ADVERTISEMENT

പ്രളയം കഴിഞ്ഞു. ഇവർ എങ്ങോട്ടു പോകും. പലർക്കും വീടു നിന്ന സ്ഥലത്തേക്കു നോക്കാൻ  പോലും വയ്യ. ആറ്റുനോറ്റു പണിത വീടാണ്. ആ സ്ഥാനത്ത് ഇന്നൊരു കുഴി. അല്ലെങ്കിൽ മൺ കൂമ്പാരം. ദുർവിധി ഇവരുടെ  ജീവനൊഴികെ എല്ലാം എടുത്തു. 223 വീടുകൾ പെരുമഴയിൽ പൂർണമായോ ഭാഗികമായോ തകർന്നു. 62 വീടുകൾ  പൂർണമായി തകർന്നു. ഈ 62 വീടുകളും  കാഞ്ഞിരപ്പള്ളി  താലൂക്കിലെ മുണ്ടക്കയം, കൂട്ടിക്കൽ പ്രദേശത്താണ്. 

ഉടുവസ്ത്രം മാത്രം ബാക്കിയായ 51 കുടുംബങ്ങൾ

‘എന്ത് പറയാനാണ് എല്ലാം ശൂന്യമായ അവസ്ഥ’ .. മുറികല്ലുംപുറം കല്ലുവെട്ടാംകുഴി കെ.കെ.സുരേഷിന്റെ വാക്കുകൾ. ഇതേ വാക്കുകൾ തന്നെയാണ് മുറികല്ലുംപുറത്ത് മണിമലയാറിന്റെ തീരത്ത് താമസിച്ചിരുന്ന 51 കുടുംബങ്ങൾക്ക് പറയുവാനുള്ളത്. പ്രളയം കവർന്ന പ്രദേശത്തെ 51 വീടുകളും പൂർണമായും നശിച്ചു. ഉടുത്തിരുന്ന വസ്ത്രങ്ങൾ മാത്രമായി ജീവിതത്തിലേക്ക ഓടിക്കയറിയ 150 ഓളം വരുന്നആളുകൾക്ക് മുൻപിൽ ഇനി എങ്ങനെ ജീവിക്കും എന്ന ചോദ്യം ബാക്കിയാകുന്നു. 

ബാക്കിയായത് ബാഗ് മാത്രം 

പാരമ്പര്യമായി താമസിച്ചു വന്ന വീടാണ് . ഭാര്യയും മൂന്നര വയസ്സുള്ള കുഞ്ഞും, അച്ഛനും അമ്മയും അമ്മയുടെ അമ്മയുമാണ് വീട്ടിൽ ഉണ്ടായിരുന്നത്.  പെട്ടെന്ന് തിരമാല ഇരച്ചു കയറും പോലെ വെള്ളമെത്തി. ഭാര്യയും കുഞ്ഞിനെയും അമ്മൂമ്മയും അതുവഴി വന്ന വാഹനത്തിൽ കയറ്റി വിട്ടു. അച്ഛനും അമ്മയും ഞാനും അടുത്തുള്ള ഉയർന്ന തിട്ടയിൽ കയറി നിന്നും .വെള്ളം സർവതും കൊണ്ടുപോകുന്നതു കണ്ടു നിൽക്കാനേ കഴിഞ്ഞുള്ളൂ. റേഷൻ കാർഡും ആധാർ കാർഡും ഉൾപ്പെട്ട ബാഗ് മാത്രമാണ് എടുക്കാൻ കഴിഞ്ഞത്. ഇപ്പോൾ വിഴിക്കിത്തോട് സ്കൂളിൽ കഴിയുകയാണെന്ന് അജോ വർഗീസ് പറഞ്ഞു.

കെ.എ.അജ്മലും കുടുംബവും താമസിച്ചിരുന്ന വീട് തകർന്നത് വില്ലേജ് അധികൃതർ പരിശോധിക്കുന്നു.

അജ്മലും കുടുംബത്തിനും ആവീട്  ഇപ്പോൾ പേടി സ്വപ്നം

കാഞ്ഞിരപ്പള്ളി വട്ടകപ്പാറ കെ.എ. അജ്മലും ഭാര്യ താജുന്നിസയും ആറു മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ 3 മക്കളും, അജ്മലിന്റെ അമ്മയും താമസിച്ചിരുന്ന വീടാണ് മണ്ണിടിഞ്ഞു വീണു പൂർണമായും തകർന്നത്. 10 വർഷം മുൻപ്‍ ഗൾഫിൽ പോയി ജോലി ചെയ്തുണ്ടാക്കിയ പണം കൊണ്ടു നാലു സെന്റിൽ നിർമിച്ച വീടാണ് തകർന്നത്. ഇനി അവിടെ താമസിക്കാനും ഭയമാണ് അജ്മൽ. നിലവിൽ നൂറുൽഹൂദാ സ്കൂളിലെ ക്യാംപിലാണ് കുടുംബം കഴിയുന്നതെന്നു അജ്മൽ വട്ടകപ്പാറ പറഞ്ഞു, 

മുളങ്കയം കായാങ്കാട്ടിൽ ഓമന (ഗീത)യുടെ കുടുംബാംഗങ്ങൾ തകർന്ന വീടിനുള്ളിൽ.

ഇനിയുള്ളത് രണ്ടു ഭിത്തികൾ

‘ വെള്ളം കോരാനായി ഒരു ബക്കറ്റ് അടുത്ത വീട്ടിൽ നിന്നും വാങ്ങി ’ മുളങ്കയം കായാങ്കാട്ടിൽ ഓമന (ഗീത)യുടെ വീടിന്റെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്. വീടിന്റെ രണ്ട് ഭിത്തികൾ മാത്രം അവശേഷിപ്പിച്ച് ബാക്കിയുള്ളവ മണിമലയാർ കവർന്നു. 52 വർഷമായി ഇവിടെയാണ് താമസം  ദു:സ്വപ്നത്തിൽ പോലും ഇങ്ങനെ ഒരു ദുരന്തം പ്രതീക്ഷിച്ചിട്ടില്ല എന്ന് ഇവർ പറയുന്നു. ഇതിനു സമീപം മറ്റു മൂന്നു വീടുകൾ പൂർണമായും നിരവധി വീടുകൾ വെള്ളം കയറിയും തകർന്നു.

26-ാം മൈലിൽ കീച്ചേരിൽ ഓമനക്കുട്ടന്റെ വീട് പൂർണമായി തകർന്ന നിലയിൽ.

ഓമനക്കുട്ടനും കുടുംബത്തിനും പോകാൻ ഇടമില്ല

26-ാം മൈലിൽ കീച്ചേരിൽ ഓമനക്കുട്ടൻ, സഹോദരങ്ങളായ സോമരാജൻ, മണിക്കുട്ടൻ എന്നിവർ  കുടംബ സമേതം കൂട്ടുകുടുംബമായി താമസിക്കുന്ന വീടാണ് പൂർണമായും തകർന്നത്. പ്രായമായ അമ്മയും ഇവർക്കൊപ്പമുണ്ട്. വെള്ളം കയറിയപ്പോൾ അമ്മയെ കസേരയിലാണ് വീട്ടിൽ നിന്നും മാറ്റിയത്. നിലവിൽ ബന്ധുവീട്ടിലാണ് താമസിക്കുന്നത്.  ഇനി എന്തു ചെയ്യണമെന്ന് അറിയില്ലെന്നു സുരേഖ പറഞ്ഞു.  

പുത്തൻചന്ത കോസ്‌വേ പാലത്തിനു സമീപം താമസിച്ചിരുന്ന തെക്കേമുറി കണ്ണന്റെ വീട് ഇരുന്ന സ്ഥലം.

എല്ലാം നശിച്ച് കണ്ണനും സെൽവിയും 

‘ബന്ധുക്കളെന്ന് പറയാൻ നാട്ടിൽ ആരുമില്ല. ക്യാംപിൽ നിന്നു ഞങ്ങൾ എവിടേക്ക് പോകും? 80 വർഷമായുള്ള സമ്പാദ്യം ഒരു നിമിഷം കൊണ്ട് ഇല്ലാതെയായി’ .പുത്തൻചന്ത കോസ്‌വേ പാലത്തിനു സമീപം താമസിച്ചിരുന്ന തെക്കേമുറി കണ്ണനും ഭാര്യ സെൽവിയും പറഞ്ഞു. 80 വർഷം മുൻപ് കണ്ണന്റെ പിതാവ് രാജുവാണ് തമിഴ്നാട്ടിൽ നിന്നും എത്തി സ്ഥലം വാങ്ങി വീട് വച്ചത്. വീടിനു സമീപം കൊട്ടയും മറ്റു പ്ലാസ്റ്റിക് വസ്തുക്കളും വിൽക്കുന്ന കട ആയിരുന്നു ഇവരുടെ വരുമാനമാർഗം. 10 ലക്ഷത്തോളം രൂപയുടെ സാധനങ്ങളാണ് കടയിൽ നിന്നും നഷ്ടമായത്. വീട് ഇരുന്ന സ്ഥലത്ത് തറ മാത്രമാണ് ശേഷിക്കുന്നത്. തിരിച്ചറിയൽ രേഖകൾ പോലും പ്രളയം കവർന്നു.

കുറുവാമൂഴി ചിറയിൽ അജോ വർഗീസിന്റെ വീട് പൂർണമായും തകർന്ന നിലയിൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com