ADVERTISEMENT

കറുകച്ചാൽ ∙ മേഖലയിൽ തുടർച്ചയായി മോഷണം നടത്തി പൊലീസിനും നാട്ടുകാർക്കും തലവേദന സൃഷ്ടിച്ച മോഷ്ടാവിനെ കറുകച്ചാൽ പൊലീസ് പിടികൂടി. കോഴിക്കോട് പിലാശേരി കയ്യെത്തിയാലുങ്കൽ അജയ് (19) ആണു പിടിയിലായത്. മൂന്നാഴ്ചയോളമായി പ്രദേശത്ത് ഒട്ടേറെ മോഷണങ്ങൾ ഇയാൾ നടത്തി. കഴിഞ്ഞ ദിവസം നെടുംകുന്നം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ മേൽക്കൂര തകർത്ത് 128 രൂപയും പത്തനാട് സ്റ്റേഷനറിക്കട കുത്തിപ്പൊളിച്ച് 4000 രൂപയും നെടുംകുന്നത്തെ മില്ലിൽ നിന്ന് 1000 രൂപയും മല്ലപ്പള്ളി റോഡിലെ ഷാപ്പിൽ നിന്ന് 5000 രൂപയും മോഷ്ടിച്ചിരുന്നു.

കാനത്ത് സ്‌റ്റേഷനറിക്കടയിൽ മോഷണം നടത്തിയതും ഇയാളാണെന്നു പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.  ബാലുശേരി, കുന്നമംഗലം എന്നിവിടങ്ങളിൽ ബൈക്ക് മോഷണം, അടയ്ക്ക മോഷണം എന്നിവ നടത്തിയതിന് ഇയാൾക്കെതിരെ കേസുണ്ട്. പതിന്നാലാം വയസ്സിൽ മോഷണക്കുറ്റത്തിന് അജയ് ജുവനൈൽ ഹോമിലായിരുന്നു. 5 മാസം മുൻപു കോട്ടയത്തെത്തിയ ഇയാൾ വിവിധ സ്ഥലങ്ങളിൽ ചുറ്റിത്തിരിഞ്ഞ് കറുകച്ചാലിലെത്തി. ഏതാനും ദിവസം മുൻപു കറുകച്ചാലിലെ ഒരു ഹോട്ടലിൽ ഇയാൾ ജോലിക്കു കയറിയിരുന്നു.

രാത്രി ജോലി കഴിഞ്ഞ ശേഷമാണു മോഷണത്തിനായി ഇറങ്ങിയിരുന്നത്. മാണികുളത്തിനു സമീപത്തെ മോഷണം നടന്ന ധാന്യമിൽ, കഴിഞ്ഞ ദിവസം മോഷണം നടന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപത്തെ കടകൾ എന്നിവിടങ്ങളിൽ നിന്നു ശേഖരിച്ച ദൃശ്യങ്ങളിൽ നിന്നാണ് ഇയാളെ തിരിച്ചറിഞ്ഞത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ ഹോട്ടലിൽ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു. ഇയാളുടെ പേരിൽ മറ്റു സ്ഥലങ്ങളിൽ കേസുകളുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com