ADVERTISEMENT

കോവിഡ് വാക്സീൻ എടുക്കാനുള്ള ഓട്ടത്തിലാണ് നാടു മുഴുവൻ. വാക്സീൻ എടുക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?  ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ജേക്കബ് വർഗീസ് സംസാരിക്കുന്നു.

? വാക്സിനേഷൻ കേന്ദ്രങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെടുന്നു. അവിടെ എടുക്കാൻ വരുന്നവർ എന്തൊക്കെ ശ്രദ്ധിക്കണം?
∙ കോവിഡ് പരക്കുകയാണ്. സമൂഹത്തിൽ രോഗമുണ്ട്. വാക്സിനേഷൻ കേന്ദ്രങ്ങളിൽ നല്ല തിരക്കുണ്ട്. ഈ കേന്ദ്രങ്ങൾ രോഗ വ്യാപനത്തിന് വഴിയൊരുക്കരുത്. അതിനു ജനങ്ങൾ സഹകരിക്കണം. മാസ്ക് ധരിക്കുക. ടോക്കൺ എടുത്ത ശേഷം സ്വന്തം ഊഴം എത്താൻ കാത്തിരിക്കുക. തിരക്ക് കൂട്ടാതിരിക്കുക. കഴിവതും അകന്നു മാറി അകലം പാലിച്ച് ഇരിക്കുക. കൈകൾ ഇടയ്ക്ക് സാനിറ്റൈസ് ചെയ്യുക. വാക്സീൻ എടുക്കാൻ വരുന്നവരിലും കോവിഡ് പോസിറ്റീവായവർ ഉണ്ടാകുമെന്ന് കരുതുക. മുൻകരുതൽ എടുക്കുക.

? റജിസ്ട്രേഷൻ സൗകര്യങ്ങൾ എന്തൊക്കെയാണ് ?
∙ കോവിൻ പോർട്ടലിൽ റജിസ്റ്റർ ചെയ്യാം. മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്നത് ആരോഗ്യപ്രവർത്തകർക്ക് സഹായമാകും. അല്ലാത്തവർക്ക് കേന്ദ്രങ്ങളിൽ സ്പോട് റജിസ്ട്രേഷനുണ്ട്. ആധാർ കാർഡ്, അല്ലെങ്കിൽ ഫോട്ടോ പതിപ്പിച്ച മറ്റു തിരിച്ചറിയൽ രേഖ, മൊബൈൽ ഫോൺ എന്നിവ കൊണ്ടു വരണം.

? പലർക്കും വാക്സീൻ കിട്ടാതെ വരുന്നുവെന്നു പരാതിയുണ്ട്.
∙ വാക്സീന്റെ ലഭ്യത അനുസരിച്ചാണ് വിതരണം ചെയ്യുന്നത്. തിരക്കു മൂലം ഒരു ദിവസം ലഭിച്ചില്ലെങ്കിൽ വിഷമിക്കേണ്ട. അടുത്ത ദിവസം ലഭിക്കും. വിതരണ കേന്ദ്രത്തിൽ വാക്സീൻ എടുക്കാൻ എത്തുന്നവരുടെ തിരക്ക് കൂടുതലാണെങ്കിൽ മടങ്ങിപ്പോരുക. അടുത്ത ദിവസം എടുക്കാൻ കഴിയും.

? ആർക്കൊക്കെ വാക്സീൻ കിട്ടും. പ്രായപരിധി എങ്ങനെ ?
∙ 45 വയസ്സു കഴിഞ്ഞ എല്ലാവർക്കും ഇപ്പോൾ ലഭിക്കും. മേയ് ഒന്നു മുതൽ 18 വയസ്സ് കഴിഞ്ഞവർക്കും ലഭിക്കും.

? വാക്സീൻ എടുത്ത ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ.
∙ വാക്സീൻ എടുത്തു കഴിഞ്ഞാൽ അര മണിക്കൂർ കേന്ദ്രത്തിൽ വിശ്രമിക്കുക. പനിയുണ്ടെങ്കിൽ ഗുളിക കഴിക്കുക. കേന്ദ്രത്തിൽ നിന്നു ഗുളിക നൽകുന്നുണ്ട്. പൊതുവേ ആർക്കും വാക്സീൻ മൂലം അലർജി വരുന്നില്ല. എന്തെങ്കിലും ശാരീരിക അസ്വസ്ഥത തോന്നിയാൽ വൈദ്യസഹായം തേടുക.

? കോവിഡ് സർട്ടിഫിക്കറ്റ് എവിടെ നിന്നു ലഭിക്കും.
∙ വാക്സീൻ എടുക്കുന്നതിനു മുൻപ് കേന്ദ്രത്തിൽ റജിസ്റ്റർ ചെയ്യുന്നുണ്ട്. ഫോട്ടോയും എടുക്കും. വാക്സീൻ എടുത്തു കഴിഞ്ഞാൽ കോവിൻ (www.cowin.gov.in) എന്ന വെബ് സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യാം. സർട്ടിഫിക്കറ്റിന്റെ വെബ് സൈറ്റ് ലിങ്ക് വാക്സീൻ എടുക്കുന്നവരുടെ മൊബൈൽ ഫോണിലും ലഭിക്കും. അതിനു വേണ്ടിയാണ് മൊബൈൽ നമ്പർ റജിസ്റ്റർ ചെയ്യുന്നത്. വാക്സീൻ കേന്ദ്രത്തിൽ നിന്നു സർട്ടിഫിക്കറ്റ് ലഭിക്കില്ല.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com