ചങ്ങനാശേരി ∙ മാടപ്പള്ളി പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി ഓഫിസിൽ ഫയലുകൾക്കിടയിൽ മൂർഖൻ പാമ്പ്. ജീവനക്കാരൻ ഫയലുകൾ എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ അനക്കം കേട്ട് പരിശോധിച്ചപ്പോഴാണ് പാമ്പിനെ കണ്ടത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. പഞ്ചായത്ത് ഓഫിസിനോടു ചേർന്നുള്ള എൻആർഇജി ഓഫിസിലെ ഫയലുകൾക്കിടയിലാണു പാമ്പിനെ കണ്ടത്.
ഇതോടെ ജീവനക്കാർ പരിഭ്രാന്തിയിലായി. ജനപ്രതിനിധികളായ നൗഫിൽ, ബിൻസൻ എന്നിവർ വിവരം അറിയിച്ചതിനെത്തുടർന്ന്, വനം വകുപ്പിന്റെ അംഗീകൃത റെസ്ക്യൂവർ കൂടിയായ സിപിഒ മുഹമ്മദ് ഷെബിൻ എത്തി പാമ്പിനെ പിടികൂടി. പിന്നീട് വനംവകുപ്പ് പാറമ്പുഴ ഓഫിസിലേക്ക് പാമ്പിനെ കൈമാറി.