ദ്വീപിനു ചുറ്റും എക്കലും കുറ്റികളും; അടുക്കാനാകാതെ പാതിരാമണൽ

pathiramanal
വേമ്പനാട്ട് കായലിലെ പാതിരാമണൽ ദ്വീപ്. വിനോദസഞ്ചാരികളുമായി എത്തിയ ബോട്ടും കാണാം.
SHARE

കുമരകം ∙ വിനോദസഞ്ചാരികൾക്കു പാതിരാമണൽ ദ്വീപും കവണാറ്റിൻകര പക്ഷിസങ്കേതവും സൗകര്യപ്രദമായി കാണാൻ കഴിയുന്നില്ല. വേമ്പനാട്ട് കായലിലെ ജൈവവൈവിധ്യ സമ്പന്നമായ ദ്വീപാണു പാതിരാമണൽ. ഇതു കണ്ടു മനസ്സിലാക്കാനാണു സഞ്ചാരികൾ എത്തുന്നത്. ഇപ്പോഴത്തെ അവസ്ഥയിൽ ഇതൊന്നും കാണാതെ നിരാശരായി മടങ്ങേണ്ട അവസ്ഥയിലാണു സഞ്ചാരികൾ. കുമരകത്തു നിന്നു ഹൗസ്ബോട്ടുകളിലും ശിക്കാരവള്ളങ്ങളിലും മോട്ടർ ബോട്ടുകളിലും സഞ്ചാരികൾ പാതിരാമണലിലേക്കു പോകുന്നുണ്ടെങ്കിലും പലർക്കും ഇവിടെ ഇറങ്ങാൻ പോലും കഴിയുന്നില്ല.

ഒരു ബോട്ട് ജെട്ടി മാത്രം

∙ നിലവിൽ ഒരു ബോട്ട് ജെട്ടി മാത്രമാണ് ഉള്ളത്. ആലപ്പുഴ, മുഹമ്മ, കായിപ്പുറം, തണ്ണീർമുക്കം, കുമരകം മേഖലയിൽ നിന്നാണു ജലവാഹനങ്ങൾ ഇവിടെ എത്തുന്നത്. രാവിലെ മുതൽ 4 മണി വരെയാണു വിനോദ സഞ്ചാരികൾ കായൽയാത്ര നടത്തുന്നത്. ബോട്ടുകൾ എല്ലാം കൂടി എത്തുമ്പോൾ ബോട്ട് ജെട്ടിയിൽ അടുക്കാൻ കഴിയില്ല. പാതിരാമണലിന്റെ കരയോടു ചേർത്ത് ബോട്ടുകൾ നിർത്താനും കഴിയില്ല. ദ്വീപിനു ചുറ്റും എക്കലും കുറ്റികളും ഉള്ളതാണ് അടുക്കാൻ കഴിയാത്തതിനു കാരണം. 

നിലവിലെ ബോട്ട് ജെട്ടിയിൽ സർക്കാർ ബോട്ടുകൾക്കാണു മുൻഗണന. ജലഗതാഗത വകുപ്പിന്റെ കുമരകം– മുഹമ്മ ബോട്ട് ഇവിടെ അടുക്കും. ഡിടിപിസിയുടെ കായൽ യാത്രാബോട്ടും എത്തും. ഈ ബോട്ടുകൾ ഇവിടെ എത്തിയാൽ തിരികെ പോകുന്നതു വരെ മറ്റു ബോട്ടുകൾക്ക് അടുക്കാൻ കഴിയില്ല. ദ്വീപിൽ ഇറങ്ങുന്നവർക്കും ദുരിതയാത്രയാണ്. ബോട്ട് ജെട്ടിയിൽ നിന്ന് ഒരു വഴി മാത്രമേ ഉള്ളൂ. വഴിയിലേക്കു കുറ്റിക്കാടുകൾ വളർന്നിറങ്ങിയിരിക്കുന്നു. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കിടക്കുകയാണിവിടെ.

പാതിരാമണൽ ദ്വീപിൽ വഴിയിലേക്കു വളർന്നുനിൽക്കുന്ന കുറ്റിക്കാടുകൾ.

സമയനഷ്ടം

∙രണ്ടു മൂന്നു മണിക്കൂർ കണക്കാക്കിയാണു വിനോദസഞ്ചാരികൾ സ്വകാര്യ ബോട്ടുകളിൽ ഇവിടെ എത്തുന്നത്. ഏറെ നേരം കാത്തുകിടന്നു ദ്വീപിൽ ഇറങ്ങി കാഴ്ചകൾ കണ്ടു മടങ്ങുമ്പോൾ സമയം ഏറെയാകും. അതിനാൽ ബോട്ടിലെ സഞ്ചാരികൾ ദ്വീപിൽ ഇറങ്ങാതെ തിരികെ പോകുന്നു. സർക്കാർ ബോട്ടുകൾ വരുന്നതിനു മുൻപു സ്വകാര്യ ബോട്ടുകൾ അടുത്തു കിടന്നാൽ സർക്കാർ ബോട്ടുകൾ വരുമ്പോൾ മാറ്റിക്കൊടുക്കണം. ദ്വീപിൽ ഇറങ്ങിയ സഞ്ചാരികളെ കയറ്റണമെങ്കിൽ സർക്കാർ ബോട്ടുകൾ പോകണം. ഇതു സമയനഷ്ടത്തിനിടയാക്കുന്നു. പരിസ്ഥിതിക്കു കോട്ടം തട്ടാത്ത വിധം ദ്വീപിനു ചുറ്റും പുതിയ ബോട്ട് ജെട്ടികൾ പണിതാൽ കൂടുതൽ ബോട്ടുകൾക്കു ദ്വീപിൽ അടുക്കാൻ കഴിയും. പരിസ്ഥിതി പ്രവർത്തകരെക്കൂടി ഉൾപ്പെടുത്തി ഇതിനു വേണ്ട നടപടി എടുക്കണമെന്നാണ് ആവശ്യം.

പക്ഷിസങ്കേതം

∙ കായൽ യാത്രയ്ക്ക് എത്തുന്നവർ കവണാറ്റിൻകരയിലെ പക്ഷിസങ്കേതം കൂടി കണ്ട് പോകാനാണു എത്തുന്നത്. ബോട്ട് യാത്രയ്ക്കിടെ കായൽത്തീരത്ത് ഇറങ്ങി പക്ഷിസങ്കേതം കാണാൻ സൗകര്യമില്ല. പക്ഷിസങ്കേതത്തിനോടു ചേർന്നു നേരത്തേ ബോട്ട് ജെട്ടി ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അതില്ല. 

പക്ഷിസങ്കേതത്തിനുള്ളിലേക്കു പോകണമെങ്കിൽ ബോട്ടിൽ ഏറെ ദൂരം കവണാർ ആറ്റിലൂടെ സഞ്ചരിച്ചു കവണാറ്റിൻകര പാലം വരെ എത്തി നടന്നുപോയി ടിക്കറ്റെടുത്തു പോകണം. ഇതു സമയം കുറെയേറെ നഷ്ടപ്പെടാൻ ഇടയാക്കുമെന്നതിനാൽ മിക്കവരും ഇതിനു തയാറാകില്ല. കെടിഡിസി കായൽത്തീരത്തു ബോട്ട് ജെട്ടി പണിത് ടിക്കറ്റ് കൗണ്ടറും സ്ഥാപിച്ചാൽ കൂടുതൽ സഞ്ചാരികൾ പക്ഷിസങ്കേതം കാണാൻ എത്തും, വരുമാനം കൂടുകയും ചെയ്യും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kottayam
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA