ADVERTISEMENT

തിരുവഞ്ചൂർ ∙ ‘അമ്മച്ചീ എത്ര മാർക്ക് കിട്ടും ? ഞാൻ എഴുതാനുള്ളതൊക്കെ എഴുതീട്ടുണ്ട്, നിങ്ങളറിഞ്ഞങ്ങ് മാർക്കിട്ടോ...’ – 104 വയസ്സുകാരി കുട്ടിയമ്മ കോന്തിയുടെ മറുപടി കേട്ടതോടെ കുന്നുംപുറം അങ്കണവാടിയിൽ കൂട്ടച്ചിരി. ഫലം വന്നപ്പോൾ മാർക്ക് ഇങ്ങനെ: 100ൽ 89!.അയർക്കുന്നം പഞ്ചായത്തിൽ നടത്തിയ സാക്ഷരതാ പരീക്ഷയിലാണ് തട്ടാംപറമ്പിൽ കുട്ടിയമ്മ കോന്തി (104) താരമായത്. സ്‍കൂളിൽ പോയിട്ടില്ലാത്ത അവർക്കു വായിക്കാനറിയാമെങ്കിലും എഴുത്ത് വശമില്ലായിരുന്നു. സാക്ഷരതാ പ്രേരക് രഹ്‌നയാണ് എഴുത്തു പഠിപ്പിച്ചത്. 

രാവിലെയും വൈകിട്ടും വീട്ടിൽ തന്നെയായിരുന്നു ക്ലാസ്. ജയിച്ചതോടെ 4–ാം ക്ലാസ് പരീക്ഷ എഴുതാനുള്ള യോഗ്യതയും നേടി കുട്ടിയമ്മ.പരീക്ഷ തുടങ്ങിയ ഉടൻ കുട്ടിയമ്മ മുൻകൂർ ജാമ്യമെടുത്തു– ‘വല്ലതും പറയുന്നുണ്ടെങ്കിൽ ഉറച്ചു പറഞ്ഞോണം’. അൽപം കേൾവിക്കുറവുള്ളതാണു കാരണം.‘ ഓർക്കുക, ജീവികളായ സർവ ജീവികളും ഭൂമിയുടെ അവകാശികൾ ’ എന്നു പറഞ്ഞതാര് ? ആദ്യ ചോദ്യത്തിനു തന്നെ വൈക്കം മുഹമ്മദ് ബഷീർ എന്ന ശരിയുത്തരം എഴുതിയാണ് സ്കോർ കാർഡ് തുറന്നത്. 

പാഠപുസ്‌തകത്തിലെ ഏതെങ്കിലും പാട്ടിന്റെ 4 വരി ചൊല്ലണമെന്ന ചോദ്യത്തിനു പല്ലില്ലാത്ത മോണയിൽ നിന്നു മനോഹരമായി പാട്ട് ഒഴുകിയെത്തി – ‘മാവേലി നാടു വാണീടും കാലം, മാനുഷരെല്ലാരുമൊന്നുപോലെ’... നാലുവരിക്കു പകരം പാട്ടു മുഴുവൻ പാടിയാണ് ഉത്തരം അവസാനിപ്പിച്ചത്.തട്ടാംപറമ്പിൽ പരേതനായ ടി.കെ.കോന്തിയാണ് ഭർത്താവ്. 16–ാം വയസ്സിലായിരുന്നു വിവാഹം. ആയുർവേദ കടയിൽ ജോലി നോക്കിയിരുന്ന കോന്തി 2002ൽ മരിച്ചു. ജാനകി, ഗോപാലൻ, രാജപ്പൻ, പരേതരായ ഗോപി, രവീന്ദ്രൻ എന്നിവരാണു മക്കൾ. ഗോപാലന്റെ കൂടെയാണ് കുട്ടിയമ്മയുടെ താമസം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com