ADVERTISEMENT

കോട്ടയം ∙ അതിരമ്പുഴയ്ക്കു പിന്നാലെ കോട്ടയം നഗരസഭാ ഒന്നാം വാർഡിൽ അടിച്ചിറയ്ക്കു സമീപം 5 വീടുകളിലും മോഷണശ്രമം. വീടുകളുടെ സമീപം രണ്ടോ മൂന്നോ പേരുടെ കാൽപാടുകൾ കണ്ടെത്തിയെന്നും നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടിനു ശേഷമാണു മോഷണശ്രമം നടന്നത്. ഗാന്ധിനഗർ പൊലീസ് സ്ഥലത്തെത്തി. അതിരമ്പുഴയിൽ കണ്ടെത്തിയ ആയുധ ധാരികളായ മോഷ്ടാക്കളുടെ സംഘം തന്നെയാണോ ഇതിനു പിന്നിലെന്നും അന്വേഷിക്കുന്നതായും പൊലീസ് പറഞ്ഞു. തമിഴ് മോഷണസംഘമായ കുറുവ സംഘമാണോ ഇവർ എന്ന അന്വേഷണം തുടരുകയാണ്.

മോഷ്ടാക്കളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതിനെത്തുടർന്നു കോട്ടയം നഗരസഭാ ഒന്നാം വാർഡിൽ പൊലീസും ദ്രുതകർമസേനയും ചേർന്ന് ഇന്നലെ രാത്രി ഇടറോഡുകളിൽ നടത്തിയ പരിശോധന.

ഇതിനിടെ അതിരമ്പുഴയിൽ ഒരു വീട്ടിൽക്കൂടി മോഷണശ്രമം നടന്നു. വേളാങ്കണ്ണി യാത്രയ്ക്കു ശേഷം ഇന്നലെ രാവിലെ തിരികെ എത്തിയ അതിരമ്പുഴ മറ്റംകവല കറുകച്ചേരിൽ സിബി ലൂക്കോസിന്റെ വീടിന്റെ പിൻവശത്തെ ജനൽ പൊളിച്ചു വാതിൽ തുറന്നുകിടക്കുന്നതായി കണ്ടെത്തി. ഇതോടെ അതിരമ്പുഴയിൽ മോഷണശ്രമം നടന്ന വീടുകളുടെ എണ്ണം ഏഴായി. വീട്ടിൽ നിന്ന് ഒന്നും നഷ്ടപ്പെട്ടില്ലെന്നു ഗൃഹനാഥൻ സിബി പറഞ്ഞു. കഴിഞ്ഞ ദിവസം ലഭിച്ച ദൃശ്യങ്ങളിലുള്ളവർ കുറുവ സംഘാംഗങ്ങൾ എന്ന് ഉറപ്പിക്കുന്ന തെളിവുകൾ ലഭിച്ചിട്ടില്ലെന്നു ഡിവൈഎസ്പി ജെ.സന്തോഷ് കുമാർ, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി വിദ്യാധരൻ എന്നിവർ പറഞ്ഞു. ദൃശ്യങ്ങളിൽ ഉള്ളവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. പ്രവർത്തനരീതിയുടെയും വേഷത്തിന്റെയും അടിസ്ഥാനത്തിലാണു കുറുവ സംഘമാണെന്നു സംശയിക്കുന്നത്.

ഈ മേഖലകളിൽ സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. അതിരമ്പുഴയ്ക്കു പുറമേ ഏറ്റുമാനൂർ നഗരസഭ, നീണ്ടൂർ, ആർപ്പൂക്കര, കാണക്കാരി, മണർകാട് പഞ്ചായത്തുകളിലും അതീവജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.ഇതിനിടെ ഇന്നലെ രാവിലെ അതിരമ്പുഴയിൽ കണ്ട നാടോടിസ്ത്രീകളുടെ സംഘത്തെ നാട്ടുകാർ തടഞ്ഞ് പൊലീസിൽ ഏൽപിച്ചു. നാട്ടുകാർ സംശയം പ്രകടിപ്പിച്ചതിനാൽ ഇവരെപ്പറ്റി അന്വേഷണം നടത്തിയതായും ഇവരെ വിട്ടയച്ചതായും ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ആർ.രാജേഷ് കുമാർ പറഞ്ഞു. സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തുന്ന നാടോടിസംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

അതിരമ്പുഴ മറ്റംകവല കളപ്പുരത്തട്ടേൽ വീട്ടിൽ നടന്ന മോഷണ ശ്രമത്തിനിടെ കള്ളൻമാർ പൊളിച്ച കതകിന്റെ മുകളിലെ കുറ്റി ചൂണ്ടിക്കാണിക്കുന്ന വീട്ടുടമ കെ.ജെ.ജോർജ്. ചിത്രം: മനോരമ

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com