ADVERTISEMENT

ഉഴവൂർ ∙ ചോർന്നൊലിക്കുന്ന ചെറിയ വീട്ടിൽ ഒറ്റയ്ക്കു കഴിയുന്ന ബാല്യകാല സുഹൃത്തിന്റെ കഥ അറിഞ്ഞപ്പോൾ കൈപ്പാറേട്ട് കെ.യു.ഏബ്രഹാം രണ്ടാമതൊന്ന് ആലോചിച്ചില്ല. 10 ദിവസത്തിനുള്ളിൽ സുഹൃത്തിനു സുരക്ഷിത ഭവനം ഒരുക്കി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നാടിനു മാതൃകയായ ഏബ്രഹാം കരുണയുടെ പുതിയ മാതൃക കൂടി നാടിനു കാണിച്ചു കൊടുത്തു. സ്വന്തം വീടിനു മുന്നിൽ സുരക്ഷിതമായി കൈ കഴുകുന്നതിനുള്ള സംവിധാനവും സൗജന്യ മാസ്ക്കുകളും ഒരുക്കിയ ഇദ്ദേഹം സ്വന്തം കാർ ഫുൾ ടാങ്ക് ഇന്ധനം സഹിതം കോവിഡ് പ്രതിരോധ പ്രവർത്തനത്തിനു വിട്ടുനൽകിയിരുന്നു.

ഉഴവൂർ ഈസ്റ്റ് വള്ളിപ്പടവിൽമുക്ക് ചെമ്മനാനിക്കൽ രാധാകൃഷ്ണൻ തന്റെ ചോർന്നൊലിക്കുന്ന വീട്ടിൽ ഒറ്റയ്ക്കാണ് താമസം. ശ്വാസംമുട്ടൽ ഉൾപ്പെടെ രോഗങ്ങൾ അലട്ടുന്നു. കോവിഡ് കാലമായതിനാൽ കൂലിപ്പണിക്കു പോലും ആരും വിളിക്കുന്നില്ല. നനഞ്ഞൊലിക്കുന്ന വീട്ടിൽ കിടക്കാൻ വയ്യാത്ത അവസ്ഥ. ബാല്യകാല സുഹൃത്തായ ഏബ്രഹാമിനെ കാണാൻ എത്തുമ്പോൾ രാധാകൃഷ്ണനു വലിയ മോഹങ്ങൾ ഒന്നും ഇല്ലായിരുന്നു. വീടിന്റെ ചോർച്ച മാറ്റുന്നതിന് എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്നു കൂട്ടുകാരനോടു ചോദിച്ചു.കൈപ്പാറേട്ട് ഏബ്രഹാം കൂടുതൽ ഒന്നും ആലോചിച്ചില്ല. രാധാകൃഷ്ണന്റെ വീട് നേരിൽ പോയിക്കണ്ടു. തൊട്ടടുത്ത ദിവസം പണി തുടങ്ങി. 

മേൽക്കൂര പൂർണമായി പൊളിച്ചു. ഷീറ്റും ഓടുകളും മാറ്റിയിട്ടു. ഭിത്തികൾ തേച്ചു മിനുക്കി പെയിന്റ് അടിച്ചു. ഒരു ലക്ഷത്തിലധികം രൂപയാണ് ഇതിനായി മുടക്കിയത്. ഷിബു സ്റ്റീഫൻ, ബിനു ജോസ്, സ്റ്റീഫൻ വട്ടാടികുന്നേൽ. ഉഴവൂരിലെ ഓട്ടോറിക്ഷ തൊഴിലാളികളായ സുധിക്കുട്ടൻ, ബെന്നി, ജോബി, ബിജോ, സുനീഷ്, കാർപെന്റർ രാജീവ്, വെൽഡർ സിജോ, മേൽക്കൂര നിർമാണം നടത്തിയ ബേബി, വൈദ്യുതീകരണ ജോലികൾ നടത്തിയ ബിജു, പെയിന്റർ ജോസ്, മേസ്തിരി മുന്നഭായ് എന്നിവർ ഏബ്രഹാമിനൊപ്പം സേവന പ്രവർത്തനങ്ങളിൽ പങ്കാളികളായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com