ങൾ ഒന്നുമില്ല. വിശ്രമം ആകട്ടെയെന്നു കരുതിയാണ് ആശുപത്രിയിൽ തുടരുന്നതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ചാണ്ടി ഉമ്മനാണ്  ആശുപത്രിയിൽ കൂട്ടിരിക്കുന്നത്. പോസിറ്റീവായവർക്ക് കൂട്ടിരിപ്പുകാരനെ അനുവദിക്കാൻ അനുമതിയുണ്ട്. കൂട്ടിരിപ്പുകാരൻ പുറത്തു പോകാതെ കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നു മാത്രം. പത്ര വായന, ടിവി വാർത്ത കാണുക എന്നിവ മുടങ്ങാതെയുണ്ട്.  തിരഞ്ഞെടുപ്പ്  അവലോകനം ഫോൺ വഴി നടത്തി. യുഡിഎഫ് വിജയം ഉറപ്പെന്ന റിപ്പോർട്ടുകളാണ് വിവിധ കേന്ദ്രങ്ങളിൽ നിന്നു ലഭിച്ചത്. ജില്ലാ പ്രസിഡന്റുമാർ, മറ്റു നേതാക്കൾ, സ്ഥാനാർഥികൾ എന്നിവരുമായി ഫോണിൽ സംസാരിച്ചു. 

രാഹുൽ ഗാന്ധി, എ.കെ.ആന്റണി തുടങ്ങിയ നേതാക്കളെല്ലാം ഫോൺ വഴി വിവരങ്ങൾ ആരാഞ്ഞു. മമ്മൂട്ടി, മോഹൻ ലാൽ തുടങ്ങിയവരും  വിവരങ്ങൾ അന്വേഷിച്ചു. ഇവരോടെല്ലാം  ഉമ്മൻ ചാണ്ടി സംസാരിച്ചു. കോവിഡ് വന്നകാലം മുതൽ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനുള്ള ഗുളികകളും ഹോമിയോ മരുന്നും ഉമ്മൻ ചാണ്ടി കഴിക്കുന്നുണ്ട്. ഇതു കൃത്യമായി നൽകിയിരുന്നതായി ചാണ്ടി ഉമ്മൻ പറഞ്ഞു. എന്നാൽ  പ്രചാരണം മൂർധന്യാവസ്ഥയിൽ എത്തിയപ്പോൾ ഈ ചിട്ടയിൽ ചെറിയ വീഴ്ച പറ്റി. ഇതായിരിക്കാം കോവിഡ് വരാൻ കാരണമെന്നു ചാണ്ടി ഉമ്മൻ പറഞ്ഞു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com