ADVERTISEMENT

കോട്ടയം ∙ ജില്ലയിൽ പരിശോധിക്കുന്ന അഞ്ചിൽ രണ്ടു പേർക്കു കോവിഡ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിനടുത്ത്. 135 ദിവസത്തിനു ശേഷം ജില്ലയിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം വീണ്ടും 2000 കടന്നു. ഇന്നലെ 2333 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ടിപിആർ 39.05 ശതമാനം. ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 9,923ൽ എത്തി.

ഒരാഴ്ചയ്ക്കുള്ളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ഇരട്ടിയിൽ അധികമായി.കഴിഞ്ഞ സെപ്റ്റംബറിലാണ് ഇതിനു മുൻപു കോവിഡ് പ്രതിദിന കേസുകൾ 2000 കടന്നത്. അന്നു പക്ഷേ, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.03% മാത്രമായിരുന്നു. കോവിഡ് വർധനയുടെ നിരക്ക് ഉയരുമ്പോഴും പരിശോധനകളുടെ എണ്ണത്തിൽ ജില്ലയിൽ വർധനയില്ല. ജില്ലയിൽ പ്രതിദിനം ശരാശരി 5000 പരിശോധനകളാണു നടക്കുന്നത്.

85 ശതമാനം കടന്ന് കുട്ടികളുടെ വാക്സിനേഷൻ

ജില്ലയിൽ കുട്ടികളുടെ വാക്സീൻ വിതരണം 86.21 ശതമാനത്തിൽ എത്തി. 15–18 വയസ്സിന് ഇടയിലുള്ള 73,627 കുട്ടികൾ ഇതുവരെ സ്വീകരിച്ചു. ഇന്നലെ 2,851 കുട്ടികൾ വാക്സീനെടുത്തു. 18 വയസ്സിനു മുകളിലുള്ളവരിൽ 99.07% പേർ‌ ഒന്നാം ഡോസ് സ്വീകരിച്ചതായാണു ജില്ലാ മെഡിക്കൽ ഓഫിസിന്റെ കണക്ക്. 15.48 ലക്ഷം പേർ ഒന്നാം ഡോസ് സ്വീകരിച്ചു. ഇതിൽ 13.12 ലക്ഷം പേർ രണ്ടു ഡോസും എടുത്തു. 19,109 പേരാണു കരുതൽ ഡോസ് സ്വീകരിച്ചത്. ജില്ലയിൽ ഇന്ന് 74 കേന്ദ്രങ്ങളിൽ വാക്സീൻ നൽകും. 13 കേന്ദ്രങ്ങളിൽ കുട്ടികൾക്കും 61 കേന്ദ്രങ്ങളിൽ മുതിർന്നവർക്കുമാണു നൽകുന്നത്. അർഹരായവർക്കു കേന്ദ്രങ്ങളിൽ നേരിട്ടെത്തി സ്വീകരിക്കാമെന്നു കലക്ടർ അറിയിച്ചു.

500 കുട്ടികളിൽ കൂടുതലുള്ള സ്കൂളുകളിൽ വാക്സീൻ നൽകാൻ നിർദേശമുണ്ട്. എന്നാൽ ജില്ലയിൽ ഒരു സ്കൂളിൽ പോലും വാക്സീൻ സ്വീകരിക്കാനുള്ള കുട്ടികളുടെ എണ്ണം 500നു മുകളിലില്ല. 200–300 കുട്ടികൾ ഉള്ള സ്കൂളുകളിലും നേരിട്ടെത്തി വാക്സീൻ നൽകാൻ നിർദേശിച്ചിട്ടുണ്ട്. ഇന്നു സ്കൂളുകളിൽ വിതരണം ആരംഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com