ADVERTISEMENT

പാമ്പാടി ∙ മന്തി വി.എൻ.വാസവൻ സഞ്ചരിച്ച ഔദ്യോഗിക വാഹനത്തിൽ മിനി ലോറിയിടിച്ച് മന്ത്രിക്കും ഗൺമാനും പരുക്കേറ്റു. മന്ത്രിയുടെ ഇടതു തോളിനു ചതവേറ്റു. ഗൺമാൻ രാംദാസിനെ ഗവ.താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിലുണ്ടായിരുന്ന മന്ത്രിയുടെ ഓഫിസ് സ്റ്റാഫ് ആർ.ഗോപനും നിസ്സാര പരുക്കേറ്റു. ഡ്രൈവർ സുരേഷ് പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

ലോറി ഡ്രൈവർ മുണ്ടക്കയം വേലനിലം പീടികപ്പറമ്പിൽ പി.വി.ബിനോയിക്കെതിരെ (43) പൊലീസ് കേസെടുത്തു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ദേശീയപാതയിൽ 9–ാം മൈൽ ജംക്‌ഷനിലായിരുന്നു അപകടം. ബയോ മെഡിക്കൽ മാലിന്യം ശേഖരിക്കുന്ന ലോറി വന്നിടിച്ചതോടെ മന്ത്രിയുടെ വാഹനത്തിന്റെ മുൻഭാഗം പൂർണമായി തകർന്നു. ഇരു വാഹനങ്ങളുടെയും ടയറുകൾ ഇടിയുടെ ആഘാതത്തിൽ പൊട്ടി. ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതക്കുരുക്കുണ്ടായി.

മകൾ ഡോ. ഹിമ വീട്ടിലുണ്ടായിരുന്നതിനാൽ മന്ത്രി സ്വകാര്യ വാഹനത്തിൽ വീട്ടിലെത്തി പ്രഥമ ശുശ്രൂഷ തേടി. മെ‍ഡിക്കൽ കോളജ് ആശുപത്രി ആർഎംഒ ഡോ. രഞ്ജിന്റെ നേതൃത്വത്തിൽ ഡോക്ടർമാരുടെ സംഘവും വീട്ടിലെത്തി പരിശോധിച്ചു. ‌ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ, എഎസ്പി എസ്.സുരേഷ് കുമാർ, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എൻ.ബാബുക്കുട്ടൻ, സ്റ്റേഷൻ ഹൗസ് ഓഫിസർ യു.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ അപകട സ്ഥലം സന്ദർശിച്ചു. 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com