ഒരിക്കൽ അദ്ദേഹം കരഞ്ഞു,വേട്ടയാടലുകളുടെ നാളുകളിൽ കേട്ടഗാനം; എല്ലാ ദുഃഖവും എനിക്കു തരൂ..

K.M. Mani
SHARE

കോട്ടയം ∙ യാത്ര ചെയ്യുമ്പോൾ കാറിൽ മുഹമ്മദ് റഫിയുടെയും ലതാ മങ്കേഷ്കറുടെയും പാട്ടുകൾ പലവട്ടം കേൾക്കുന്നതായിരുന്നു കെ.എം. മാണിയുടെ ശീലം. ബാർ കോഴക്കേസിൽ രാഷ്ട്രീയ എതിരാളികൾ വേട്ടയാടിയ നാളുകളിൽ കെ.എം. മാണി അത്തരം പാട്ടുകളിൽ നിന്നകന്നു. ‘എല്ലാ ദുഃഖവും എനിക്കു തരൂ, എന്റെ പ്രിയ സഖീ പോയ്‌വരൂ..’ എന്ന ശോകഗാനം പതിവായി കേട്ടുതുടങ്ങി. 1979ൽ പുറത്തിറങ്ങിയ ‘ലൗലി’ എന്ന ചിത്രത്തിൽ യേശുദാസ് പാടിയതാണ് ഈ ഗാനം. 

‘ഈ ഗാനം തന്നെ പലവട്ടം വയ്ക്കാൻ അദ്ദേഹം ആവശ്യപ്പെടുമായിരുന്നു’ കെ.എം. മാണിയുടെ പഴ്സനൽ സ്റ്റാഫ് അംഗം സിബി പുത്തേട്ട് പറഞ്ഞു. ശോകഗാനങ്ങളെ കെ.എം. മാണി ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. 2014 ഒക്ടോബർ 31നാണ് കെ.എം. മാണിക്കെതിരെ ആരോപണം ഉയർന്നത്. 2015 നവംബർ 10ന് അദ്ദേഹം ധനമന്ത്രിസ്ഥാനം രാജിവച്ചു. ബാർ കോഴ വിവാദത്തിൽ ഇടതു സംഘടനകളുടെ നേതൃത്വത്തിൽ കേരളം മുഴുവൻ കെ.എം. മാണിയെ വേട്ടയാടി. ആ വേട്ട 376 ദിവസം നീണ്ടു.

മന്ത്രിസ്ഥാനം രാജിവയ്ക്കുന്നതിനു മുൻപായിരുന്നു മറ്റൊരു സംഭവം. കെ.എം. മാണി തൃശൂർക്കു പോകുകയാണ്. മൂത്രമൊഴിക്കാനും മറ്റുമായി ചാലക്കുടി ഗെസ്റ്റ് ഹൗസിൽ കയറാമെന്ന് അദ്ദേഹം പറഞ്ഞു. ഗെസ്റ്റ് ഹൗസിലേക്കു തിരിയുന്നിടത്ത് പ്രതിഷേധവുമായി ഡിവൈഎഫ്ഐ പ്രവർത്തകരുണ്ട്. കാർ നിർത്താൻ നിവൃത്തിയില്ല. ഒടുവിൽ എങ്ങും ഇറങ്ങാതെ തൃശൂരിൽ രാമനിലയം ഗെസ്റ്റ് ഹൗസിൽ എത്തിയാണ് വാഹനം നിർത്തിയത്. അന്ന് കെ.എം. മാണിയെ വേട്ടയാടിയ ഇടതുപക്ഷത്തിന് എതിരാണ് ഇപ്പോൾ കോടതിവിധി. കേരള കോൺഗ്രസ് (എം) ഇടതുപക്ഷത്ത് എത്തിയതോടെ കെ.എം. മാണി നേരിട്ട മനോവേദനയും ചർച്ചകളിൽ ഇല്ലാതായി. 

‘അക്കാലത്ത് കെ.എം. മാണി അതീവ ദുഃഖിതനായിരുന്നു. സംസാരം പോലും കുറഞ്ഞു– അന്ന് കേരള കോൺഗ്രസ് (എം) സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായിരുന്ന ജോയ് ഏബ്രഹാം ഓർമിക്കുന്നു. കാട്ടുകള്ളൻ, കോഴ മാണി തുടങ്ങിയ മുദ്രാവാക്യം വിളികൾ. വഴിതടയൽ, നാടു മുഴുവൻ പിരിവ് തുടങ്ങിയ സമരപരിപാടികൾ അദ്ദേഹത്തെ വേദനിപ്പിച്ചു. എങ്കിലും അദ്ദേഹം പതറിയില്ല. പിന്നെ ബജറ്റ് തയാറാക്കുന്നതിലേക്ക് മനസ്സു കൊണ്ടു മടങ്ങി: ജോയ് ഏബ്രഹാം പറഞ്ഞു.

ഒരിക്കൽ കേസിൽ പ്രതികൂല വിധി വന്നപ്പോൾ അദ്ദേഹം കരഞ്ഞു. കേസിന്റെ ഓരോ അവധിദിവസങ്ങളിലും ആശങ്കയോടെ അദ്ദേഹം വാർത്തകൾ എന്താണെന്ന് ആരാഞ്ഞു. രാജിവച്ചതിനു ശേഷം പാലായിലെ കൂറ്റൻ സ്വീകരണം കഴിഞ്ഞതോടെ അദ്ദേഹം ഭാഗികമായി തിരിച്ചുവരവ് നടത്തി. ജനങ്ങളുടെ, പ്രത്യേകിച്ചും പാലാക്കാരുടെ പിന്തുണയാണ് കാരണം. 2016 ൽ പാലായിൽ വീണ്ടും ജയിച്ചതോടെ അദ്ദേഹം പൂർണമായി മുക്തി നേടിയെന്നും ജോയ് ഏബ്രഹാം ഓർമിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kottayam
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA