ADVERTISEMENT

കോട്ടയം ∙ നവംബർ ഒന്നിനു സ്കൂൾ തുറക്കുന്നതിനുള്ള ഒരുക്കങ്ങളാണ് നാടു മുഴുവനും. ഇതുവരെ പ്രവേശനോത്സവത്തിന് ഒരുങ്ങിയിരുന്നത് വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളുമായിരുന്നെങ്കിൽ ഇക്കുറി നാടു മുഴുവനും ഒരുങ്ങുന്നു.  മെയിൻ സബ്ജക്ട് കോവിഡാണ്. ചോക്കിനും ഡസ്റ്ററിനുമൊപ്പം മാസ്ക്കും സാനിറ്റൈസറും സ്കൂളിലെത്തി. ഒന്നാം പാഠം മുൻകരുതലാണ്. സുരക്ഷിതമായ പഠന സാഹചര്യങ്ങൾ ഒരുക്കാൻ തയാറെടുക്കുകയാണ് സ്കൂളുകൾ. അവ പരിചയപ്പെടാം... 

സ്മാർട്ടാണ് ക്ലാസ് 

ഓൺലൈനും ഓഫ്‌ലൈനുമാണ് പല സ്കൂളുകളിലും മാതൃക. 20 കുട്ടികൾക്കാണ് ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിൽ ക്ലാസ് എടുക്കുക. സ്മാർട് ക്ലാസാണ്. ക്ലാസിൽ  അകലം പാലിച്ചിരിക്കും. ക്ലാസിലെ ബാക്കിയുള്ള 20 കുട്ടികൾ വീട്ടിലിരുന്ന് ഓൺലൈനായി ലൈവ് ക്ലാസിൽ പങ്കെടുക്കും. പകുതി കുട്ടികളെ വച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ ക്ലാസുകൾ നടത്തിയാൽ സ്കൂൾ ബസുകളിൽ  അകലം പാലിച്ചു യാത്ര ചെയ്യാനും സാധിക്കുമെന്ന്  ‍പ്രിൻസിപ്പൽ ഫാ. ജോഷി സെബാസ്റ്റ്യൻ, വൈസ് പ്രിൻസിപ്പൽ ഫാ. മനു  കെ. മാത്യു എന്നിവർ അറിയിച്ചു. 

കൈകഴുകി സ്കൂളിലേക്ക് 

കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ തുളസിത്തൈകളും മാസ്ക്കും നൽകി സ്വാഗതം ചെയ്യും. കവാടത്തിൽ കൈ കഴുകുന്നതിനു കൂടുതൽ ടാപ്പുകൾ സ്ഥാപിക്കും. സെൻസർ സാനിറ്റൈസിങ് സംവിധാനവും‍  കാലുകൾ അണുവിമുക്തമാക്കുന്നതിനുള്ള സാനിമാറ്റുകളും സ്ഥാപിക്കും.  അകലം ഉറപ്പാക്കാൻ ക്ലാസ് മുറികൾ സിഗ്സാഗ് രീതിയിൽ അറേഞ്ച് ചെയ്യും.

കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നു ഉറപ്പു വരുത്താൻ അധ്യാപകരിൽ നിന്നും വിദ്യാർഥികളിൽ നിന്നും കോവിഡ് സോൾജിയേഴ്സിനെ തിരഞ്ഞെടുക്കും. സാനിറ്റൈസർ, മാസ്ക്, ഗ്ലൗസ് തുടങ്ങിയവ ഉൾപ്പെടുത്തി ഓരോ ക്ലാസ് മുറികളും കോവിഡ് ഡിഫൻസ് കോർണർ സ്ഥാപിക്കും. ഒരു പീരിയഡ് യോഗ പരിശീലനത്തിനും മാറ്റിവയ്ക്കാനും ആലോചനയുണ്ടെന്ന് പ്രിൻസിപ്പൽ സിസ്റ്റർ ഡെയ്സ് മരിയ, സിസ്റ്റർ ജിജി പുല്ലത്തിൽ എന്നിവർ അറിയിച്ചു.

അടുത്ത ക്ലാസിൽ പോകരുത് 

കുറവിലങ്ങാട് നസ്രത്ത്ഹിൽ ഡി പോൾ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാ. ക്ലമന്റ് കൂടക്കല്ലിൽ മനസ്സിൽ കണ്ട ആശയം ഇതാണ്. ഒരു ഡിവിഷനിലെ കുട്ടികളെ പരസ്പരം ഇടപെടാൻ അനുവദിക്കാം. പക്ഷേ മറ്റു ഡിവിഷനുകളിലെ കുട്ടികളുമായി അകലം നിർബന്ധം. 

ഉച്ചഭക്ഷണം സ്കൂളിൽ കൊടുക്കാം

ഉഴവൂർ ഒഎൽഎൽ ഹയർസെക്കൻഡറി സ്കൂളിൽ മറ്റു സ്ഥലങ്ങളിൽ നിന്നു വരുന്ന വിദ്യാർഥികൾക്കായി ഉച്ചഭക്ഷണം ക്രമീകരിക്കുന്നു. വരും ദിനങ്ങളിൽ അന്തിമ തീരുമാനം.

യൂണിഫോം വേണ്ട

സ്കൂൾ തുറന്നാൽ യൂണിഫോം നിർബന്ധമാക്കില്ല. പുറത്തെ ഭക്ഷണം ഒഴിവാക്കാൻ നിർദേശിക്കും. കുടിക്കാൻ ചൂടുവെള്ളം നിർബന്ധമാക്കുമെന്നു കൊല്ലമുള ലിറ്റിൽ ഫ്ലവർ സ്കൂൾ പ്രിൻസിപ്പൽ ഫാ. സോജി ജോസഫ് പറഞ്ഞു.  

എന്തൊക്കെ ശ്രദ്ധിക്കണം, വിദഗ്ധർ പറയുന്നു

കുട്ടികൾക്ക് കോവിഡ് വരാം, പക്ഷേ അത് ഗുരുതരമാവാനുള്ള സാധ്യത കുറവാണ്. സ്കൂൾ തുറക്കുമ്പോൾ നേരിടാവുന്ന പ്രധാന പ്രശ്നം,  രോഗബാധ ഉണ്ടായാൽ കുട്ടികളിൽ നിന്ന് മുതിർന്നവരിലേക്ക് അത് പകരുമോ എന്നതാണ്.  കുട്ടികൾ സ്കൂളുകളിൽ പോയിത്തുടങ്ങുന്ന സാഹചര്യത്തിൽ വീട്ടിലെ എല്ലാവരും പ്രത്യേകിച്ച് വയോജനങ്ങളും മറ്റു രോഗങ്ങൾ ഉള്ളവരും വാക്സീൻ എടുക്കണം എന്നത് പ്രത്യേകം ശ്രദ്ധിക്കണം. അധ്യാപകർ, സ്കൂളിലെ മറ്റു ജീവനക്കാർ, വാഹനങ്ങളിലെ ജീവനക്കാർ എന്നിവരും വാക്സീൻ എടുക്കണം. 

∙ ആർക്കെങ്കിലും രോഗം ഉണ്ടായാലും പരിഭ്രാന്തരാകേണ്ടതില്ല.  ക്ലാസിൽ വായുസഞ്ചാരം ഉറപ്പാക്കണം. അടഞ്ഞ മുറികളിലാണ് രോഗം പ്രധാനമായും പടരുന്നത്.
∙ മുതിർന്നവരുടെ മാസ്ക് വലുപ്പം കൂടിയതാണ്. വിദഗ്ധരുമായി ചർച്ച ചെയ്ത് കുട്ടികൾക്ക് പ്രത്യേകം മാസ്ക് ഉണ്ടാക്കാൻ വിദ്യാഭ്യാസ സബ് ജില്ല, ജില്ലാ തലത്തിലോ, പ്രാദേശിക തലത്തിലോ ശ്രമം ഉണ്ടാകണം. 
∙  മാസ്ക് മാറ്റേണ്ടി വരുന്ന സമയം, പ്രത്യേകിച്ച് ഭക്ഷണം കഴിക്കുമ്പോൾ അകലം ഉറപ്പാക്കണം. കൈ കഴുകുന്ന സ്ഥലം, ശുചിമുറികൾ എന്നിവിടങ്ങളിലും സുരക്ഷ ഉറപ്പാക്കണം.
∙ കഴിയുന്നത്രയും ക്ലാസ് മുറികൾക്ക് പുറത്തുള്ള ക്ലാസ്  സൗകര്യം പ്രയോജനപ്പെടുത്തിയാൽ നന്നായിരിക്കും.
∙ ആരോഗ്യ വകുപ്പുമായി സ്കൂളുകൾ ബന്ധം പുലർത്തണം. എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായാല്‌ ഉടൻ നടപടി സ്വീകരിക്കണം. -ഡോ. ബി. ഇക്ബാൽ (കോവിഡ് വിദഗ്ധ സമിതി അധ്യക്ഷൻ)

∙ ഒരുമിച്ച് ഇരുന്നുള്ള ഭക്ഷണം ഒഴിവാക്കണം.‌ വാട്ടർ ബോട്ടിൽ പങ്കുവയ്ക്കരുത്.
∙ ഇടവേളകളിൽ അധ്യാപകരുടെ നിരീക്ഷണം വേണം.
∙ തുടക്കത്തിൽ ഏതാനും മണിക്കൂറുകൾ മാത്രം ക്ലാസുകൾ നടത്തുക. സ്കൂൾ സമയം പുനഃക്രമീകരിച്ച് കുറച്ചു കുട്ടികൾ മാത്രം ഒരേ സമയം  എത്തുന്ന വിധത്തിലേക്കു മാറ്റാം.
∙ അധ്യാപകർ സ്കൂൾ ജീവനക്കാർ എന്നിവർക്ക് കൃത്യമായ ഇടവേളകളിൽ ആർടിപിസിആർ പരിശോധന. വിദ്യാർഥികൾക്കു നിശ്ചിത സമയങ്ങളിൽ കോവിഡ് പരിശോധന വേണം.

∙ കൊച്ചുകുട്ടികൾ വീടുകളിൽ മാസ്ക് ഉപയോഗിക്കുന്ന ശീലം കുറവാണ്. അതിനാൽ ഇവർ സ്കൂളുകളിൽ എത്തുമ്പോൾ മാസ്ക് ഉപയോഗത്തോടു പൊരുത്തപ്പെടാൻ ബുദ്ധിമുട്ടാകും. വീടുകളിൽ മാസ് ധരിച്ച് നടക്കാൻ പ്രേരിപ്പിക്കണം.
∙ സ്കൂൾ വാഹനങ്ങളും കുട്ടികൾ‍ തിങ്ങി നിറഞ്ഞു പോകുന്ന വാഹനങ്ങളും ഒഴിവാക്കി അച്ഛനമ്മമാർ കുട്ടികളെ സ്കൂളിൽ എത്തിക്കാൻ ശ്രമിക്കണം.
∙ പനി, ജലദോഷം എന്നിവ ഉണ്ടെങ്കിൽ സ്കൂളിൽ അയയ്ക്കരുത്.
∙ വീടിനുള്ളിൽ പ്രവേശിക്കുന്നതിനു മുൻപ് വസ്ത്രങ്ങൾ പുറത്ത് അണുനശീകരണ ലായനിയിൽ  ഇടണം. കുളി കഴിഞ്ഞ ശേഷം മാത്രം കുട്ടികൾ മറ്റുള്ളവരുമായി ഇടപെടണം.
∙ സ്കൂൾ ബാഗുകൾ ഉൾപ്പെടെ സാനിറ്റൈസ് ചെയ്യണം. -ഡോ. കെ.പി. ജയപ്രകാശ് (സൂപ്രണ്ട്, മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രി, കോട്ടയം)

കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചാണ് എംജി സർവകലാശാലയിൽ ക്ലാസുകൾ ആരംഭിക്കുന്നത്. ഈ മാതൃക തന്നെ സ്കൂളുകളും സ്വീകരിക്കണം. സാനിറ്റൈസറും മാസ്ക്കും നിർബന്ധമാക്കണം. കൃത്യമായ അകലം പാലിച്ച് ഇരിപ്പിടങ്ങൾ ക്രമീകരിക്കാൻ അധ്യാപകർ ശ്രദ്ധിക്കണം. കൂട്ടുകാരെ കാണുമ്പോഴുള്ള സന്തോഷം കൊണ്ടുള്ള കൂടിച്ചേരലുകൾ പരമാവധി ഒഴിവാക്കണം. ആഹാരം കഴിക്കുന്നതിന് സമയക്രമം നിശ്ചയിക്കണം. കൂടുതൽ മുറികൾ ഇതിനായി ഒരുക്കണം.

സ്കൂൾ ബസുകളിൽ ഒരുമിച്ച് കുട്ടികളെ കൊണ്ടുപോകുന്നതിന് പകരം കൂടുതൽ ട്രിപ്പുകൾ ഒരുക്കണം. ഏതെങ്കിലും വിദ്യാർഥിക്ക് രോഗലക്ഷണം കണ്ടാൽ ഉടൻ മാറ്റണം. ഇതിനായി പ്രത്യേക മുറി വേണം. കഴിയുമെങ്കിൽ ഒരു ഡോക്ടറുടെ സേവനം സ്കൂളിൽ ലഭ്യമാക്കണം. ആഴ്ചകൾ തോറും കോവിഡ് ടെസ്റ്റ് നടത്തുന്നതും നല്ലത്. - ഡോ. സാബു തോമസ് (വൈസ് ചാൻസലർ, എംജി സർവകലാശാല)

രക്ഷിതാക്കൾ പറയുന്നു

സ്കൂളിൽ സാധാരണ ചോദ്യം ചോദിക്കുന്നത്  അധ്യാപകരാണ്. പക്ഷേ ഈ ചോദ്യങ്ങൾ രക്ഷിതാക്കളുടേതാണ്. 

അധ്യയന ദിവസം കുറയ്ക്കണം

സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കപ്പെടുമോ എന്ന് ആശങ്ക. കുട്ടികൾ സാമൂഹിക അകലം പാലിക്കുമോ? അധ്യയന ദിവസങ്ങൾ കുറയ്ക്കണം. മാതാപിതാക്കൾക്കും ബോധവൽക്കരണം നടത്തണം. -ജോബിൻ എസ്.കൊട്ടാരം
(പിടിഎ പ്രസിഡന്റ്, ക്രിസ്തുജ്യോതി വിദ്യാനികേതൻ,ചെത്തിപ്പുഴ.)

വാക്സീൻ നൽകിയിട്ടില്ല

കുട്ടികൾക്കു വാക്സിനേഷൻ നടത്തിയിട്ടില്ല. മുതിർന്ന ക്ലാസുകളിൽ ഷിഫ്റ്റ് ആക്കണം. കുട്ടികളുടെ എണ്ണം കുറയ്ക്കണം. -സെബി പറമുണ്ട (പിടിഎ പ്രസിഡന്റ്, സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, പാലാ)

യാത്രയിൽ ആശങ്ക

സ്കൂൾ തുറക്കുന്നതാണ് നല്ലത്. പൊതുഗതാഗതത്തിന് ബസുകളുടെ എണ്ണം കുറവാണ്. ഗതാഗത സൗകര്യം കൂട്ടണം.  - പി.ആർ. ബിജി (ആശ്രാമം സ്കൂൾ, വൈക്കം)

മൂന്നാം തരംഗത്തിൽ ആശങ്ക

കുട്ടികൾക്ക് വാക്സിനേഷൻ ലഭിച്ചിട്ടില്ല. കോവിഡ് മൂന്നാം മൂന്നാം തരംഗം എങ്ങനെ ബാധിക്കുമെന്നതും ആശങ്ക ഉയർത്തുന്നു.  -ജോസ് ആന്റണി (പിടിഎ പ്രസിഡന്റ്, സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ, ആനക്കല്ല്. )

കോവിഡ് വ്യാപനം കുറഞ്ഞിട്ടില്ല 

സ്കൂളുകളിൽ മുൻ കരുതലുകൾ എടുത്തിട്ടുണ്ട്. സമൂഹത്തിൽ കോവിഡ് വ്യാപനം കുറഞ്ഞിട്ടില്ല. സ്കൂൾ തുറന്നാൽ കോവിഡ് കുട്ടികളെ എങ്ങനെ ബാധിക്കുമെന്നു ആശങ്കയുണ്ട്. -സെബാസ്റ്റ്യൻ ജോർജ് (പിടിഎ പ്രസിഡന്റ്, സെന്റ് ഡൊമിനിക്സ് സ്കൂൾ, കാഞ്ഞിരപ്പള്ളി)

സർക്കാർ നടപടി എടുക്കണം 

സർക്കാർ വേണ്ട വിധത്തിൽ ഇത് കൈകാര്യം ചെയ്യും എന്നാണ് പ്രതീക്ഷ. കഴിവതും മാതാപിതാക്കൾ തന്നെ കുട്ടികളെ സ്കൂളുകൾ എത്തിക്കാനും  തിരികെ കൊണ്ടു പോകാനും ശ്രമിക്കണം. -കെ.എ. ഏബ്രഹാം (പിടിഎ പ്രസിഡന്റ്, എംടി സെമിനാരി എച്ച്എസ്എസ്,കോട്ടയം)

കട്ടപ്പുറത്തുനിന്ന് ബസുകൾ ഇറക്കണം 

സ്കൂൾ ബസുകൾ 2 വർഷമായി ഓടാതെ കിടന്നു. പലരും ജി ഫോം നൽ‌കി നികുതി ഇളവു നേടി. സ്കൂൾ തുറക്കുന്നതിനു മുൻപായി ടാക്സും ഇൻഷുറൻസും അടയ്ക്കേണ്ടതാണ് ആദ്യ കടമ്പ.  അറ്റകുറ്റപ്പണികളാണ് അടുത്ത തലവേദന. 2 വാഹനങ്ങളുടെ ബാറ്ററി പൂർണമായി നശിച്ചു പോയതായി സൗത്ത് പാമ്പാടി ജൂനിയർ‌ ബസേലിയോസ് സ്കൂൾ മാനേജർ സിജു കെ.ഐസക്ക് പറഞ്ഞു. 

ടയറുകൾ ഉറഞ്ഞിരിക്കുന്ന ബസുകൾ ഉള്ള സ്കൂളുകളുമുണ്ട്. ജിപിഎസ് പ്രവർത്തനരഹിതമായി. സ്കൂൾ ബസുകൾ ഓടിക്കുന്നതു സംബന്ധിച്ച മാർഗ നിർദേശത്തിനായി കാത്തിരിക്കുകയാണ് . 70–90 വിദ്യാർഥികളെ കയറ്റുന്ന സ്കൂൾ ബസുകൾ   ഓടുന്നുണ്ട്. എത്ര കുട്ടികളെ  ബസിൽ കയറ്റാം, ഒരു സീറ്റിൽ എത്ര കുട്ടികൾ തുടങ്ങിയവ സംബന്ധിച്ചു വ്യക്തത വരണം. 

"24 ന് ആരംഭിക്കുന്ന പ്ലസ് വൺ പരീക്ഷ കുറ്റമറ്റ രീതിയിൽ നടത്തുന്നതിനുള്ള നിർദേശങ്ങൾ വിദ്യാഭ്യാസ മന്ത്രിയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. പരീക്ഷയ്ക്കു ശേഷമുള്ള അവസ്ഥ കൂടി പരിഗണിച്ചാകും സ്കൂൾ തുറക്കുന്നതിനുള്ള മാർഗരേഖയ്ക്ക് അന്തിമ രൂപം നൽകുക. നിലവിൽ നവംബർ ഒന്നിന് തന്നെ സ്കൂൾ തുറന്ന് ക്ലാസുകൾ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ."എൻ.സുജയ (ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ)

"സ്കൂൾ തുറക്കുന്നത് സന്തോഷമുള്ള കാര്യമാണ്. ഷിഫ്റ്റ് ആണോ ഒന്നിടവിട്ട ദിവസങ്ങളിലാണോ ക്ലാസുകൾ തുടങ്ങിയ കാര്യങ്ങളിൽ സർക്കാരിൽ നിന്നും വ്യക്തമായ നിർദേശം  ലഭിക്കണം. സർക്കാർ വ്യക്തമായ നിർദേശങ്ങൾ നൽകും." -പി.കെ.അനിൽ കുമാർ (ഹയർ സെക്കൻഡറി ജില്ലാ കോഓർഡിനേറ്റർ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com