വീട്ടിലെ ‘ലക്ഷപ്രഭു’വായി റീന; 26 പശുക്കൾ, 14 പന്നികൾ, 126 കോഴി, 30 താറാവ്, 700 വളർത്തു മീനുകൾ

പശുക്കളെ പരിചരിക്കുന്ന റീന
SHARE

എരുമേലി∙ പണ്ട് സ്കൂളിൽ പോകുന്ന വഴിക്കു കാണുന്ന  പീടികയുടെ മുൻപിലെ  സിഗരറ്റിന്റെ പരസ്യത്തിലെ വാചകമാണ് റീനയുടെ ജീവിതത്തിലെ പ്രചോദനം– ആക്ഷൻ സാറ്റിസ്ഫാക്ഷൻ! പശുക്കൾ–26,പന്നികൾ–14, കോഴി–126,താറാവ്–30,വളർത്തു മീനുകൾ–700, കുളങ്ങൾ–2. നിന്നു തിരിയാൻ പോലും സമയമില്ല! പാണപിലാവ് നടൂക്കുന്നേൽ സിബിയുടെ ഭാര്യ റീനയ്ക്ക് അധ്വാനം ഒരു ഹരമാണ്. ഒരു വീട്ടമ്മയ്ക്ക് ഇങ്ങനെയൊക്കെ സ്വജീവിതത്തെ നിർവചിക്കാനാവുമോ എന്ന് ആരും അത്ഭുതപ്പെട്ടു പോകും.

ഭർത്താവ് സിബി 3 ഏക്കർ പറമ്പിൽ റബർ വെട്ടും കറയെടുക്കലും ഷീറ്റടിയുമൊക്കെയായി സമയം ചെലവിടുമ്പോൾ റീന പശുവിനെയും പന്നിയെയും കോഴിയെയും താറാവിനെയുമമൊക്കെ പരിചരിക്കുന്ന തിരക്കിലാണ്. കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ ഏറ്റവുമധികം പാൽ മിൽമയിൽ നൽകുന്ന വീട്ടമ്മ റീനയാണ്. ദിവസേന 70 ലീറ്ററിൽ കുറയാതെ പാൽ മിൽമയിൽ അളന്നു കൊടുക്കും. അങ്ങനെ ദിവസേന  ശരാശരി 100 വീടുകളിലെങ്കിലും തന്റെ പശുക്കളുടെ പാൽ കുടിക്കുന്നവരുണ്ടാകുമെന്നാണു റീനയുടെ കണക്കു കൂട്ടൽ. മൃഗസംരക്ഷണ ‘വകുപ്പിലേക്കു’ റീന തിരിഞ്ഞിട്ടു 3 വർഷമേ ആയിട്ടുള്ളു.

അടുക്കള ജീവിതത്തിനു പുറത്തേക്കു നീങ്ങണമെന്നു ദൃഢമായി ആഗ്രഹിച്ചതാണ് ഇപ്പോഴത്തെ നേട്ടത്തിനു പിന്നിലെന്നു റീന പറയുന്നു. മാസം ശരാശരി ഒരു ലക്ഷം രൂപയാണു മൊത്ത വരുമാനം. ഈ തുകയിൽ നിന്നാണു  ജീവികളുടെ സംരക്ഷണ ചെലവുകൾ കണ്ടെത്തുന്നത്. ജീവികൾക്കുണ്ടാവുന്ന രോഗം അടക്കമുള്ള വിഷയങ്ങൾക്കും സംശയനിവാരണങ്ങൾക്കും എരുമേലി മൃഗാശുപത്രിയില സീനിയർ വെറ്ററിനറി സർജൻ ഡോ. ടി.അനിൽകുമാറിന്റെ സേവനവും ലഭിക്കുന്നു. റീനയുടെ  2 ആൺമക്കളും  മിടുക്കരാണ്. അലങ്കാര മീനുകളെ ഉൽപ്പാദിപ്പിച്ചു വിൽക്കലാണ് പ്രധാന പരിപാടി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kottayam
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA