ADVERTISEMENT

കോട്ടയം ∙ ജില്ലയിൽ ഹിന്ദു സമുദായാംഗങ്ങളുടെ പിന്തുണ നേടാൻ ശ്രമിക്കുമെന്ന സിപിഎം ജില്ലാ സമ്മേളന റിപ്പോർട്ടിലെ പരാമർശത്തെച്ചൊല്ലി പ്രതിനിധി സമ്മേളനത്തിൽ വിമർശനം. ഒരു വിഭാഗം പ്രതിനിധികൾ ഇതിനെ എതിർത്തു. ഈ നീക്കം സിപിഎമ്മിന്റെ മതനിരപേക്ഷതയ്ക്ക് എതിരാണെന്നും പ്രതിനിധികൾ പറഞ്ഞു. പിഴവു തിരുത്തുമെന്നു ജില്ലാ സെക്രട്ടറി എ.വി. റസൽ അറിയിച്ചു. അതേസമയം ഹിന്ദു സമുദായാംഗങ്ങളുടെ പിന്തുണ ആർജിക്കുകയെന്നത് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനമാണെന്നു ജില്ലാ നേതൃത്വം വിശദീകരിച്ചു. ബിജെപിയുടെ വളർച്ച തടയാൻ ഇതാവശ്യമാണെന്നും പറഞ്ഞു. കെ റെയിലിന് പിന്തുണ നൽകിയെങ്കിലും ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ നടപടി വേണമെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടു. കഴിഞ്ഞ മന്ത്രിസഭയിലെ മികവുള്ള മന്ത്രിമാരെ തുടരാൻ അനുവദിക്കാമായിരുന്നുവെന്നും അഭിപ്രായം ഉയർന്നു. ജില്ലയിൽ സിപിഎമ്മിന് പലപ്പോഴും ഘടകകക്ഷികളെ ഒരുമിപ്പിച്ചു കൊണ്ടുപോകാൻ സാധിക്കുന്നില്ല. 

പൊലീസ് നയത്തിലും വിമർശനം ഉയർന്നു. പൊലീസിൽ താക്കോൽ സ്ഥാനത്ത് പലയിടത്തും കോൺഗ്രസ് യൂണിയനുകളിൽ പെട്ടവരാണെന്നും പ്രതിനിധികൾ പറഞ്ഞു. ലക്ഷങ്ങളുടെ അഴിമതി നടത്തിയ ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ നടപടി സ്വീകരിക്കാത്തതിലും വിമർശനം ഉയർന്നു.  അഴിമതികൾ പാർട്ടി കമ്മിഷൻ അന്വേഷിച്ച് റിപ്പോർട്ട് തയാറാക്കിയാൽ മാത്രം പോര, നടപടി ഉണ്ടാകണം– ഏറ്റുമാനൂർ ഏരിയയിൽ നിന്നുള്ള പ്രതിനിധികൾ തുറന്നടിച്ചു. പ്രസിഡന്റായിരുന്ന നേതാവിനെതിരെ നടപടി വേണമെന്നാണ് ആവശ്യം. 

കഥകളി അരങ്ങേറി

സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി  കീചകവധം കഥകളി അവതരിപ്പിച്ചു. കഥയിലെ മല്ലയുദ്ധം ഭാഗമാണ് അവതരിപ്പിച്ചത്. അമ്പലപ്പുഴ സന്ദർശൻ കഥകളി വിദ്യാലയമായിരുന്നു അവതരണം. മല്ലനായി കോട്ടയ്ക്കൽ ദേവദാസും വലലനായി കലാമണ്ഡലം ഹരി ആർ. നായരും  അരങ്ങിൽ എത്തി. കലാമണ്ഡലം വിഷ്ണു, കലാമണ്ഡലം കൃഷ്ണകുമാർ ( സംഗീതം ), കലാമണ്ഡലം വേണു മോഹൻ, കലാമണ്ഡലം രവിശങ്കർ (ചെണ്ട),ആർ.എൽ.വി. സുദേവ് വർമ, കലാമണ്ഡലം ശ്രീഹരി ( മദ്ദളം ) എന്നിവർ പക്കമേളം ഒരുക്കി.

സിപിഐക്കെതിരെ വിമർശനം

നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ നിയോജക മണ്ഡലത്തിൽ ഇടതുസ്ഥാനാർഥി പരാജയപ്പെടാൻ കാരണം സിപിഐയുടെ നിലപാടും സഹകരണമില്ലായ്മയുമെന്ന് സിപിഎം സമ്മേളത്തിൽ വിമർശനം. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ എൽഡിഎഫിനെ ജയിപ്പിക്കാൻ സിപിഐ സഹകരിച്ചില്ലെന്നും സംഘടനാ റിപ്പോർട്ടിൽ വിമർശനമുണ്ട്. ജില്ലാ സമ്മേളനത്തിൽ രണ്ടു ദിവസം നടന്ന ചർച്ചയിലും നേതൃത്വവും പ്രതിനിധികളും സിപിഐക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു.  കേരള കോൺഗ്രസ് (എം) എൽഡിഎഫിൽ ചേരുന്ന വേളയിലും കാഞ്ഞിരപ്പള്ളി സീറ്റ് കേരള കോൺഗ്രസിന് വിട്ടുനൽകിയപ്പോഴും സിപിഐ എതിർത്തിരുന്നു. പ്രാദേശിക നേതൃത്വത്തിന്റെ എതിർപ്പ് മറികടന്ന് സിപിഐ സംസ്ഥാന നേതൃത്വമാണ് ഒടുവിൽ കാഞ്ഞിരപ്പള്ളി സീറ്റ് കേരള കോൺഗ്രസിനു നൽകാൻ തീരുമാനമെടുത്തത്.

തദ്ദേശ തിരഞ്ഞെടുപ്പിലും കേരള കോൺഗ്രസും  സിപിഐയുമായി തർക്കമുണ്ടായി.  കേരള കോൺഗ്രസ് (എം) സ്ഥാനാർഥി എൻ. ജയരാജാണ് കാഞ്ഞിരപ്പള്ളിയിൽ മത്സരിച്ചത്. ഇവിടെ പ്രചാരണത്തിന് സിപിഐ സഹകരിച്ചില്ലെന്നാണ് പ്രതിനിധികളുടെ വിമർശനം.  കേരള കോൺഗ്രസിനെ (എം) അംഗീകരിക്കാൻ സിപിഐ തയാറാകുന്നില്ല. എൽഡിഎഫിൽ തങ്ങളുടെ രണ്ടാം കക്ഷി പദവി നഷ്ടപ്പെടുമെന്നാണ് സിപിഐയുടെ ഭയം. പാലാ, പൂഞ്ഞാർ ഏരിയ കമ്മിറ്റികളിലെ പ്രതിനിധികളാണ് വിമർശനം ഉന്നയിച്ചത്. പല സാഹചര്യത്തിലും മുന്നണി മര്യാദ പാലിക്കാതെ സിപിഐ പെരുമാറിയെന്നു സംഘടനാ റിപ്പോർട്ടിലും വിമർശനമുണ്ട്.

പൊതുസമ്മേളനം ഒഴിവാക്കി

സിപിഎം ജില്ലാ സമ്മേളനം ഇന്നു സമാപിക്കും. കോവിഡ് നിയന്ത്രണത്തെത്തുടർന്ന് പൊതുസമ്മേളനം ഒഴിവാക്കിയതായി സംഘാടക സമിതി ചെയർമാൻ കെ. സുരേഷ് കുറുപ്പ് അറിയിച്ചു.  സമാപന സമ്മേളന വേദി തിരുനക്കര മൈതാനത്തു നിന്നു മാമ്മൻ മാപ്പിള ഹാളിലേക്കു മാറ്റി. എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.  സമാപന സമ്മേളനത്തിൽ ഓൺലൈനായി പങ്കെടുക്കാൻ അവസരമൊരുക്കും. ജില്ലാ സെക്രട്ടറി, ജില്ലാ കമ്മിറ്റി, ജില്ലാ സെക്രട്ടേറിയറ്റ്, സംസ്ഥാന സമ്മേളന പ്രതിനിധികൾ എന്നിവരെ ഇന്നു തിരഞ്ഞെടുക്കും. പ്രതിനിധികളുടെ ചർച്ച ഇന്നലെ പൂർത്തിയായി. പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള, എ. വിജയരാഘവൻ, ജില്ലാ സെക്രട്ടറി എ.വി. റസൽ എന്നിവർ ചർച്ചയ്ക്കു മറുപടി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com