ADVERTISEMENT

പാലാ ∙ മോഷണം വ്യാപകമായിട്ടും മോഷ്ടാക്കളെ പിടികൂടുന്നില്ലെന്നു ആക്ഷേപം. മാനത്തൂർ, കുറിഞ്ഞി, പിഴക് പ്രദേശങ്ങളിലാണ് അടുത്തിടെ തുടർച്ചയായി മോഷണങ്ങളും മോഷണ ശ്രമങ്ങളും‍ ഉണ്ടായത്. വേഴാങ്ങാനം മഹാദേവ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നു. ഒരു മാസം മുൻപ് മാനത്തൂർ സ്‌കൂൾ ജംക്‌ഷനിലുള്ള 2 കടകളിൽ മോഷണശ്രമം നടന്നിരുന്നു. കടകളുടെ ഷട്ടറിന്റെ താഴുകൾ തകർത്തെങ്കിലും നടുവിലുള്ള പൂട്ട് തകർക്കാൻ കഴിയാത്തതിനാൽ അകത്ത് കടക്കാൻ‍ മോഷ്ടാക്കൾക്ക് കഴിഞ്ഞില്ല. സെന്റ് ജോർജ് സ്റ്റോഴ്‌സ്, കൈപ്പനാത്ത് സ്റ്റോഴ്‌സ് എന്നിവിടങ്ങളിലാണ് മോഷണശ്രമം ഉണ്ടായത്. കുറിഞ്ഞിയിൽ ഒരു കടയുടെ പൂട്ടു തകർത്ത് 1000 രൂപ മോഷ്ടിച്ചു. സമീപമുള്ള കോഴിക്കടയിലും മോഷണം നടന്നിരുന്നു.

പിഴകിൽ ആൾത്താമസമില്ലാത്ത വീട്ടിലും ഒരു മാസം മുൻപ് മോഷണ ശ്രമം ഉണ്ടായി. മുഖംമൂടി ധരിച്ച് കമ്പിപ്പാരയുമായി വീട്ടിലെത്തിയ മോഷ്ടാക്കൾ വാതിൽ കുത്തിപ്പൊളിക്കാനും ജനൽ കമ്പികൾ വളയ്ക്കാനും ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. സിസി ടിവി ക്യാമറകൾ മുകളിലേക്കു തിരിച്ച് വച്ചശേഷമായിരുന്നു മോഷണ ശ്രമം. കുറിഞ്ഞി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും മോഷണ ശ്രമം നടന്നിരുന്നു. ക്ഷേത്രം ഓഫിസിന്റെയും ഇരുമ്പ് അലമാരയുടെയും സ്റ്റോർ മുറിയുടെയും പൂട്ട് മോഷ്ടാക്കൾ തല്ലിത്തകർത്തിരുന്നു. ജനങ്ങൾ ഭീതിയോടെയാണ് രാത്രികാലങ്ങളിൽ കഴിയുന്നത്.

പലയിടങ്ങളിലും വഴിവിളക്കുകൾ തെളിയാത്തത് മോഷ്ടാക്കൾക്ക് സഹായകമാണ്. വഴി വിളക്കുകൾ തെളിയിക്കണമെന്നും പൊലീസ് രാത്രി പരിശോധന ശക്തമാക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്. വിവിധ സ്ഥലങ്ങളിലെ വഴിവിളക്കുകൾ തെളിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും കുറിഞ്ഞി ക്ഷേത്ര പരിസരത്ത് മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് മാണി സി.കാപ്പൻ എംഎൽഎക്ക് ഡിസിസി വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം നിവേദനം നൽകി. വേഴാങ്ങാനം മഹാദേവ ക്ഷേത്രത്തിനു മുൻവശം സ്ഥാപിച്ചിരിക്കുന്ന മിനി മാസ്റ്റ് ലൈറ്റ് രണ്ടാഴ്ചയ്ക്കുള്ളിൽ തെളിക്കുമെന്ന് ജില്ല പഞ്ചായത്ത് മെംബർ രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു.

വേഴാങ്ങാനം  ക്ഷേത്രത്തിൽ മോഷണം

വേഴാങ്ങാനം ∙ മഹാദേവ ക്ഷേത്രത്തിൽ22 നു വെളുപ്പിനു മോഷണം നടന്നു. പടിഞ്ഞാറു വശത്തെ ഇരുമ്പ് ഗേറ്റും വടക്കുഭാഗത്ത് സ്റ്റോർ റൂമിന്റെ പൂട്ടും തകർത്താണ് മോഷ്ടാവ് ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചത്. നാലമ്പലത്തിനുള്ളിലെ മേശയ്ക്കുള്ളിൽ സൂക്ഷിച്ച മൂവായിരത്തോളം രൂപ നഷ്ടപ്പെട്ടു. മേൽശാന്തി ക്ഷേത്രത്തിലാണ് താമസിക്കുന്നത്.

ശബ്ദം കേട്ട് ഉറക്കമുണർന്ന മേൽശാന്തി മോഷണ വിവരം ക്ഷേത്രം ഉപദേശക സമിതി അംഗങ്ങളെ അറിയിക്കുകയായിരുന്നു. ഇതിനിടെ മോഷ്ടാവ് കടന്നു. രാത്രി തന്നെ സ്ഥലത്തെത്തിയ പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്നലെ വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ക്ഷേത്രത്തിലെ സിസി ടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു.  അന്വേഷണം ഊർജിതമാക്കിയതായി എസ്എച്ച്ഒ കെ.പി.ടോംസൺ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com