ADVERTISEMENT

ചൈനയിൽ മാത്രമല്ല ഇങ്ങ് ഇടുക്കിയിലും ആനക്കൂട്ടം പ്രയാണം നടത്താറുണ്ട്. കഴിഞ്ഞ ദിവസം ആനയിറങ്കൽ മുതൽ കജനാപ്പാറ വരെ 20 കിലോമീറ്റർ നീണ്ട പിടിയാനക്കൂട്ടത്തിന്റെ പ്രയാണകഥ

ചൈനയിലെ യുനാൻ പ്രവിശ്യയിൽ 500 കിലോമീറ്റർ പിന്നിട്ട കാട്ടാനക്കൂട്ടത്തിന്റെ പ്രയാണത്തിന്റെ വാർത്ത അറിഞ്ഞിട്ടാണോ എന്നറിയില്ല ഇടുക്കി ആനയിറങ്കലിലെ ഏഴംഗങ്ങളുടെ പിടിയാനക്കൂട്ടവും അഞ്ച് ദിവസം മുൻപ് കാടിറങ്ങി. ഒരു വയസ്സ് മാത്രം പിന്നിട്ട കുട്ടിയാനയും സംഘത്തിലുണ്ടായിരുന്നു.  ആനയിറങ്കൽ വനമേഖലയിൽ 36 ആനകളുണ്ടെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. മുറിവാലൻ, അരികൊമ്പൻ, ചക്കകൊമ്പൻ തുടങ്ങിയ ഒറ്റയാൻമാരൊഴികെ ബാക്കിയെല്ലാവരും പല സംഘങ്ങളായാണ് സഞ്ചരിക്കുന്നത്. ഇതിൽ ഏഴ് പേരുള്ള പെണ്ണുങ്ങളുടെ സംഘമാണ് കഴിഞ്ഞ ദിവസം കാടിറങ്ങിയെത്തിയത്.

2019 ലും ഇതേ സംഘം കജനാപ്പാറ മേഖലയിലെത്തി രണ്ട് ദിവസം കഴി‍ഞ്ഞ് മടങ്ങി പോയിരുന്നു. അന്ന് 5 പിടിയാനകളാണ് സംഘത്തിലുണ്ടായിരുന്നത്. പുതുതായെത്തിയ രണ്ട് പേർ കുട്ടികളാണ്. ആനയിറങ്കലിൽ നിന്ന് കൊച്ചി–ധനുഷ്കോടി ദേശീയ പാത മുറിച്ചു കടന്ന സംഘം ആദ്യ ദിവസം കുത്തനെയുള്ള മലയിറങ്ങി മാസ് എസ്റ്റേറ്റിലെത്തി. രണ്ട് ദിവസത്തെ തീറ്റയും വിശ്രമവും കഴിഞ്ഞ് നേരെ ബി ഡിവിഷനിലേക്കും അവിടെ നിന്ന് കജനാപ്പാറയിലേക്കും. കജനാപ്പാറയിലെ ഏലത്തോട്ടത്തിൽ ഒരു ദിവസം തമ്പടിച്ചു. പിറ്റേന്ന് അരമനപ്പാറയിലെത്തിയ ശേഷം വലിയവിളന്താനിലേക്കു പോകാനായിരുന്നു പദ്ധതി. 

വനംവകുപ്പ് ബോഡിമെട്ട് സെക്‌ഷനിലെ ഉദ്യോഗസ്ഥരും മൂന്നാറിൽ നിന്നുള്ള ദ്രുത പ്രതികരണ സേനയും കുറച്ച് നാട്ടുകാരും പടക്കം പൊട്ടിച്ചും പാട്ട കൊട്ടിയും പിന്നാലെ വന്നതോടെ തിരിച്ചു മല കയറാൻ കൂട്ടത്തിലെ മുതിർന്നവർ തീരുമാനിച്ചു. വെള്ളിയാഴ്ച രാത്രി എട്ടരയോടെ കജനാപ്പാറ–മുട്ടുകാട് റോഡ് മുറിച്ചു കടക്കുമ്പോൾ അപ്രതീക്ഷിതമായെത്തിയ കാറിന്റെ ബോണറ്റിൽ സംഘത്തിലെ കുറുമ്പി കൈവച്ചു. കൂട്ടത്തിലാെരാളെ കാർ ഇടിച്ചതാണെന്നു കരുതി പിന്നാലെയെത്തിയവരും കാറിൽ ദേഷ്യം തീർത്തു. കാറിലുണ്ടായിരുന്ന 3 പേരും ഇറങ്ങി ഓടി. ആനയിറങ്കൽ മുതൽ കജനാപ്പാറ വരെ 20 കിലോമീറ്റർ നീണ്ട പിടിയാനക്കൂട്ടത്തിന്റെ പ്രയാണം അതോടെ അവസാനിച്ചു. 

ശനിയാഴ്ച പുലർച്ചെയോടെ തിരികെ ആനയിറങ്കൽ വനമേഖലയിലെത്തി. പോയ വഴികളിലെ ഏക്കർ കണക്കിനു ഏലം കൃഷി നശിപ്പിച്ചാണ് ആനക്കൂട്ടം മടങ്ങി പോയത്. ഏലത്തിന്റെ ഇളം തണ്ടുകൾ മതിയാവോളം ഭക്ഷണമാക്കി. ചക്കപ്പഴവും തുമ്പിക്കൈ നീട്ടി പറിച്ചെടുത്ത് വീതിച്ചു തിന്നു. കിടന്നുറങ്ങിയ സ്ഥലങ്ങളിലെ ഏലം കൃഷി ചവിട്ടി മെതിച്ചു നശിപ്പിച്ചാണ് സംഘം മടങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com