ADVERTISEMENT

ചിറക്കടവ് ∙ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്നു വൈകിട്ട് കൊടിയേറും. 5ന് വിഴിക്കിത്തോട് ചിറ്റടി കുടുംബത്തിൽ നിന്ന് കൊടിക്കൂറയും കൊടിക്കയറും സമർപ്പിക്കും. ദീപാരാധനയ്ക്ക് ശേഷമാണ് കൊടിയേറ്റ്. തന്ത്രി താഴമൺമഠം കണ്ഠര് മോഹനര്, മേൽശാന്തി പെരുനാട്ട് ഇല്ലം വിനോദ് നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കും.

മരവഞ്ചിയിൽ കാണിക്കയർപ്പിക്കാം

ചിറക്കടവ് മഹാദേവന് ആദ്യം കാണിക്ക അർപ്പണം നടത്തിയിരുന്ന മരവഞ്ചിയിൽ കാണിക്ക ഇത്തവണയും അർപ്പിക്കാം. 3 വർഷം മുൻപാണ് കാലഹരണപ്പെട്ട മരവഞ്ചി പുനർ നിർമിച്ചത്. നവീകരിച്ചു പുന:സ്ഥാപിച്ച മരവഞ്ചി ഇത്തവണയും ഉത്സവത്തിന് ഭക്തർക്ക് കാണിക്ക അർപ്പിക്കാനായി കൊടിമരത്തിനു സമീപം സ്ഥാപിക്കും. നിലവിൽ ഒരു ക്ഷേത്രത്തിൽ പോലും മരവഞ്ചികൾ ഇല്ല. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലെ ക്ഷേത്രങ്ങളിൽ ഇതാദ്യമായാണ് കാണിക്ക സ്വീകരിക്കാനായി മരവഞ്ചി ഒരുക്കിയത് ചിറക്കടവ് മഹാദേവ ക്ഷേത്രത്തിലാണ്.

മരവഞ്ചി വീണ്ടുമെത്തിയത് ഇങ്ങനെ

ബിസി 800-820 കാലഘട്ടത്തിൽ ആഴ്‌വാർ വംശ ആധിപത്യകാലത്ത് ‌ ചന്ദ്രശേഖര ആഴ്‌വാറാണ് ക്ഷേത്രം നിർമിച്ചതെന്നു കരുതപ്പെടുന്നു. ക്ഷേത്രത്തിന്റെ സ്ഥാവര വസ്തുക്കളിൽ ഉൾപ്പെട്ടു നാശോന്മുഖമായ അവസ്ഥയിൽ കിടന്നിരുന്ന മരവഞ്ചി, ക്ഷേത്രത്തിലെ സാമഗ്രികൾ കൈമാറുന്നതിന് ഇടയിലാണ് ദേവസ്വം അധികൃതരുടെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് ക്ഷേത്രത്തിൽ ശിൽപ നിർമാണത്തിന് എത്തിയ ചിറക്കടവ് സ്വദേശി ജയൻ ഏന്തയാറിനെ വഞ്ചി പുനർനിർമിക്കാൻ ഏൽപിച്ചു.‌ 

50,000 രൂപ ചെലവഴിച്ച് കേടുപാടുകൾ തീർത്ത് പുതിയ കൊത്തുപണിയോടെയാണു മരവഞ്ചി നവീകരിച്ചത്.കേടുപാടുകളില്ലാത്ത വരിക്ക പ്ലാവിന്റെ കാതലുള്ള ഒറ്റത്തടിയിലാണ് മരവഞ്ചി നിർമിക്കുന്നത്.ആറടി നീളത്തിൽ ഒന്നരയടി വീതിയിൽ ഒന്നരടി പൊക്കമുണ്ട്. രാജവംശത്തിന്റെ മുദ്രയായ ശംഖ് ഒരു തലയ്ക്കലും ചക്രം മറുതലയ്ക്കലും ആലേഖനം ചെയ്തിട്ടുണ്ട്. ഇതിന് നടുവിലായി നാണയങ്ങൾ നിക്ഷേപിക്കുന്നതിനുള്ള ദ്വാരം നിർമിച്ചിട്ടുണ്ട്. 

സംഗീത നിശ

ചിറക്കടവ് മഹാദേവ ക്ഷേത്രത്തിലെ കൊടിയേറ്റിന് ശേഷം 8ന് ഡോ. വൈക്കം വിജയലക്ഷ്മിയുടെ സംഗീത നിശ നടത്തും. ഗായത്രി വീണ, വായ്പാട്ട്, ലളിതഗാനം എന്നിവ കോർത്തിണക്കിയ പരിപാടിയാണ്. സോപാന സംഗീതജ്ഞനും വാദ്യകലാകാരനുമായിരുന്ന ചിറക്കടവ് ബേബി എം.മാരാരുടെ സ്മരണയ്ക്കായി സ്ഥാപിച്ച സോപാനം സാംസ്കാരിക കേന്ദ്രമാണ് പരിപാടി ഒരുക്കുന്നത്. നാഗസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ, സംഗീതജ്ഞൻ കെപിഎസി രവി എന്നിവരെ ചടങ്ങിൽ ആദരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com