ADVERTISEMENT

പാലാ  പുലിയന്നൂർ കളപ്പുരയ്ക്കൽത്തൊട്ടിലിൽ താമര വിരിയുന്നതു സുന്ദരമായൊരു കാഴ്ച മാത്രമല്ല. വരുമാന മാർഗവുമാണ്.  രോഹിത് രാജാണു വീട്ടുമുറ്റത്ത് വലിയൊരു താമരപ്പൂന്തോട്ടം വളർത്തിയെടുത്തത്. കോവിഡ് കാലത്താണ് താമര കൃഷി വ്യാവസായിക അടിസ്ഥാനത്തിൽ തുടങ്ങിയത്. രണ്ടു വർഷം മുൻപ് ഒരു താമരയുടെ കിഴങ്ങ് നട്ടുകൊണ്ടായിരുന്നു തുടക്കം. അതു മുളച്ച് നല്ലരീതിയിൽ വളർന്നതോടെ കൂടുതൽ ഇനങ്ങൾ ഓൺലൈൻ വഴി അന്വേഷിച്ചു കണ്ടെത്തി.

മാസം വരുമാനം 30,000 രൂപ

20 സെന്റ് സ്ഥലത്താണു താമരക്കൃഷി. ഏറ്റവും അധികം ഇതളുകൾ വിരിയുന്ന ‘അൾട്ടിമേറ്റ് തൗസൻഡ് പെറ്റൽ’ വിഭാഗത്തിലെ സഹസ്രദള പത്മം ഇവിടെയുണ്ട്. ഇതിനൊപ്പം ടവർ ഓഫ് ഡേ ആൻഡ് നൈറ്റ്, വൈറ്റ് പിയോണി, ബുച്ച, മിറാക്കിൾ, റോസ് പിങ്ക്, റെഡ് പിയോണി എന്നിങ്ങനെ 40 ഇനത്തിൽപെട്ട 70 താമരകൾ ഇപ്പോഴുണ്ട്. ഈരാറ്റുപേട്ടയിലെ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായ രോഹിത് പുലർച്ചെ അഞ്ചിന് പൂന്തോട്ടത്തിലെത്തും. ജോലി കഴിഞ്ഞ് വൈകിട്ട് തിരിച്ചെത്തിയാലും പൂക്കളുടെ പരിപാലനത്തിനായി സമയം കണ്ടെത്തും. അച്ഛൻ കെ.എൻ.രാജനും അമ്മ കുമാരിയും സഹായത്തിനുണ്ട്.

കൃഷി പഴയ ഫ്രിജിന്റെ പെട്ടിയിൽ

പഴയ ഫ്രിജിന്റെ പെട്ടി വിലയ്ക്കു വാങ്ങി അതിൽ 40% മണ്ണും ചാണകപ്പൊടിയും നിറച്ച് ബാക്കി വെള്ളം നിറച്ചാണ് താമരപ്പൂ കൃഷി ചെയ്യുന്നത്.  കിഴങ്ങു നട്ടു പരിപാലനം തുടങ്ങിയാൽ 7 ദിവസം മുതൽ 25 ദിവസം വരെയെടുക്കും മൊട്ടിടാൻ. 4 മാസം കൊണ്ട് പൂർണ വളർച്ചയെത്തും. സഹസ്രദള പത്മം ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിലാണ് വിരിയുന്നത്. ഇവയുടെ കിഴങ്ങ് ശേഖരിച്ച്, മുളകളുള്ള ഭാഗങ്ങൾ നോക്കി മുറിച്ചെടുത്ത് നടീൽവസ്തുവായി വിപണിയിലെത്തിക്കുന്നു.    കിഴങ്ങുകൾ 3 മാസം വരെ ഇതിൽ സൂക്ഷിക്കാം. കിഴങ്ങിന് 1,000 മുതൽ 3,000 രൂപ വരെ ലഭിക്കുന്നുണ്ട്. തൈകൾക്ക് 5,000 രൂപ മുതലാണ് വില.

വിപണനം ഓൺലൈനിലും നേരിട്ടും

താമരപ്പൂക്കളുടെ ഭംഗി അനുസരിച്ച് ഇവയുടെ കിഴങ്ങുകളാണു വിവിധ വിലയ്ക്ക് വിപണനം ചെയ്യുന്നത്. താമരയുടെ കിഴങ്ങ് കടലാസ് നനച്ച് പൊതിഞ്ഞ് ചെറിയ പെട്ടിയിലാക്കിയാണ് അയച്ചു കൊടുക്കുന്നത്. 20 ദിവസം വരെ ഇതു കേടുകൂടാതെയിരിക്കും.   ചെറിയ പാത്രങ്ങളിൽ താമരയുടെ തൈകൾ കിളിപ്പിച്ച് നേരിട്ടും വിൽക്കുന്നുണ്ട്. നേരിട്ട് വാങ്ങാൻ ഒട്ടേറെ പേരെത്തെന്നുണ്ട്.     വീടുകളും സ്ഥാപനങ്ങളും താമരക്കുളങ്ങൾ തയാറാക്കാൻ താൽപര്യപ്പെട്ട് എത്തിയതോടെ കൂടുതൽ വരുമാന സാധ്യത പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ് ഈ സംരംഭകൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com