ADVERTISEMENT

ഏറ്റുമാനൂർ∙ പുനരധിവാസം ഉറപ്പാക്കാതെ വയോധികരെ താമസസ്ഥലത്തുനിന്നു ഒഴിപ്പിക്കാൻ റവന്യു വകുപ്പിന്റെ നീക്കം. പട്ടിത്താനം – മണർകാട് ബൈപാസ് നിർമാണവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുപ്പ് നേരിടുന്ന ഏറ്റുമാനൂർ കിഴക്കേനട ഹരിശ്രീയിൽ ടി.പി.രാജു (68), സി.ജി.വിജയമ്മ (63) ദമ്പതികളോടാണ് ഡിസംബർ 20നു അകം വീടും സ്ഥലവും ഒഴിയണമെന്ന് ആവശ്യപ്പെട്ട് സ്ഥലം ഏറ്റെടുക്കൽ തഹസിൽദാർ കത്തു നൽകിയത്. ഇതോടെ ഇവർ വീടുവിട്ട് തെരുവിലേക്കു ഇറങ്ങേണ്ട അവസ്ഥയിലായി.   

വീടും സ്ഥലവും പൂർണമായും നഷ്ടപ്പെടുന്ന ഈ കുടുംബത്തിനു 2019ൽ പുനരധിവാസ പാക്കേജ് നൽകി ബൈപാസ് നിർമാണം വേഗം പൂർത്തിയാക്കാൻ സാമൂഹികാഘാത പഠന റിപ്പോർട്ടിൽ നിർദേശമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ദമ്പതികളെ പുനരധിവസിപ്പിക്കണമെന്നും നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്നും അന്നത്തെ ജില്ലാ കലക്ടറായിരുന്നു പി.കെ.സുധീർ ബാബു നിർദേശിച്ചിരുന്നു.  

സ്ഥലത്തിന്റെ വില തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിലും എന്നാൽ അധികൃതരുടെ വാക്കാലുള്ള ഉറപ്പിൽ കോടതിയിലെ കേസ് ഇവർ പിൻവലിച്ചു. സ്ഥലം ഏറ്റെടുക്കുന്നതിനു മുൻപേ 2020ൽ രാജുവിന്റെ സ്ഥലത്തെ മതിൽ പൊളിച്ച് വാടകയ്ക്കു നൽകാൻ സൂക്ഷിച്ചിരുന്ന പന്തൽ സാമഗ്രികളുടെ മുകളിലേക്കു കല്ലും മണ്ണും കോരിയിടുകയും ബാക്കി അവശിഷ്ടങ്ങൾ കിണറ്റിൽ തള്ളുകയും ചെയ്തിരുന്നു. ഇതോടെ ലക്ഷങ്ങളുടെ നഷ്ടമാണു രാജുവിനുണ്ടായത്. ഇതര സംസ്ഥാന തൊഴിലാളികൾക്കു സ്ഥലം തെറ്റിപ്പോയി എന്നാണു പിഡബ്ല്യുഡി അധികൃതർ വാദിച്ചത്. 

അന്നത്തെ എംഎൽഎ കെ. സുരേഷ് കുറുപ്പും പൊതുമരാമത്ത് എൻജിനീയർമാരും സ്ഥലം സന്ദർശിച്ച ശേഷം മതിൽ കെട്ടി നൽകുമെന്നും നഷ്ടപരിഹാരം നൽകാമെന്നു പറഞ്ഞെങ്കിലും നാളിതുവരെ പൊതുമരാമത്ത് വകുപ്പ് വാക്ക് പാലിച്ചില്ലെന്നും രാജു പറഞ്ഞു. തങ്ങൾക്കു പുനരധിവാസം അനുവദിക്കാതെ വീട്ടിൽനിന്ന് ഇറക്കിയാൽ ആത്മഹത്യ അല്ലാതെ മറ്റു വഴിയില്ലെന്നും രാജു പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com