ADVERTISEMENT

കോട്ടയം ∙ അറുപറ സ്വദേശികളായ ദമ്പതികൾ  നാലു വർഷം മുൻപു കാണാതായ സംഭവത്തിൽ നാട്ടകത്തിനു സമീപമുള്ള മുട്ടത്തെ പാറക്കുളം വറ്റിച്ച് പരിശോധിക്കും. ഇതിനായി പരിസരം വൃത്തിയാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് നഗരസഭയ്ക്കു കത്തു നൽകി.2017 ഏപ്രിൽ ആറിന് ഇല്ലിക്കൽ അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെയാണു കാണാതായത്. ഹർത്താൽ ദിനത്തിൽ ആഹാരം വാങ്ങാനായി വീട്ടിൽ നിന്നു സന്ധ്യയോടെ കാറിൽ പുറത്തേക്കു പോയ ഇവരെപ്പറ്റി പിന്നീടു വിവരമൊന്നും ലഭിച്ചിട്ടില്ല.

കാർ ഇല്ലിക്കൽ പാലം കഴിഞ്ഞു വലത്തോട്ട് തിരിയുന്നതായുള്ള സിസിടിവി ദൃശ്യം മാത്രമാണ്  പൊലീസിനു ലഭിച്ചത്. 2017 ഡിസംബറിൽ കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയിരുന്നു. ആത്മഹത്യാ സാധ്യത കണക്കിലെടുത്തു തണ്ണീർമുക്കം ബണ്ട്, മീനച്ചിലാർ, താഴത്തങ്ങാടി, എസി കനാൽ, നാട്ടകം പാറോച്ചാൽ തോട്, കോടിമത തുടങ്ങിയ ജലാശയങ്ങളിൽ പലതവണ സ്കാനർ ഉപയോഗിച്ചു പരിശോധന നടത്തിയിരുന്നു.

പാറക്കുളത്തിന് പറയാനുണ്ട്; ഇരട്ടക്കൊലക്കേസിന്റെ കഥ

അറുപറ ദമ്പതികളുടെ കേസ് അന്വേഷണം മുട്ടത്തെ പാറക്കുളത്തിൽ എത്താൻ കാരണം നാടിനെ നടുക്കിയ മറ്റൊരു കൊലക്കേസ്. കോളിളക്കം സൃഷ്‌ടിച്ച മതുമൂല മഹാദേവൻ വധക്കേസിൽ കൊല്ലപ്പെട്ടവരുടെ അസ്ഥികൂടം കണ്ടെടുത്തത് ഇതേ പാറക്കുളത്തിൽ നിന്നാണ്.  1995 സെപ്റ്റംബർ എട്ടിനു മതുമൂല തുണ്ടിയിൽ ഉദയാ സ്‌റ്റോഴ്‌സിൽ വിശ്വനാഥൻ ആചാരിയുടെ മകൻ ആറാം ക്ലാസ് വിദ്യാർഥി മഹാദേവനെ, വീടിനു സമീപത്ത് സൈക്കിൾ റിപ്പയർ ഷോപ്പ് നടത്തിയിരുന്ന വാഴപ്പള്ളി മഞ്ചാടിക്കര ഇളയമുറിയിൽ ഹരികുമാർ കൊലപ്പെടുത്തിയെന്നാണു കേസ്.

കൊലപാതകത്തിനു സഹായിച്ച സുഹൃത്ത് കോനാരി സലിയെയും ഹരികുമാർ കൊലപ്പെടുത്തിയിരുന്നു. സഹോദരീ ഭർത്താവ് കണ്ണന്റെ മറിയപ്പള്ളിയിലുള്ള വീടിനു സമീപത്തെ പാറക്കുളത്തിൽ മഹാദേവന്റെയും  സലിയുടെയും മൃതദേഹങ്ങൾ കെട്ടിത്താഴ്‌ത്തിയെന്നു ഹരികുമാർ പൊലീസിനു മൊഴിനൽകി.മഹാദേവന്റെ  പത്തുപവന്റെ സ്വർണമാലയ്‌ക്കു വേണ്ടിയായിരുന്നു കൊലപാതകം. ദുരൂഹമായി തുടർന്ന കേസിൽ 19 വർഷങ്ങൾക്കു ശേഷമാണു തുമ്പുണ്ടായത്.  കാടുകയറിയ നിലയിലായിരുന്ന ഇതേ പാറക്കുളം  2015ലാണ്  ഒരാഴ്ച നീണ്ട പരിശ്രമത്തിനൊടുവിൽ വറ്റിച്ച് ഇരു മൃതദേഹങ്ങളുടെയും അസ്‌ഥിയും അവശിഷ്‌ടങ്ങളും കണ്ടെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com