ADVERTISEMENT

കാഞ്ഞിരപ്പള്ളി ∙ ആലപ്പുഴ ജില്ലയിലെ കിടങ്ങറ പുഴയിൽ വല വീശാൻ ഇറങ്ങിയതാണ് മണ്ണൂത്ര ഷാജിയും കൂട്ടുകാരും. ഒഴുകിവന്നത് തേക്കിന്റെ അലമാര. ഷാജിയും സംഘവും ഇതു കരയ്ക്കു കയറ്റി. ഉള്ളിൽ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞു ബാങ്ക് പാസ്ബുക്ക്. വിലാസം നോക്കിയപ്പോൾ മുണ്ടക്കയം ഷാസ് നികുഞ്ജത്തിൽ കണ്ണന്റേതാണ് ഇതെന്നു മനസ്സിലായി. അദ്ദേഹത്തെ കണ്ടെത്തി വിവരമറിയിച്ചു. അങ്ങനെ, 16 മണിക്കൂറും 67 കിലോമീറ്ററും ഒഴുകിയ ആ അലമാര സ്വന്തം വീട്ടിൽ തിരിച്ചെത്തി. കണ്ണന്റെ സഹോദരൻ സാബുവിനു 30 വർഷം മുൻപ് സമ്മാനമായി ലഭിച്ചതാണ് ഈ അലമാര.

പ്രമാണം കിട്ടി, ഓട്ടോ കിട്ടുമോ?

പ്രളയത്തിന്റെ ആറാം ദിവസം കണ്ണനും ഭാര്യ സെൽവിക്കും ആധാരം തിരികെക്കിട്ടി. മുണ്ടക്കയം കോസ്‌വേ പാലത്തിനു സമീപമാണ് ഇവരുടെ താമസം.  ആലപ്പുഴ ചേന്നങ്കരി ആര്യഭവൻ ബേബിക്കാണ് ഇന്നലെ പുഴയിൽനിന്നു ബാഗ് ലഭിച്ചത്. നെടുമുടിയിൽനിന്നു വേണാട്ട് ഭാഗത്തേക്കു വള്ളത്തിൽ പോകുന്നതിനിടെ ചേന്നങ്കരി പാലത്തിൽ ഉടക്കിയ നിലയിലാണു ബാഗ് കണ്ടതെന്നു ബേബി പറഞ്ഞു. സിഎസ്ഡിഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ.സുരേഷിന്റെ സഹായത്താൽ കണ്ണനു കൈമാറി. കറിക്കാട്ടൂർ കറിക്കാട്ടൂർ പാറക്കുഴി പി.കെ.ജോയി ഓട്ടോറിക്ഷ വർക്‌ഷോപ്പിൽ കൊടുത്തതാണ്. അവിടെനിന്ന് ഒഴുകിപ്പോയി. പുഴയൊഴുകിയ വഴിയിൽ അന്വേഷണം നടത്തുകയാണെന്ന് ജോയി പറഞ്ഞു. സാധനങ്ങൾ നഷ്ടപ്പെട്ട പലരും ഇതേ പ്രതീക്ഷയിലാണ്.

മണിമലയാറിന്റെ ചോദ്യം; മാലിന്യം ആരെടുക്കും?

അലമാരയുടെയും ബാഗിന്റെയും യാത്ര സൂചിപ്പിക്കുന്നത് മണിമലയാറിന്റെ സ്വഭാവമാറ്റമാണ്. പ്രളയത്തിൽ കലിതുള്ളിയ പുഴ വഴിയിൽ കണ്ടെതെല്ലാം വിഴുങ്ങി. നാട്ടിൽ കാണാതായതെല്ലാം ഇപ്പോൾ മണിമലയാറ്റിലുണ്ട് എന്നതാണ് അവസ്ഥ. കാർ മുതൽ വീടിന്റെ പ്രമാണം വരെ. കോട്ടയത്തുനിന്നു  കുട്ടനാട്ടിലൂടെയാണു മണിമലയാർ ഒഴുകുന്നത്.

മുണ്ടക്കയത്തുനിന്നും കാഞ്ഞിരപ്പള്ളിയിൽ നിന്നുമെല്ലാം നഷ്ടപ്പെട്ട പല സാധനങ്ങളും കുട്ടനാട്ടിൽ ലഭിക്കുന്നു. പ്രളയത്തിനു ശേഷം ആറിന്റെ ഒഴുക്കും ആഴവും ഗതിയും മാറി. പല സ്ഥലത്തും തുരുത്തുകൾ രൂപപ്പെട്ടു. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ  മിക്കയിടത്തും കെട്ടിക്കിടക്കുന്നു. ചിലയിടത്തു പുഴയുടെ ആഴം കുറഞ്ഞു. മറ്റു ചിലയിടത്തു കര പുഴയായി, പുഴ കരയും. പുഴയിൽ കിടക്കുന്ന ഈ മാലിന്യക്കൂമ്പാരം ആരു നീക്കും? ഇല്ലെങ്കിൽ അടുത്ത മഴയ്ക്കു പുഴ വീണ്ടും കരകവിയും.  മീനച്ചിലാറ്റിലും ഇതു തന്നെയാണു സ്ഥിതി.

ഇളംകാട് ഏഴേക്കർ ഭാഗത്തെ പുല്ലകയാർ. ആറ്റിൽ വലിയ കല്ലുകളും മണ്ണും നിറഞ്ഞിരിക്കുന്നു.

തുരുത്ത്,  മണൽത്തിട്ട

മണിമലയാറ്റിൽ പലയിടത്തും ഇപ്പോൾ തുരുത്തുകളുണ്ട്. ഇവയിൽ മരം മുതൽ കോൺക്രീറ്റ് വരെയുണ്ട്. കുളത്തൂർമൂഴി പാലത്തിനടിയിൽ മാലിന്യം അടിഞ്ഞു തുരുത്തായി. കൊരട്ടി പാലത്തിന്റെ തൂണുകളിൽ വലിയ മുളങ്കൂട്ടമാണുള്ളത്. ഇതുമൂലം ഒഴുക്ക് തടസ്സപ്പെട്ടു. ചെറിയ മഴയിലും ആറു കരകവിയും. അവ മുറിച്ചുമാറ്റുകയാണ് കാഞ്ഞിരപ്പള്ളി അഗ്നിരക്ഷാസേന. രണ്ടു ദിവസം മുഴുവൻ  കിണഞ്ഞു പരിശ്രമിച്ചിട്ടും ഇവയുടെ പകുതിപോലും നീക്കാൻ കഴിഞ്ഞിട്ടില്ല. പാലത്തിൽനിന്ന് അരയിൽ കയർ കെട്ടിയിറങ്ങി സാഹസികമായാണ് ഇവ മുറിച്ചു മാറ്റുന്നതെന്നു ഫയർമാൻമാരായ പി.എസ്.സനൽ, കെ.എസ്.ഷാരോൺ, സുബിൻരാജ്, ഹരി കെ.സോമൻ, ആനന്ദ് വിജയ് എന്നിവർ പറഞ്ഞു. മീനച്ചിലാറ്റിൽ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ ഇളമ്പാശേരി, പാതാമ്പുഴ എന്നിവിടങ്ങളിൽ പ്രളയം ബാക്കിവച്ചത് മണൽത്തിട്ടകളാണ്.

വെള്ളാവൂർ ഏറത്തുവടകര മുണ്ടോലിക്കടവ് പാലത്തിൽ അടിഞ്ഞ മാലിന്യങ്ങൾക്കിടയിൽ കോട്ടാങ്ങൽ കൊച്ചുമണപ്പുറത്ത് കെ.വി.വിജയന്റെ കാർ. ‘വീട്ടിൽ വെള്ളം കയറിയപ്പോൾ കാർ പാലത്തിൽ നിർത്തിയിട്ടു. പാലത്തിൽ വെള്ളം കയറുമെന്നു വിചാരിച്ചില്ല. കാർ ഉപയോഗശൂന്യമായി’– രാജപ്പൻ പറഞ്ഞു.

വഴിമാറി പുല്ലകയാർ

മണിമലയാറിന്റെ കൈവഴിയാണ് പുല്ലകയാർ. കൂട്ടിക്കൽ ഏഴേക്കർ ഭാഗത്തു പുല്ലകയാർ വഴിമാറി ഒഴുകി. വീടുകളുടെ കോൺക്രീറ്റു മേൽക്കൂരകൾ നിലത്തു മണ്ണിൽ പൊതിഞ്ഞു കിടക്കുന്നു. മരങ്ങൾക്കിടയിൽ ചളുങ്ങിയ അലമാരകൾ, മണ്ണിലമർന്ന കിടക്കകൾ, വീട്ടുപകരണങ്ങൾ എന്നിവയെല്ലാം കാണാം. അവശിഷ്ടങ്ങൾ വന്നിടിച്ച് ആറ്റുതീരത്തെ വൻമരങ്ങളുടെ തൊലി 20 അടിയോളം പൊളിഞ്ഞു.  മണിമലയാറിന്റെ തുടക്കമായ മുക്കുളം താഴെ പുഴ വഴിമാറി ഒഴുകി തുരുത്ത് രൂപപ്പെട്ടു. ഇവിടെ എങ്ങനെ താമസിക്കുമെന്നു നാട്ടുകാരൻ പുതുവേലി രാജേഷ് ചോദിക്കുന്നു.

റോഡിനു വേണം 48.7 കോടി

കൂട്ടിക്കൽ വെട്ടിക്കാനം ആറ്റോരം ഭാഗത്തെ തകർന്ന വീടുകൾ. ഇടുക്കിയിലെ കൊക്കയാർ പഞ്ചായത്തിൽ ഉൾപ്പെടുന്ന ഇവിടെ 25 വീടുകൾ തകർന്നു. ഹെലിക്യാം : രാഹുൽ പാമ്പാടി, വിഷ്വൽ കോഓർഡിനഷൻ: റിജോ ജോസഫ്∙ മനോരമ

മുണ്ടക്കയം ∙ മഴക്കെടുതിയിൽ തകർന്ന റോഡുകൾ നന്നാക്കാൻ 48.69 കോടി രൂപ വേണ്ടി വരുമെന്നു പ്രാഥമിക വിലയിരുത്തൽ. ദുരിതബാധിത മേഖലകളിലെ നടപടികൾ വിലയിരുത്താൻ മന്ത്രി വി.എൻ.വാസവന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇതു സംബന്ധിച്ച കണക്കുകൾ അവതരിപ്പിച്ചത്. 31.08 കോടി രൂപയുടെ നാശം ഈ പ്രദേശങ്ങളിലുണ്ടായി. പാലങ്ങൾ തകർന്നുമാത്രം 6.35 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. മലവെള്ളപ്പാച്ചിലിൽ നഷ്ടപ്പെട്ട രേഖകൾ വേഗത്തിൽ ലഭ്യമാക്കുന്നതിനു കലക്ടറേറ്റിൽ സംവിധാനമൊരുക്കാനും യോഗം തീരുമാനിച്ചു. വീടുകളുടെ നാശം, മറ്റു നഷ്ടങ്ങൾ എന്നിവ കണക്കാക്കി നാളെ റവന്യു വകുപ്പ് റിപ്പോർട്ട് നൽകും. കൃഷി വകുപ്പ് ഒരാഴ്ചയ്ക്കകം കണക്കെടുപ്പ് പൂർത്തീകരിക്കും.

ഒറ്റപ്പെട്ട ഗ്രാമങ്ങളിലേക്കു ഗതാഗത സൗകര്യം ഒരുക്കാനുള്ള നടപടി ആദ്യമെടുക്കും. മന്ത്രി വി.എൻ.വാസവൻ

പ്രളയത്തിൽ മീനച്ചിലാറിനും മണിമലയാറിനും സംഭവിച്ച മാറ്റം പഠിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. പ്രാഥമിക റിപ്പോർട്ട് നൽകാൻ ചീഫ് എൻജിനീയർക്കു നിർദേശം നൽകി. പുഴയിലെ മാലിന്യങ്ങളും കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും നീക്കാനും നടപടിയെടുക്കും. മന്ത്രി റോഷി അഗസ്റ്റിൻ

പുഴയിലേക്ക് എത്തുന്ന നീർച്ചാൽ മുതൽ തോടുകൾ വരെയുള്ള എല്ലാ വെള്ളച്ചാലുകളിലും ഒഴുക്കു സുഗമമാക്കണം. പ്രധാന പുഴയുടെയും തോടുകളുട‌െയും കരകളിൽ സ്വാഭാവിക പുഴയോര വനം സൃഷ്ടിക്കണം. ഡോ. പുന്നൻ കുര്യൻ വേങ്കടത്ത് ഡയറക്ടർ,ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കളോജിക്കൽ സയൻസ്, പാമ്പാടി

മലമടക്കുകളുടെ പ്രതലത്തിലുള്ള സ്വാഭാവിക നീർച്ചാലുകളിലെ ഒഴുക്കു തടസ്സപ്പെട്ടതാണു വലിയ ആഘാതം ഉണ്ടാകാൻ കാരണം.   കെ. അനിൽകുമാർ ജില്ലാ കോ ഓർഡിനേറ്റർ, നദീസംയോജന പദ്ധതി, കോട്ടയം

മണിമലയാർ ചില സ്ഥലങ്ങളിൽ ഗതിമാറി ഒഴുകി എന്നാണു പ്രാഥമിക വിലയിരുത്തൽ. ചില സ്ഥലങ്ങളിൽ വലിയ മണൽത്തിട്ടകൾ രൂപപ്പെട്ടിട്ടുണ്ട്. എന്നാൽ മീനച്ചിലാറിന്റെ ഗതിയെ പ്രളയം കാര്യമായി ബാധിച്ചിട്ടില്ല. ജോസ് ജോസഫ്ജ ലവിഭവ വകുപ്പ് അസി.എൻജിനീയർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com