ADVERTISEMENT

കറുകച്ചാൽ ∙ 18 കിലോമീറ്ററിനുള്ളിൽ 18 സ്ഥലത്തു നടുവൊടിക്കുന്ന അപകടക്കുഴികൾ. കുഴികളുടെ എണ്ണം എടുത്താൽ 100 കടക്കും. ബിഎം ആൻഡ് ബിസിയിൽ നവീകരിച്ചിരുന്നെങ്കിലും ചുരുങ്ങിയ കാലം കൊണ്ടു തകർന്നതോടെ അവശേഷിക്കുന്നതു കുണ്ടും കുഴിയും മാത്രം.ഉന്നതനിലവാരത്തിൽ നിർമിച്ച കറുകച്ചാൽ-മണിമല റോഡിന്റെ അവസ്ഥയാണിത്. പലയിടത്തും മെറ്റലും ചരലും റോഡിൽ നിരന്നുകിടക്കാൻ തുടങ്ങിയിട്ടു മാസങ്ങളായി.

കോവേലിയിൽ പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴി.

അധികൃതർ അറിയാൻ

ടാറിങ് തകർന്ന കോവേലി വളവ്. കുഴികൾ ഒഴിവാക്കാൻ തെറ്റായ ദിശയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളും കാണാം.

∙ കറുകച്ചാൽ-മണിമല റോഡിന്റെ ആരംഭം മുതൽ അവസാനം വരെയുള്ള ഭാഗത്തു പ്രധാനമായും തകർന്ന സ്ഥലങ്ങൾ ഇവ:

1. മൂങ്ങാനി വളവ്

2. കോത്തലപ്പടി ഗവ. എൽപി സ്കൂൾ

3. കടയനിക്കാട് ധർമ ശാസ്താ ക്ഷേത്രം റോഡിന് സമീപം

4. കടയനിക്കാട് കവലയ്ക്ക് സമീപം കൊടും വളവ്

5. ഇടയിരിക്കപ്പുഴ കവല

6. ഇടയിരിക്കപ്പുഴ വായനശാലയുടെ മുൻഭാഗം

7. മൂക്കൻപാറ

8. പ്ലാക്കൽപടി

9. കങ്ങഴ പഞ്ചായത്ത് പടി

10. പത്തനാട് എംഎസ്എസിനു സമീപം

11. നെടുമണ്ണി സർവീസ് സ്റ്റേഷനു സമീപം

12. നെടുമണ്ണിക്കും ശാസ്താംകാവിനും ഇടയിൽ (അപകടകരമായ ഒട്ടേറെ കുഴികൾ)

13. കോവേലിക്കു സമീപത്തെ വളവ്

14. കോവേലിക്കും ശാസ്താംകാവിനും ഇടയിൽ

15. കോവേലി

16. നെടുംകുന്നം ഗവ. സ്കൂളിനു സമീപം‍

17. മഠത്തുംപടി വളവ്

18. കറുകച്ചാൽ

ടാറിങ് തകർന്നു ഗർത്തം രൂപപ്പെട്ട നെടുമണ്ണി സർവീസ് സ്റ്റേഷനു സമീപത്തെ വളവ്.

റോഡ് തകരാൻ പ്രധാന കാരണം പൈപ്പ് പൊട്ടൽ

∙ ജല അതോറിറ്റിയുടെ കാലഹരണപ്പെട്ട കുടിവെള്ള വിതരണ പൈപ്പുകൾ പൊട്ടി ടാറിങ് തകർന്നതാണു റോഡിൽ കുഴികൾ ഉണ്ടാകാനുള്ള പ്രധാന കാരണം. റോഡിന്റെ അശാസ്ത്രീയ നിർമാണവും‍ ഓടകൾ ഇല്ലാത്തതു മൂലം മഴവെള്ളം റോഡിലൂടെ കുത്തിയൊഴുകുന്നതും അമിത ലോഡുമായുള്ള ടോറസ് ലോറികളുടെ സഞ്ചാരവുമാണു റോഡ് തകർച്ചയുടെ മറ്റു കാരണങ്ങൾ.

നെടുമണ്ണിക്കും ശാസ്താംകാവിനും ഇടയിൽ റോഡിൽ കുഴികൾ രൂപപ്പെട്ട നിലയിൽ.

കാലഹരണപ്പെട്ട പൈപ്പുകൾ മാറ്റിയില്ല

കടയനിക്കാട് കവലയ്ക്കു സമീപം വളവിൽ ടാറിങ് തകർന്ന രൂപപ്പെട്ട കുഴികൾ.

∙ റോഡിനടിയിലെ കാലപ്പഴക്കം ചെന്ന പൈപ്പുകൾ പുനഃസ്ഥാപിക്കാതെ പുനർനിർമാണം നടത്തിയതാണു നിലവിലെ പ്രശ്‌നം. പതിറ്റാണ്ടുകൾക്കു മുൻപു സ്ഥാപിച്ച പൈപ്പുകളിലൂടെയാണ് ഇന്നും ജലവിതരണവകുപ്പ് കുടിവെള്ള വിതരണം നടത്തുന്നത്. കറുകച്ചാൽ-മണിമല റോഡിന്റെ അടിയിലൂടെയാണു പ്രധാന വിതരണക്കുഴൽ കടന്നുപോകുന്നത്. 

പ്ലാക്കൽപടി ഭാഗത്തു റോഡ് തകർന്ന നിലയിൽ.

കാലപ്പഴക്കത്താൽ ഈ പൈപ്പുകൾക്കു കേടുപാടുകളുണ്ടായി. ഇതിനു പുറമേ റോഡ് നിർമാണത്തിനിടയിലും പല സ്ഥലങ്ങളിലും പൈപ്പുകൾക്കു കേടുപാടുകളുണ്ടായി.  പഴയ പൈപ്പുകൾ പുനഃസ്ഥാപിക്കാതെ റോഡ് ടാർ ചെയ്തു. പൈപ്പിൽ എപ്പോൾ വെള്ളം വന്നാലും റോഡ് തകരുന്ന സ്ഥിതിയാണിപ്പോൾ. ഓടയില്ലാത്തതും മറ്റൊരു പ്രശ്‌നമാണ്. 

മഴക്കാലത്തു മാസങ്ങളോളം വെള്ളം റോഡിലൂടെ നിരന്നൊഴുകുകയാണു പതിവ്. ഇതോടെ ടാറിങ് പൊട്ടിപ്പൊളിയുകയാണു പതിവ്. കഴിഞ്ഞ 6 മാസത്തിനിടയിൽ ഒട്ടേറെ പേരാണ് അപകടത്തിൽപെട്ടത്.

ജനം പ്രതിഷേധിച്ചിട്ടും നന്നാക്കാൻ നടപടിയില്ല 

ടാറിങ് തകർന്ന ഇടയിരിക്കപ്പുഴ കവല.

∙ വാഹനങ്ങൾ കയറിയിറങ്ങുന്നതോടെ കുഴിയുടെ എണ്ണവും ആഴവും കൂടിവരികയാണ്. ഇരുചക്രവാഹനങ്ങളടക്കം കുഴികളിൽ തെന്നി അപകടത്തിൽ പെടുന്നതും പതിവാണ്. ഓടകൾ ഇല്ലാത്തതിനാൽ മഴവെള്ളം റോഡിലൂടെ നിരന്നാണ് ഒഴുകുന്നത്. ഇടയിരിക്കപ്പുഴ കവലയിൽ റോഡിന്റെ മധ്യഭാഗം പൂർണമായി പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. കോവേലി ഭാഗത്തു റോഡിന്റെ ഒരു വശം ഇരുപതടിയോളം പൂർണമായി തകർന്നു. ശാസ്താംകാവിനും കോവേലിക്കുമിടയിൽ വളവിൽ പൈപ്പ് പൊട്ടി ഒരുഭാഗം തകർന്നിട്ടു മാസങ്ങളായി. നെടുമണ്ണി വളവിലടക്കം പൈപ്പ് പൊട്ടി ടാറിങ് പൂർണമായി നശിച്ചു. കുഴികളിൽ വാഴ നട്ടും ടാർ വീപ്പകൾ സ്ഥാപിച്ചും നാട്ടുകാർ പലവട്ടം പ്രതിഷേധിച്ചിട്ടും നടപടിയുണ്ടായില്ല. കറുകച്ചാൽ ടൗണിൽ മണിമല റോഡിന്റെ ആരംഭത്തിൽ പൈപ്പ് പൊട്ടി റോഡിൽ കുഴി രൂപപ്പെട്ടിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com