ADVERTISEMENT

കോവിഷീൽഡിന്റെ രണ്ടാം ഡോസ് എടുക്കാൻ ഔദ്യോഗിക സൈറ്റായ കോവിന്നിൽ റജിസ്റ്റർ ചെയ്ത് കുടുംബ ആരോഗ്യ കേന്ദ്രത്തിൽ  രാവിലെ 8.45 ന് തന്നെ എത്തിയപ്പോൾ കണ്ട കാഴ്ച ഭയാനകമായിരുന്നു. കോവിഡിന്റെ ജനിതകമാറ്റവും രണ്ടാം വരവും സൃഷ്ടിച്ച സാമൂഹിക ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ഭയത്തോടെ വാക്സിനേഷനെത്തിയവർ വാക്സിൻ കേന്ദ്രത്തിന്റെ മുന്നിൽ കൂട്ടയിടി നടത്തുന്ന കാഴ്ച, രോഗവ്യാപനത്തെക്കുറിച്ചുള്ള ഭീതി ഒന്നുകൂടി ആളിക്കത്തിച്ചു. ക്യൂവിൽ നിൽക്കുന്ന ആൾക്കാരുടെ മുഖത്തെല്ലാം ഭയം എന്ന വികാരം പ്രകടമായിരുന്നു. തങ്ങളുടെ ജീവൻ രക്ഷിക്കാനായി എന്തു സഹിച്ചും വാക്സിൻ എടുക്കുന്നതിനുള്ള ദൃഡനിശ്ചയം ചെയ്തവർ.

 

ഇനി ചില വസ്തുതകളിലേക്ക് വരാം. പ്രസ്തുത ആരോഗ്യ കേന്ദ്രം സാമാന്യം നല്ല കെട്ടിടത്തിലാണ് സ്ഥിതി ചെയ്തിരുന്നത്. മുമ്പിൽ രണ്ടു വശങ്ങളിലായി രണ്ടു വാതിലും ഈ കെട്ടിടത്തിനുണ്ട്. ഓൺലൈനിൽ റജിസ്റ്റർ ചെയ്തവരും സ്ഥലത്ത് റജിസ്റ്റർ ചെയ്തവരും രണ്ടു ക്യൂവായി ഈ വാതിലിനു മുന്നിൽ ക്ഷമയോടെ കാത്തുനിന്നു. പറയേണ്ടതില്ലല്ലോ, വാക്സിൻ കിട്ടുമോ എന്ന ശങ്കയും അതിക്രമിച്ചു കടക്കുന്നവരെക്കുറിച്ചുള്ള ഭയവും കുറച്ചു കഴിഞ്ഞപ്പോൾ കാത്തുനിന്നു ക്ഷമനശിച്ചവരെ പ്രകോപിതരാക്കി. രണ്ടു ക്യൂവും ഒന്നായി ഒരു മഹാസഖ്യം തന്നെ ഒരു വാതിലിനു മുമ്പിൽ തമ്പടിച്ച പ്രതീതി. ശാരീരിക അകലം എന്ന ആപ്തവാക്യം മറന്ന് എത്തിയവരെല്ലാം ഒറ്റ ശരീരമായി മാറി. എങ്ങും സർവ്വത്ര ബഹളം, ഓൺലൈനിൽ റജിസ്റ്റർ ചെയ്തവരും സ്പോട്ട് റജിസ്റ്റർ ചെയ്തവരും ചേരിതിരിഞ്ഞ് വെല്ലുവിളികൾ നടത്തുന്നു. ചില പ്രതീക്ഷയറ്റവർ കണ്ണീരുമായി തിരിച്ചു നടക്കുന്നു. എതോ കലാപഭൂമിയേ സൂചിപ്പിക്കുന്ന തരത്തിലുള്ള പ്രതീതി. തിരഞ്ഞെടുപ്പു സാധനങ്ങളുടെ വിതരണ -മേടിക്കൽ സ്ഥലങ്ങളിൽ മാത്രമേ ഇത്തരത്തിലുളള ഒരു കോലാഹലം കണ്ടിട്ടുള്ളു.

 

രണ്ടു വാതിലുകൾ ഉള്ള സെന്ററിൽ ഒരു വാതിലിലൂടെ ഓൺലൈൻകാരും മറ്റേ വാതിലിലൂടെ സ്ഥലത്ത് റജിസ്റ്റർ ചെയ്തവരും അകത്തു കയറിയാൽ ഈ തിക്കും തിരക്കും ഒഴിവാക്കാൻ സാധിക്കുമല്ലോയെന്ന് ഞാൻ മുന്നോട്ടുവച്ചു ആശയം സ്ഥലത്തെ പഞ്ചായത്ത് മെമ്പർ നടപ്പിലാക്കിയപ്പോൾ വലിയ തിരക്കിന് ശമനമായി. ജനങ്ങൾ വരിവരിയായി നിന്ന് പേര് വിളിക്കുന്നതിനനുസരിച്ച് അകത്തു കയറുവാൻ തുടങ്ങി. വാക്സിനേഷൻ കേന്ദ്രങ്ങളിൽ ഈ മഹാമാരി വ്യാപനത്തിന്റെ സമയത്ത് മുൻ ഒരുക്കങ്ങൾ നടത്തേണ്ടതിന്റെ ആവശ്യകത ഈ ആധുനിക സമൂഹമെന്നവകാശപ്പെടുന്നവർക്ക് ഇപ്പോഴും ബോധ്യമായില്ലേ. മാധ്യമങ്ങളിലൂടെ കോവിഡ് വ്യാപനത്തെക്കുറിച്ച് ജനങ്ങൾ മനസ്സിലാക്കുന്ന ഗുരുതരാവസ്ഥ ഈ ഉദ്യോഗസ്ഥ വൃന്ദത്തിനില്ലേ? ചുരുങ്ങിയത് രണ്ട് പൊലീസുകാരെയെങ്കിലും നിയമിച്ച് ശാരീരിക അകലമെന്ന രക്ഷാആശയം നടപ്പിലാക്കാൻ വലിയ ബുദ്ധിയൊന്നും വേണ്ട, സാമാന്യബോധം ഉണ്ടായാൽ മതി. ഈ ബഹള കോലാഹലങ്ങൾക്കിടയിലും കൃത്യമായി തങ്ങളുടെ ജോലി ചെയ്തു കൊണ്ടിരുന്ന ആരോഗ്യ പ്രവർത്തകരേ എത്ര പ്രശംസിച്ചാലും മതിയാവില്ല.

 

എന്തിനും ഉദ്യോഗസ്ഥരെ ഒറ്റപ്പെടുത്തി രക്ഷപ്പെടുന്ന പൊതുജനം എന്ന സമൂഹം ഒരു കാര്യം മനസ്സിലാക്കണം. കഴിഞ്ഞ ഒരു വർഷത്തിലേറെയായി നിങ്ങൾ കേട്ടുകൊണ്ടിരിക്കുന്ന രക്ഷാസന്ദേശങ്ങളും വാർത്തകളും ജീവിതരീതിയിൽ വന്ന മാറ്റങ്ങളും പഠിക്കേണ്ട വരല്ലേ നിങ്ങൾ. ആരുടെയും നിരീക്ഷണത്തിൻ കീഴിലല്ലാതെ സമൂഹ നന്മക്കായി അച്ചടക്കത്തോടെ പ്രവർത്തിക്കാൻ എന്നിനി പഠിക്കും. ജാഗ്രതാ നിർദ്ദേശങ്ങളും മുന്നറിയിപ്പുകളും നിങ്ങൾത്തന്നെയല്ലേ നടിപ്പിലാക്കേണ്ടത്? ഈ ജീവ ലോകത്തിന്റെ നിലനിൽപ്പിനായി ഇതുപോലെയുള്ള അവസരങ്ങളിൽ നേതാക്കളാകേണ്ടവർ ജനങ്ങൾ തന്നെയാണ്. സമൂഹത്തിന്റെ പൊതുബോധത്തിൽ ഉത്തരവാദിത്വമുള്ള പൗരബോധം വരേണ്ടതിന്റെ അനിവാര്യത ഈ മഹാമാരിക്കാലം നമ്മെ ഓർമപ്പെടുത്തുന്നുണ്ട്. അത് കണ്ടില്ല എന്നു നടിക്കുന്നത് സഹജീവികളോടു കാണിക്കുന്ന ക്രൂരതയാണ്.

 

മഹാത്മാഗാന്ധിയുടെ നിസ്സഹകരണമെന്ന ആശയത്തെ അകീൽ ബിൽ ഗ്രാമി തന്റെ ജീവിതത്തിൽ സംഭവിച്ച ഒരു സംഭവവുമായി ബന്ധപ്പെടുത്തി സംസാരിച്ചത് ഇവിടെ ഒന്നു കുറിക്കുന്നു. കുട്ടിക്കാലത്ത് തന്റെ പിതാവുമൊത്ത് കടൽത്തീരത്തുകൂടി നടക്കുമ്പോൾ നിലത്ത് വീണുകിടക്കുന്ന ഒരു പേഴ്സ് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. അതെന്തുകൊണ്ട് നാം എടുത്തു കൂടാ എന്ന തന്റെ പിതാവിന്റെ ചോദ്യത്തിന്, അതു നമ്മൾ എടുത്തില്ലയെങ്കിൽ മറ്റുള്ളവർ അതെടുക്കില്ലേ എന്നതായിരുന്നു കൊച്ചുബിൽ ഗ്രാമിയുടെ മറുചോദ്യം. അതിനദ്ദേഹത്തിന്റെ അച്ചൻ കൊടുത്ത മറുപടി ഇങ്ങനെയായിരുന്നു, നമ്മൾ അതെടുത്തില്ലെങ്കിൽ മറ്റുള്ളവർ അതെടുക്കില്ല. നമ്മൾ ശരീര അകലമെന്ന ആശയം പാലിച്ചാൽ മറ്റുള്ളവരും അതു പാലിക്കുമെന്ന ചിന്തയിലേക്കാണ് ഈ ആശയം നമ്മെ നയിക്കേണ്ടത്. ഗാന്ധിജി വിഭാവനം ചെയ്ത നിസ്സഹകരണം തെറ്റായ ചെയ്തികളോടുള്ള നിസ്സഹകരണമാണെന്നത് മഹാമാരിക്കാലത്ത് ഇന്ത്യയിലോരോരുത്തരും മനസ്സിലാക്കേണ്ട മഹത്തായ ആശയമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com